mummy-ai-generated-image

AI Generated Image

TOPICS COVERED

വര്‍ഷങ്ങള്‍ പഴക്കമുള്ള മമ്മികള്‍, അതായത് പുരാതന ഈജിപ്തിലെ ഫറവോമാരുടെ മൃതദേഹങ്ങള്‍. ആ മൃതദേഹം നേരിട്ടുകാണുമ്പോളുണ്ടാകുന്ന അവസ്ഥ എങ്ങനെയായിരിക്കും. എന്തായിരിക്കും ആ ഗന്ധം എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഈജിപ്തില്‍ നിന്നു കണ്ടെത്തിയ മമ്മികള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷവും സുഗന്ധം പുറപ്പെടുവിക്കുന്നതായാണ് പുതിയ പഠനം. 5000 വര്‍ഷങ്ങള്‍ പഴക്കമുള്ള മമ്മികളില്‍ നിന്നു പോലും സുഗന്ധം പുറത്തുവരുന്നതായാണ് ഗവേഷകര്‍ പറയുന്നത്. ഒൻപത് മമ്മികളെ പരിശോധിച്ച ഗവേഷകർ അവയു‍ടെ ഗന്ധത്തിന്‍റെ തീവ്രത വ്യത്യസ്തമാണെങ്കിലും തികച്ചും ‘സ്പൈസി’ ആയ ‘സ്വീറ്റായ’ ഗന്ധമാണ് ലഭിച്ചതെന്ന് അവകാശപ്പെടുന്നു. ALSO READ: രാജാക്കാന്മാരുടെ താഴ്‌വരയില്‍ വീണ്ടുമൊരു രാജകീയ കല്ലറ! മറനീക്കി തുത്മോസ് രണ്ടാമന്‍റെ ശവകുടീരം...

ഒരു മനുഷ്യശരീരത്തെ 'മമ്മി'യാക്കുന്ന പ്രക്രിയയെയാണ് ‘മമ്മിഫിക്കേഷൻ’ എന്ന് അറിയപ്പെടുന്നത്. മരണാനന്തര ജീവിതത്തിലെ ഈജിപ്തുകാരുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രക്രിയ നടത്തിയിരുന്നത്. ഈ പ്രക്രിയയില്‍ ഫറവോമാരുടെ മൃതദേഹം സുഗന്ധങ്ങൾ കൊണ്ട് പൊതിയുമായിരുന്നു. ഇതിനായി വ്യത്യസ്ത തരത്തിലുള്ള എണ്ണകൾ, മെഴുക്, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കാറുണ്ട്. പുരാതന ഈജിപ്തില്‍ സാമൂഹികവും മതപരവുമായ ആചാരങ്ങൾക്ക് ‘സുഗന്ധം’ അനിവാര്യമായിരുന്നുവെന്ന് ഗവേഷണങ്ങളിലും പറയുന്നുണ്ട്.

ഇത്തരത്തില്‍ ഫറവോമാരുടെ ശരീരത്തെ പൊതി​ഞ്ഞ സുഗന്ധങ്ങളുടെ ശക്തി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിപ്പറവും കുറഞ്ഞ​ിട്ടില്ലെന്ന് പഠനം പറയുന്നു. ഈ ഗന്ധങ്ങളിലൂടെ അടക്കം ചെയ്തിരിക്കുന്ന മൃതദേഹം സമൂഹത്തിലെ ഏത് വിഭാഗത്തില്‍പ്പെട്ട ആളുടേതായിരിക്കാം എന്ന് തിരിച്ചറിയാമെന്നും പഠനത്തിലുണ്ട്. ചില മമ്മികളില്‍ നിന്നും എംബാമിങിന് ഉപയോഗിക്കുന്ന മൃഗക്കൊഴുപ്പ് വിഘടിപ്പിക്കുന്ന ദുര്‍ഗന്ധവും പുറത്തുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരം അഴുകാന്‍ തുടങ്ങുന്നതിന്‍റെ സൂചനയായിരിക്കാം. ഇത്തരത്തില്‍ ഗന്ധം, അവയുടെ തീവ്രത എന്നിവ തിരിച്ചറിയുന്നതുവഴി മമ്മികള്‍ കൂടുതല്‍ ഫലപ്രദമായി സംരക്ഷിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. 

എന്നിരുന്നാലും മമ്മികളില്‍ നിന്നും പുറത്തുവരുന്ന ഈ ഗന്ധങ്ങളുടെ രാസഘടന തിരിച്ചറിഞ്ഞ് മറ്റുള്ളവര്‍ക്ക് ആസ്വദിക്കാനായി അവ പുനർനിർമ്മിക്കാന്‍ ലക്ഷ്യമിടുകയാണ് ഗവേഷകര്‍. മമ്മിഫിക്കേഷന്‍ ചെയ്ത മൃതദേഹങ്ങളുടെ ഗന്ധം അനുഭവിച്ചതിന്‍റെ അനുഭവം പങ്കുവെക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും കെയ്‌റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ ഈ ഗന്ധങ്ങള്‍ പുനര്‍നിര്‍മ്മിച്ച് അവതരിപ്പിക്കുമെന്നും ഗവേഷകരിലൊരാളായ സിസിലിയ ബെംബിബ്രെ ബിബിസിയോട് പറഞ്ഞു. ഇത് സന്ദർശകർക്ക് പുരാതന ഈജിപ്തിനെയും മമ്മിഫിക്കേഷൻ പ്രക്രിയയെയും തികച്ചും വ്യത്യസ്തമായ വീക്ഷണകോണിലൂടെ അനുഭവിച്ചറിയാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

ജേണൽ ഓഫ് ദി അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാർക്കോഫാഗസിനുള്ളിലെ മമ്മിക്ക് കേടുപാടുകള്‍ വരുത്താതെ ഒരു ചെറിയ ട്യൂബ് ഘടിപ്പിച്ചാണ് ഗവേഷകര്‍ ഗന്ധം പരിശോധിച്ചത്. ഭൗതിക സാമ്പിളുകൾ എടുക്കാതെ തന്നെ ഗന്ധം അളക്കാൻ കഴിയുന്നത് ചരിത്രത്തെ പഠിക്കാനുള്ള നൂതനമായ മാർഗമായിട്ടാണ് വിശേഷിപ്പിക്കുന്നത്. സാർക്കോഫാഗസിനുള്ളിലെ വ്യത്യസ്ത ഗന്ധങ്ങൾ വേർതിരിച്ച് പഠിച്ച് വീണ്ടും സംയോജിപ്പിച്ച് സുഗന്ധം ഉണ്ടാക്കാനാണ് ഗവേഷകരുടെ ലക്ഷ്യം. ഗ്യാസ് ക്രോമാറ്റോഗ്രാഫി എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.

ENGLISH SUMMARY:

A recent study has found that Egyptian mummies, even those over 5,000 years old, still emit distinct fragrances. Researchers examining nine mummies discovered that their scents varied in intensity but were generally described as 'spicy' and 'sweet.' This phenomenon is attributed to the embalming process, which involved aromatic substances like oils, waxes, and resins. Scientists aim to recreate these ancient scents for museum exhibits, offering visitors a unique sensory experience of ancient Egypt. Read more about this fascinating discovery.