Image Credit: X/iamlegacy23
ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കാണാതായ ഇന്ത്യന്‍– യുഎസ് വിദ്യാര്‍ഥിനി സുദീക്ഷ കൊണങ്കി മരിച്ചതായി പ്രഖ്യാപിക്കണമെന്ന് രക്ഷിതാക്കള്‍. സുദീക്ഷയെ കാണാതായി രണ്ടാഴ്ച കഴിയുമ്പോഴാണ് രക്ഷിതാക്കളുടെ ആവശ്യം. എഫ്ബിഐ അടക്കമുള്ള വിവിധ ഏജന്‍സികളുടെ അന്വേഷണവും ഇന്‍റര്‍പോളിന്‍റെ യെല്ലോ നോട്ടീസും ഉണ്ടായിരുന്നിട്ടും വിദ്യാര്‍ഥിയുടെ തിരോധാനത്തില്‍ ഒരു തുമ്പും ലഭിച്ചിരുന്നില്ല.
അന്വേഷണം തുടരുന്നതിനിടെയാണ് കേസ് അവസാനിപ്പിക്കാനുള്ള കുടുംബത്തിന്‍റെ അഭ്യര്‍ഥന. സുദീക്ഷയെ അവസാനമായി കണ്ട ജോഷ്വ റീബ് ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ്.
സുദീക്ഷ കൊണങ്കിയുടെ മാതാപിതാക്കളായ സുബ്ബരായുഡുവും ശ്രീദേവി കൊണങ്കിയും മകള്‍ മരിച്ചതായി പ്രഖ്യാപിക്കണമെന്ന് ഔദ്യോഗികമായി അഭ്യർത്ഥിച്ചതായി നാഷണൽ പോലീസ് വക്താവ് ഡീഗോ പെസ്‌ക്വീര എൻബിസി ന്യൂസിനോട് സ്ഥിരീകരിച്ചു. വിപുലമായ തിരിച്ചിലിന് ശേഷം സുദീക്ഷ മുങ്ങിമരിച്ചതായാണ് ഡൊമിനിക്കൻ അധികൃതരുടെ നിഗമനം.
അവസാനമായി കണ്ട സ്ഥലത്തിനടുത്തുള്ള ബീച്ചിൽ നിന്നാണ് സുദീക്ഷയുടെ വസ്ത്രങ്ങൾ കണ്ടെത്തിയത്. മരണത്തിൽ യാതൊരു ദുരൂഹതയും സംശയിക്കുന്നില്ലെന്നും ഇരുവരും കത്തില്‍ വ്യക്തമാക്കി. മകളെ അവസാനമായി കണ്ട ജോഷ്വ റീബ് അന്വേഷണവുമായി സഹകരിച്ചു എന്നും മാതാപിതാക്കള്‍ കത്തില്‍ വ്യക്തമാക്കി. ഡ്രോണ‍്‍, ഹെലികോപ്പ്റ്റര്‍ അടക്കമുള്ള പരിശോധനയ്ക്ക് ശേഷവും സുദീക്ഷയുടെ തിരോധാനത്തില്‍ കൃത്യമായ നിഗമനത്തിലെത്താന്‍ അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല.
ഇന്ത്യന്‍ പൗരത്വമുള്ള യുഎസില്‍ സ്ഥിരതമാസമായക്കിയ സുദീക്ഷ പിറ്റ്സ്ബർഗ് സർവകലാശാലയിലെ വിദ്യാർഥിനിയാണ്. മാര്‍ച്ച് മൂന്നിനാണ് അഞ്ച് വനിതാ സുഹൃത്തുക്കള്‍ക്കൊപ്പം സുദീക്ഷ ഡൊമനിക്കന്‍ റിപ്പബ്ലിക്കിലെ പൂണ്ട ബീച്ചിലേക്ക് അവധി ആഘോഷിക്കാന്‍ പോയത്.
അവരുടെ ഹോട്ടലില്‍ വെച്ചാണ് സുദീക്ഷയെ കണ്ടതെന്നാണ് ജോഷ്വ പൊലീസിന് നല്‍കിയ മൊഴി. പരിചയത്തിലായ ജോഷ്വയും സുഹൃത്തുക്കളും സുദീക്ഷയുടെ ടീമിനൊപ്പം ബാറിലേക്ക് പോയി. പിന്നീട് അവിടെ നിന്നാണ് ബീച്ചിലേക്ക് എത്തുന്നത്. ബാറിലെ നിരീക്ഷണ ക്യാമറയില്‍ സംഘം പുലര്‍ച്ചെ 4.15 ന് ബീച്ചിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
അഞ്ചു മണിയോടെ അഞ്ച് സ്ത്രീകളും ഒരു പുരുഷനും ബീച്ചില്‍ നിന്നും പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതില്‍ സുദീക്ഷയില്ല. സുഹൃത്തുക്കള്‍ പിരിഞ്ഞതോടെ ഇരുവരും ഒറ്റയ്ക്കായി. ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് സുദീക്ഷയെ കാണാതാകുന്നത്.
പ്രാദേശിക മാധ്യമമായ നോട്ടിഷ്യ സിൻ യ്ക്ക് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കാണാതാകുന്നതിന് മണിക്കൂറുകൾക്ക് മുന്‍പ് സുദീക്ഷ അടക്കമുള്ളവര്‍ ബാറിൽ ചിലവഴിക്കുന്നത് കാണാം. ഛർദ്ദിക്കുന്നതും സുഹൃത്തിനെ കെട്ടിപ്പിടിക്കുന്നതും വിഡിയോയിലുണ്ട്. വെള്ള നിറത്തിലുള്ള വസ്ത്രമാണ് സുദീക്ഷ ധരിച്ചിരിക്കുന്നത്.