മസാച്യുസെറ്റ്സില്‍ വൈകീട്ട് നോമ്പ് തുറക്കാന്‍ പോകുന്നതിനിടെയാണ് ‘മുഖംമൂടി ധരിച്ച’ ഉദ്യോഗസ്ഥരെത്തി വിദേശവിദ്യാര്‍ഥിയായ റുമൈസ ഓസ്‌ടറെ അറസ്റ്റ് ചെയ്തത്. റുമൈസയുടെ കേസ് ഒറ്റപ്പെട്ട ഒന്നല്ല! ജോർജ് ടൗണ്‍ സർവകലാശാലയിലെ ഇന്ത്യൻ ഗവേഷകന്‍ ബദർ ഖാൻ സൂരി, കൊളംബിയയിലെ വിദ്യാര്‍ഥിനിയായിരുന്ന ഇന്ത്യക്കാരി രഞ്ജനി ശ്രീനിവാസന്‍... നീണ്ട ഈ ലിസ്റ്റ് അത്രപെട്ടെന്ന് അവസാനിക്കില്ല! ജനുവരി മുതൽ, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വീസകള്‍ റദ്ദാക്കപ്പെട്ടതായി തുടരെ ഇമെയിലുകളാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്... നൂറുകണക്കിന് വിദേശ വിദ്യാർത്ഥികൾ രാജ്യം വിടാൻ നിർബന്ധിതരാകുന്നു. ഈ നടപടികളുടെ വേഗമാണ് അതിശയിപ്പിക്കുന്ന മറ്റൊന്ന്!
എന്തായിരുന്നു ഇവര്‍ ചെയ്ത കുറ്റം? യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞത് ഇതാണ്... ‘ഞങ്ങളുടെ യൂണിവേഴ്സിറ്റി കാമ്പസുകളെ തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കല്ല, പഠിക്കാനും ബിരുദം നേടാനുമാണ് ഞങ്ങൾ നിങ്ങൾക്ക് വീസ നൽകിയത്. എന്നിട്ട് ഇഷ്ടമുള്ളത് ചെയ്യാന്‍ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കിൽ, ഞങ്ങൾ അത് പിൻവലിക്കാൻ പോകുന്നു’. ശരിക്കും രാജ്യാന്തര വിദ്യാര്‍ഥികളെ ലക്ഷ്യം വയ്ക്കുന്നതിലൂടെ ട്രംപ് എന്താണ് ലക്ഷ്യമിടുന്നത്?
ജനുവരി 29-നാണ് ജൂതവിരുദ്ധതയ്ക്കെതിരെ പോരാടുന്നതിനുള്ള അധിക നടപടികൾ എന്ന ഉത്തരവിൽ ട്രംപം ഒപ്പുവച്ചത്. ഒരു ദിവസത്തിനുശേഷം വൈറ്റ് ഹൗസ് പ്രസ്താവന ഇറക്കി. ‘ജിഹാദി അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത എല്ലാ കുടിയേറ്റക്കാരോടും ഞങ്ങള്‍ പറയുന്നു... ഞങ്ങൾ നിങ്ങളെ കണ്ടെത്തും, നാടുകടത്തും. തീവ്രവാദം നിറഞ്ഞ കോളജ് കാമ്പസുകളിലെ എല്ലാ ഹമാസ് അനുഭാവികളുടെയും വിദ്യാർഥി വീസകൾ റദ്ദാക്കും.’
ജൂതവിരുദ്ധത തുടച്ചുനീക്കാനും കാമ്പസിലെ ‘ക്രമസമാധാനം’ പുനഃസ്ഥാപിക്കാനും വേണ്ടിയുള്ള ശ്രമം എന്ന് ഭരണകൂടം ആണയിട്ട് പറയുമ്പോളും ഇവ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള ആക്രമണമായി മാറുകയാണ്. പ്രത്യേകിച്ചും യുഎസ് സഖ്യകക്ഷികളെയോ നയത്തെയോ വിദൂരമായെങ്കിലും വിമര്‍ശിക്കുന്ന, പ്രതിഷേധിക്കുന്നവര്‍ക്കെതിരെയുള്ള ആക്രമണം. ഭീകര പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്ന ശ്രമമായി ഇപ്പോളും ഇതിനെ കരുതുന്നുണ്ടെങ്കില്‍ തെറ്റി! യഥാര്‍ഥത്തില്‍ ഇതൊരു പ്രത്യയ ശാസ്ത്രമാണ്. അമേരിക്കയുടെ കാമ്പസുകളെയും വിദ്യാഭ്യാസ രീതികളെയും അക്കാദമിക് സ്വാതന്ത്ര്യത്തെയും അവ പുലര്‍ത്തിപ്പോന്ന ആശയത്തെയും വെല്ലുവിളിക്കുന്ന ട്രംപിന്‍റെ പ്രത്യയ ശാസ്ത്രം.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നയിക്കുന്ന ‘ക്യാച്ച് ആൻഡ് റിവോക്ക്’ പദ്ധതി രാജ്യാന്തര വിദ്യാർഥികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എഐ ഉപയോഗിച്ച് സ്കാന്‍ ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ഹമാസിനോട് അനുഭാവം പുലർത്തുന്നതോ, ഇസ്രായേലിനെ വിമർശിക്കുന്നതോ, അല്ലെങ്കിൽ കാമ്പസ് പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നതോ ആയ ഒരു പോസ്റ്റുമതി, നിങ്ങള്‍ ഫ്ലാഗ് ചെയ്യപ്പെടാന്‍. രണ്ട് വർഷം മുമ്പുള്ള പോസ്റ്റുകള്‍ പോലും തലയ്ക്കു മുകളില്‍ വാളായി വന്നേക്കാം എന്ന അവസ്ഥ. ഇത്തരത്തില്‍ ഇതിനകം 300-ലധികം വിദ്യാർത്ഥികൾക്ക് വിസ നഷ്ടപ്പെട്ടിട്ടുണ്ട്. വീസ റദ്ദാക്കാന്‍ യുഎസ് കോൺസുലേറ്റിൽ റിപ്പോർട്ട് ചെയ്യാനും സ്വയം അമേരിക്ക വിട്ടോളാനുമാണ് ഇവര്‍ക്കുള്ള നിര്‍ദേശം... ശരിക്കും ദുര്‍ബലമായ വിദ്യാര്‍ഥി വീസകളാണ് ട്രംപ് ഭരണകൂടത്തിന്‍റെ ഈ നടപടികളുടെ വേഗം കൂട്ടുന്നത്.
FILE - Student protesters gather inside their encampment on the Columbia University campus, April 29, 2024, in New York.
യാതൊരു നിയന്ത്രണവുമില്ലാതെയാണ് നടപടികള്‍... സര്‍വകലാശാലകള്‍ക്ക് പോലും പ്രതികരിക്കാന്‍ കഴിയുന്നില്ല. കൊളംബിയ സർവകലാശാലയാണ് ആദ്യത്തെ ഇരകളിലൊന്ന്. ജൂത വിരുദ്ധതയെ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നും തീവ്രവാദം വളരാന്‍ അനുവദിച്ചുമെന്നും ആരോപിച്ച് മാർച്ചിൽ 400 മില്യൺ ഡോളറിന്‍റെ ഗ്രാന്റുകള്‍ മരവിപ്പിച്ചു. ‘പറയുന്നത് അനുസരിക്കണം’ എന്നതിന്‍റെ മറ്റൊരു മുഖമായിരുന്നു നടപടി. മുന്നില്‍ മറ്റൊരു വഴിയുണ്ടായിരുന്നില്ല, സര്‍വകലാശാല കർശനമായ അച്ചടക്ക നിയമങ്ങള്‍ കൊണ്ടുവന്നു. അനന്തരം ഗവേഷണങ്ങള്‍ പലതും നിര്‍ത്തിവച്ചു, പഠനങ്ങള്‍ നിലച്ചു.. സർവകലാശാലയുടെ ആത്മാവ്, സ്വാതന്ത്ര്യം എന്നിവ വിറ്റഴിക്കുകയാണെന്ന് പ്രൊഫസർമാർ മുന്നറിയിപ്പ് നൽകി. കൊളംബിയയില്‍ തീര്‍ന്നില്ല ഹാർവാർഡ്, സ്റ്റാൻഫോർഡ്, കാലിഫോർണിയ തുടങ്ങിയ സര്‍വകലാശാലകളും മുട്ടുകുത്തി.
People hold signs with images of Palestinian activist and Columbia University graduate student Mahmoud Khalil as they take part in a pro-Palestinian rally to commemorate Land Day in New York City, U.S., March 30, 2025. REUTERS/Adam Gray
നടപടികളെ ചോദ്യം ചെയ്തവരുമുണ്ട്... എന്നാൽ ഇവ വലിയ പോരാട്ടമാണ്, ഒരുറപ്പുമില്ലാത്ത... സമയവും സമ്പത്തും പണയം വച്ചുകൊണ്ടുള്ള പോരാട്ടം. ‘യുഎസ് വിദേശനയത്തിന് ഭീഷണിയാകുന്നു’ എന്ന് പറഞ്ഞാണ് ഇത്തരക്കാരെ ഭരണകൂടം നേരിടുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിഷേധിക്കാരുടെ അഭിഭാഷകര്‍ തന്നെ പറയുന്നു. സുരക്ഷാ നടപടികളുടെ മറവിൽ ആക്ടിവിസത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഭരണകൂടം അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കുകയാണെന്ന് യുഎസിലെ നിയമ വിദഗ്ധർ വാദിക്കുന്നു. അപ്പോളും നടപടികൾ ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.
ഒരിക്കല്‍ ആഭ്യന്തര വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ കുറഞ്ഞിരുന്ന സമയത്ത് അതിനുള്ള മറുമരുന്നായിരുന്നു അമേരിക്കയിലെത്തുന്ന രാജ്യാന്തര വിദ്യാര്‍ഥികള്‍. 2023- 24 ല്‍ യുഎസ് കോളജുകളിലും സര്‍വകലാശാലകളിലുമായുള്ള 1.1 മില്യണ്‍ രാജ്യാന്തര വിദ്യാര്‍ഥികള്‍ 43.8 ബില്യണ്‍ ഡോളറാണ് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നല്‍കിയത്. 3,78,000 ജോലി അവസരങ്ങളുമുണ്ടായെന്ന് രാജ്യാന്ത വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്ന ഏജന്‍സികള്‍ പറയുന്നു. അതിനെല്ലാം ഉപരി അഡ്വാന്‍സ്ഡ് റിസര്‍ച്ച് മേഖലയില്‍ രാജ്യാന്തര വിദ്യാര്‍ഥികളുടെ പ്രാതിനിധ്യവും പങ്കും വലുതാണ്. എന്നാല്‍ ഇന്ന് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇപ്പോളുള്ള വികാരം ഭയമാണ്, ഒരു പോസ്റ്റു പോലും ലൈക്ക് ചെയ്യാന്‍ പേടി. നാടുകടത്തല്‍, വീസ റദ്ദാക്കല്‍ തുടങ്ങി സ്കോളര്‍ഷിപ്പ് തുക വെട്ടിക്കുറയ്ക്കുമോ എന്നുള്ള പേടി.
TOPSHOT - US President Donald Trump holds up an executive order after signing it during an education event in the East Room of the White house in Washington, DC, March 20, 2025. President Donald Trump signed an order aimed at shutting down the Department of Education, a decades-long goal on the US right that objects to federal involvement in school systems run by individual states. By law, the Education Department -- created in 1979 -- cannot be shuttered without the approval of Congress, and Republicans do not have the votes to push that through. (Photo by ROBERTO SCHMIDT / AFP)
വിയോജിപ്പുകളുടെ സംവാദങ്ങളുടെ അഭിപ്രായ പ്രകടനങ്ങളുടെ ഇടങ്ങളാണ് സര്‍വകലാശാലകള്‍... എന്നാല്‍ ഇതെല്ലാം ഭീഷണിയായാണ് ട്രംപ് ഭരണകൂടം കാണുന്നത്. എല്ലാം തങ്ങളുടെ നിയമങ്ങള്‍ക്ക് കീഴിലാക്കണമെന്നാണ് ലക്ഷ്യം... ഒരു പ്രയോജനവുമില്ലാത്ത വകുപ്പാണിതെന്ന് പറഞ്ഞ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാനുള്ള ഉത്തരവില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടത് ഓര്‍ക്കുക. ഫലം... ഇന്ന് അമേരിക്കയിലെ ജെന്‍ഡന്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്മെന്‍റുകളടക്കം സൂക്ഷ്മപരിശോധനയിലാണ്. അധ്യാപകര്‍ രാജിവയ്ക്കുന്നു. രാജ്യാന്തര വിദ്യാർഥികൾ നാടുകടത്തപ്പെടുന്നു. ചുരുക്കം ചില വിദ്യാര്‍ഥികളും അധികൃതരമൊഴികെ മറ്റെല്ലാവരും നിശബ്ദധ പാലിക്കുന്നു. ചുരുക്കത്തില്‍ വിയോജിപ്പ്, പ്രതിഷേധം എന്നിവ നാടുകടത്താവുന്ന കാരണമായി മാറുന്നു. അമേരിക്കൻ സർവകലാശാലകള്‍ ഇത്രയും കാലം മുന്നോട്ടുവച്ച ആശയങ്ങളുടെ അടിത്തറയാണ് ഇളകുന്നത്... ഇതിന്‍റെ ഭാവിയോ? വരും കാലങ്ങളില്‍ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് വിസ ലഭിക്കുമോ, സ്വതന്ത്രമായി അമേരിക്കയില്‍ ഗവേഷണം നടത്താന്‍, പഠിക്കാന്‍ സാധിക്കുമോ? ഒരു അഭിപ്രായം പ്രകടിപ്പിക്കാൻ കഴിയുമോ... സംശയമാണ്!