പ്രതീകാത്മക ചിത്രം
ആഗ്രഹിച്ചത് ഒരാണ്‍കുഞ്ഞിനെ പക്ഷേ പിറന്നതാകട്ടെ ഒന്നിനുപിറകേ ഒന്നായി ഒന്‍പത് പെണ്‍മക്കള്‍. കിഴക്കന്‍ ചൈനയിലെ ഈ കുടുംബകാര്യം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഒന്‍പത് പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്‍ നല്‍കിയ പേരും വ്യത്യസ്തമാണ്. ‘ദീ’ എന്നാല്‍ കുഞ്ഞനുജന്‍ എന്നാണ് ചൈനീസില്‍ അര്‍ഥം. അടുത്തതെങ്കിലും ആണ്‍കുഞ്ഞ് ആയിരിക്കട്ടെ എന്ന ആഗ്രഹത്താന്‍ ഒന്‍പത് പെണ്‍മക്കളുടെയും പേരുകളുടെ അവസാനം ‘ദീ’ എന്നുകൂടി മാതാപിതാക്കള്‍ ചേര്‍ത്തു.
ഹുവയാന്‍ എന്ന ഗ്രാമത്തിലാണ് ജീയും അദ്ദേഹത്തിന്‍റെ മക്കളും താമസിക്കുന്നത്. 81കാരനായ അദ്ദേഹത്തിന്‍റെ മൂത്ത മകളും ഏറ്റവും ഇളയ ആളും തമ്മില്‍ ഇരുപത് വയസ്സിന്‍റെ വ്യത്യാസമുണ്ട്. അദ്ദേഹം മക്കള്‍ക്ക് നല്‍കിയ പേരുകളും അവയുടെ അര്‍ഥങ്ങളും ഇങ്ങനെയാണ്;
1. സാവോദീ (ഒരു സഹേദരനായി അപേക്ഷിക്കുന്നു)
2. പാന്‍ദീ (ഒരു സഹോദരനെ പ്രതീക്ഷിക്കുന്നു)
3. വാങ്ദീ (ഒരു സഹോദരന്‍റെ വരവിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു)
4. ഷീയാങ്ദീ (ഒരു സഹോദരനെ കുറിച്ച് ചിന്തിക്കുന്നു)
5. ലെയ്ദീ (ഒരു സഹോദരന്‍ കൂടി വരുന്നുണ്ട്)
6. സിങ്ദീ (സഹോദരനെ സ്വാഗതം ചെയ്യുന്നു)
7. നിയാന്‍ദീ (ഒരു സഹോദരനെ ആഗ്രഹിക്കുന്നു)
8. ചൗദീ (സഹോദരനെ വെറുക്കുന്നു)
9. മെങ്ദീ (ഒരു സഹോദരനെ കൂടി സ്വപ്നം കാണുന്നു)
ആണ്‍കുഞ്ഞിനു വേണ്ടി ജീയും ഭാര്യയും എത്രത്തോളം ആഗ്രഹിച്ചു എന്നാണ് ഈ പേരുകളില്‍ നിന്ന് മനസ്സിലാകുന്നത്. ഇതില്‍ ഏറ്റവും മൂത്ത മകളായ സാവോദീക്ക് അറുപത് വയസ്സാണ് പ്രായം. നാലാമത്തെ മകളായ ഷീയാങ്ദീ സമൂഹമാധ്യമത്തില്‍ തന്‍റെ കുടുംബത്തെക്കുറിച്ച് പറഞ്ഞതോടെയാണ് ഈ കൗതുകം നിറഞ്ഞ കുടുംബവും പേരുകളും സമൂഹമാധ്യമത്തില്‍ വൈറലായത്. ആണ്‍കുഞ്ഞിനെ അത്രമേല്‍ ആഗ്രഹിക്കുമ്പോഴും ജനിച്ച പെണ്‍മക്കളെയെല്ലാം അച്ഛനും അമ്മയും പൊന്നുപോലെ നോക്കുന്നുണ്ട് എന്നും ഷീയാങ്ദീ പറയുന്നു.
‘ഒരിക്കല്‍ പോലും അച്ഛനും അമ്മയും ഞങ്ങളോട് ആരോടും മോശമായി പെരുമാറിയിട്ടില്ല. ഞങ്ങള്‍ ഒരുമിച്ച് കളിച്ചും വഴക്കിട്ടും സ്നേഹിച്ചും വളര്‍ന്നു. എന്‍റെ സഹോദരങ്ങളാണ് എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാര്‍. അവരെ എനിക്ക് ലഭിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം.’ എന്നാണ് ഷീയാങ്ദീ സമൂഹമാധ്യമത്തില്‍ പറഞ്ഞത്. സാധാരണ കര്‍ഷക കുടുംബമായിട്ടും മക്കള്‍ക്ക് എല്ലാവര്‍ക്കും ജീ നല്ല വിദ്യാഭ്യാസം നല്‍കി.
ഇന്ത്യയിലെപ്പോലെ തന്നെ പെണ്‍മക്കളെ കെട്ടിച്ചയക്കുന്ന രീതിയാണ് ചൈനയില്‍. പെണ്‍മക്കള്‍ പിന്നീട് ഭര്‍ത്താവിന്‍റെ വീട്ടിലാണ് ജീവിക്കുന്നത്. ഭര്‍ത്താവിന്‍റെ അച്ഛനമ്മനാരെയും മക്കളെയും പരിപാലിച്ച് അവിടെ ജീവിക്കണം. അങ്ങനെ എല്ലാ മക്കളും പോയി കഴിഞ്ഞാല്‍ എന്തുചെയ്യും, ഭാവിയില്‍ ആരെങ്കിലും കൂടെ വേണ്ടേ എന്ന ആഗ്രഹമാണ് ഒന്‍പത് പെണ്‍മക്കളിലേക്ക് ജീയെ കൊണ്ടുചെന്നെത്തിച്ചത്.