നാട്ടുകാരിലും ഉറ്റവരിലും തീരാവേദന ബാക്കിവച്ചാണ് അജീഷും കുടുംബവും ലോകത്തോട് യാത്രപറയുന്നത്. ആഗ്രഹിച്ച് പണികഴിപ്പിച്ച വീട് കടംകയറിയതോടെ അജീഷിന് വില്‍ക്കേണ്ടി വന്നു. ആറ്റുനോറ്റ് കിട്ടിയ കണ്‍മണിയുടെ ചികില്‍സയ്ക്കായും പതിനായിരങ്ങള്‍ ചെലവഴിച്ചു. തനിക്ക് രക്താര്‍ബുദം കൂടി പിടിപെട്ടതോടെ അജീഷ് ആകെ തകര്‍ന്നെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഒടുക്കം, രണ്ടര വയസ്സുള്ള കുഞ്ഞിന്‍റെ കഴുത്തറുത്ത്, ഭാര്യയെ കൂടെക്കൂട്ടി മടങ്ങിവരാത്ത യാത്രയിലേക്ക് അജീഷ് നീങ്ങി. ഏതൊരു സാധാരണക്കാര്‍ക്കും ഉള്ളതുപോലെ വീട്, കുടുംബത്തോടൊത്ത് സമാധാനത്തോടെ ഒരു ജീവിതം. അതുമാത്രമാണ് അജീഷ് ആഗ്രഹിച്ചത്. എന്നാല്‍ വിധി എല്ലാം മാറ്റിമറിച്ചു.
കൊല്ലം താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപമാണ് അജീഷും ഭാര്യ സുലുവും രണ്ടരവയസുകാരന്‍ ആദിക്കൊപ്പം വാടകയ്ക്ക് താമസിച്ചിരുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. കട്ടിലിന് മുകളിൽ മരിച്ച നിലയിൽ കിടക്കുന്ന കുഞ്ഞിനെയാണ് ആദ്യം കണ്ടെത്തിയത്. തൊട്ടടുത്ത് അജീഷും ഭാര്യയും തൂങ്ങിയ നിലയിലും.
പ്രവാസിയായിരുന്ന അജീഷ് ഗള്‍ഫില്‍ ജോലി ചെയ്തുണ്ടാക്കി സമ്പാദ്യമത്രയും ചെലവഴിച്ചാണ് വീട് പണിതുയര്‍ത്തിയത്. പക്ഷേ കടം കൂടിയപ്പോള്‍ ആ വീട് വിറ്റു. അജീഷിനും സുലുവിനും വിവാഹശേഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആദിയെ ലഭിച്ചത്. ഇവരുടെ ആദ്യത്തെ കുട്ടി മരിച്ചുപോയിരുന്നു. ആദി ജനിച്ചതാകട്ടെ മാസംതികയാതെയും. അതുകൊണ്ടു തന്നെ ആദിയുടെ ചികില്‍സയ്ക്കും കുറേ പണം ചെലവായി. എല്ലാം തരണം ചെയ്ത്, ജീവിതത്തോട് പടവെട്ടി കയറുമ്പോഴാണ് രക്താര്‍ബുദം അജീഷിനെ ബാധിച്ചത്.
ഭാര്യയും ഭര്‍ത്താവും നല്ല സ്‌നേഹത്തിലായിരുന്നുവെന്നും എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു അജീഷ് എന്നും വാര്‍ഡ് അംഗം ആര്‍.എസ്.അബിന്‍ ഓര്‍ത്തെടുക്കുന്നു. കാന്‍സറാണെന്നകാര്യം ആരോടും പറയരുതെന്ന് അജീഷ് പറഞ്ഞിരുന്നുവെന്നാണ് അമ്മ പറയുന്നത്. ‘ഒരുപാട് ടെസ്റ്റുകള്‍ക്ക് എഴുതിയിരുന്നു, നാളെ അതിനു പോകാമെന്നും പറഞ്ഞ മകനാണ്. എന്നിട്ട് എന്തിനിത് ചെയ്തു' എന്ന് ചോദിച്ച് അലമുറയിടുകയാണ് അജീഷിന്‍റെ അമ്മ ലൈലാകുമാരി. സ്വന്തം ചികില്‍സയ്ക്കു കൂടി എങ്ങനെ പണം കണ്ടെത്തുമെന്ന ചോദ്യമാകാം അജീഷിനെക്കൊണ്ട് ഇത് ചെയ്യിച്ചതെന്നാണ് സുഹൃത്തുക്കളും കരുതുന്നത്.