ചെലവ് വെട്ടിച്ചുരുക്കുന്നതിന്‍റെ ഭാഗമായി ആയിരക്കണക്കിന് ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിരിച്ചു വിടാനൊരുങ്ങി ട്രംപ് ഭരണകൂടം. പരിസ്ഥിതി സംരക്ഷണ ഏജന്‍സി (ഇപിഎ)യിലെ ശാസ്ത്രജ്ഞരെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്. ഏജന്‍സിക്ക് നല്‍കുന്ന തുക വെട്ടിക്കുറയ്ക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് അമേരിക്കന്‍ മാധ്യമം സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെലവ് ചുരുക്കാന്‍ നാസ മൂന്ന് ഓഫീസുകള്‍ അടച്ചുപൂട്ടുന്നതായി കഴിഞ്ഞ ആഴ്ച തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
മലിനീകരണം, ശുദ്ധജലം, കാലാവസ്ഥാ വ്യതിയാനം എന്നിവയുള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ശാസ്ത്ര ഗവേഷണ വിഭാഗമാണ് ഇ.പി.എ. പിരിച്ചുവിടല്‍ ഈ സംവിധാനം തന്നെ ഇല്ലാതാക്കുമെന്ന വിമര്‍ശനം ശക്തമാണ്. ഏജന്‍സിയുടെ 17,000 ജീവനക്കാരില്‍ 65 ശതമാനം പേരെയും കുറയ്ക്കാന്‍ പദ്ധതിയിടുന്നതായി ഫെബ്രുവരിയില്‍ ട്രംപ് പറഞ്ഞിരുന്നു. അന്തിമതീരുമാനമായിട്ടില്ലെങ്കിലും കൂട്ട പിരിച്ചുവിടല്‍ നീക്കത്തിലേക്കാണ് ട്രംപ് ഭരണകൂടം നീങ്ങുന്നതെന്നാണ് സൂചനകള്‍. അവശേഷിക്കുന്നവരെ ഏജന്‍സിയിലെ മറ്റ് വകുപ്പുകളിലേക്ക് മാറ്റാനും നീക്കമുണ്ട്.
അതേസമയം ഏജന്‍സി പുനസംഘടിപ്പിക്കുന്നതിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അതിന്‍റെ ഭാഗമായുള്ള നടപടികളാണിതെന്നും ഇപിഎ വക്താവ് മോളി വാസലിയോ പ്രതികരിച്ചു. എല്ലാ അമേരിക്കക്കാര്‍ക്കും ശുദ്ധവായു, വെള്ളം, ഭൂമി എന്നിവ ഉറപ്പുവരുത്തുന്നതിന് ഏജന്‍സിയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്‍റെ നേതൃത്വത്തിലുള്ള ചെലവ് ചുരുക്കല്‍ കമ്മറ്റിയാണ് നിര്‍ദേശങ്ങള്‍ മുന്നേട്ട് വയ്ക്കുന്നത്. നാസ ഓഫീസുകളടക്കം അടച്ചുപൂട്ടുന്ന നിര്‍ദേശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ട്രംപല്ല മസ്ക്കാണ് രാജ്യം ഭരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.