ഫയല്‍ ചിത്രം
യുക്രെയ്ന്‍- റഷ്യ വെടിനിര്‍ത്തലിനുള്ള സാധ്യമായ നടപടികള്‍ ചര്‍ച്ച ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്‌ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്‌കിയും. തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി യുക്രെയ്ന്‍ പവർ പ്ലാന്റുകളുടെ സംരക്ഷണം യുഎസ് ഏറ്റെടുക്കണമെന്ന സെലന്‍സ്കി ആവശ്യപ്പെട്ടതായും പ്ലാന്റുകളുടെ ഉടമസ്ഥാവകാശം യുഎസ് ഏറ്റെടുക്കുന്നത് യുക്രെയ്ന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മികച്ച സംരക്ഷണമാകുമെന്ന് ട്രംപ് മറുപടി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
ഒരു മണിക്കൂര്‍ നീണ്ട സംഭാഷണത്തിനിടെ സെലെൻസ്‌കി കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ അഭ്യർത്ഥിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സഖ്യകക്ഷികളുമായി ആലോചിച്ച് ലഭ്യത പരിശോധിച്ചതിന് ശേഷമേ തീരുമാനമെടുക്കാനാവൂ എന്നായിരുന്നു ട്രംപിന്‍റെ മറുപടി. ജാവലിൻ മിസൈലുകൾ ഉള്‍പ്പെടെയുള്ള യു.എസിന്‍റെ സൈനിക പിന്തുണയ്ക്ക് സെലന്‍സ്കി നന്ദി അറിയിച്ചിട്ടുമുണ്ട്. മികച്ചതും പോസിറ്റീവായതുമായ ചര്‍ച്ച എന്നാണ് സെലന്‍സ്കി സംഭാഷണത്തെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ നേതൃത്വത്തില്‍ ശാശ്വത സമാധാനം കൈവരിക്കാനാകുമെന്നും സെലന്‍സ്കി പറഞ്ഞു. റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടി ഊർജനിലയങ്ങള്‍ ഉള്‍പ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക എന്നതാണെന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള സംഭാഷണത്തിന് ശേഷമാണ് സെലെൻസ്‌കിയുമായുള്ള ട്രംപിന്‍റെ ഫോണ്‍ സംഭാഷണം. യുക്രെയ്‌നിന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടില്ലെന്ന് പുടിൻ സമ്മതിച്ചെങ്കിലും 30 ദിവസത്തെ പൂർണ്ണ വെടിനിർത്തലിന് വഴങ്ങിയിട്ടില്ല. പ്രതിരോധ ആവശ്യങ്ങൾക്കായി യുഎസ് യുക്രെയ്‌നിന് ഇന്റലിജൻസ് പിന്തുണ നൽകുന്നത് തുടരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, വെടിനിർത്തൽ ചര്‍ച്ചകള്‍ തുടരുമ്പോളും ഇന്നലെയും ഇരുരാജ്യങ്ങളും പരസ്പരം ഡ്രോൺ ആക്രമണം തുടർന്നു. റഷ്യ തങ്ങളുടെ പ്രതിജ്ഞകൾ പാലിക്കുന്നില്ലെന്നതിന്റെ തെളിവായാണ് രാത്രിയിൽ ഉണ്ടായ ഡ്രോൺ ആക്രമണങ്ങളെ സെലന്‍സ്കി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. റഷ്യ, യുക്രെയ്നിന്റെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ടെന്നാണ് സെലന്‍സ്കി ആരോപിക്കുന്നത്. റഷ്യയുടെ 145 ഡ്രോണുകളിൽ 72 എണ്ണം വെടിവച്ചിട്ടതായി യുക്രെയ്ൻ സൈന്യം അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഊർജനിലയങ്ങൾ ആക്രമിക്കുന്നതു നിർത്തിവച്ചതായി റഷ്യ പ്രതികരിച്ചു.
റഷ്യ– യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിനുശേഷം യുഎസ് പിന്തുണയുടെ ചെലവ് 180 ബില്യൺ ഡോളർ കവിഞ്ഞത് ട്രംപില്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്. ഈ ആശങ്കകള്‍ ചൂണ്ടിക്കാട്ടി യുദ്ധം അവസാനിപ്പിക്കുന്നത് ട്രംപ് തന്റെ ഭരണകൂടത്തിന്റെ മുൻഗണനാ വിഷയമാക്കി മാറ്റിയിരക്കുകയാണ്. രണ്ടാം ഘട്ട സമാധാന ചർച്ചകൾക്കും ഭാഗിക വെടിനിർത്തൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി യുക്രെയ്‌നിലെയും അമേരിക്കയിലെയും ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ സൗദി അറേബ്യയിൽ കൂടിക്കാഴ്ച നടത്തും.