trump-trans

TOPICS COVERED

ട്രാൻസ്‌ജെൻഡർ വിഭാഗക്കാര്‍ക്ക് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ വിലക്കിന് തിരിച്ചടി.  ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ ഒഴിവാക്കിയ ഉത്തരവ് യുഎസ് ഫെഡറൽ കോടതി മരവിപ്പിച്ചു. ‘എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’ എന്നു പ്രസ്താവിക്കുന്ന യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനം പരാമർശിച്ചാണ് ഫെഡറൽ ജഡ്ജി അന്ന റെയ്സിന്റെ ഉത്തരവ്.

ഉത്തരവിനുപിന്നാലെ ജഡ്ജിക്ക് പ്രതിപക്ഷമായ ഡെമക്രറ്റിക്ക് പാര്‍ട്ടിയുമായി ബന്ധുമുണ്ടെന്നാരോപിച്ച് പ്രധാന ടെലിവിഷന്‍ ചാനലുകളി‍ല്‍ ഒന്നായ ഫോക്സ് ന്യൂസ് രംഗത്തെത്തി. അമേരിക്കയില്‍ സ്വവർഗ്ഗാനുരാഗിയെന്ന് സ്വയം വെളിപ്പെടുത്തിയ ആദ്യ ഫെഡറല്‍ ജഡ്ജിയാണ് അന്ന റെയ്സ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന് ജഡ്ജി നിയമസഹായം നല്‍കിയിരുന്നുവെന്നാണ് ട്രംപ് അനുകൂല നിലപാടുള്ള ഫോക്സ് ന്യൂസിന്‍റെ ആരോപണം.

ട്രാൻസ്‌ജെൻഡർ സൈനികരെ ഒഴിവാക്കാനുള്ള ട്രംപിന്റെ നിർദേശം അവര്‍ക്കുള്ള ഭരണഘടനാ സംരക്ഷണം ലംഘിക്കാൻ വഴിവയ്ക്കുന്നതാണെന്ന് കോടതി ഉത്തരവിൽ പറയുന്നു. ‘ഇത് ചൂടേറിയ പൊതുചർച്ചയ്ക്കും അപ്പീലുകൾക്കും കാരണമാകുമെന്ന് കോടതിക്ക് അറിയാം. ആരോഗ്യകരമായ ജനാധിപത്യത്തിൽ രണ്ടും നല്ലതാണ്’ – അന്ന റെയ്സ് പറഞ്ഞു.

2016 ൽ പ്രസിഡന്റ് ബരാക് ഒബാമയാണ് ട്രാന്‍സ്ജെന്‍ഡർ വിഭാഗത്തിന് സൈന്യത്തിൽ ചേരാനുള്ള വിലക്ക് നീക്കിയത്. തുടര്‍ന്ന് ഈ വിഭാഗത്തില്‍ നിന്ന് ഒട്ടേറെപ്പേര്‍ സൈന്യത്തില്‍ ചേര്‍ന്നു. എന്നാൽ 2019-ൽ ആദ്യ ട്രംപ് ഭരണകൂടം ഇതിൽ നിയന്ത്രണം ഏർപ്പെടുത്തി. 2021-ൽ ജോ ബൈഡൻ ഈ നിയന്ത്രണങ്ങൾ ഇല്ലാതാക്കുകയും യോഗ്യതയുള്ള എല്ലാ അമേരിക്കക്കാർക്കും രാജ്യത്തെ സേവിക്കാനുള്ള അവസരം ഉണ്ടാകണമെന്ന് വാദിക്കുകയും ചെയ്തു. രണ്ടാം ട്രംപ് ഭരണകൂടം അധികാരത്തിലേറിയപ്പോള്‍ പഴയ തീരുമാനം പുനസ്ഥാപിച്ചത് ട്രാന്‍സ്ജെന്‍ഡര്‍ സൈനികരുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരുന്നു.

ട്രാൻസ് സൈനികരെ തിരിച്ചറിയാൻ 30 ദിവസത്തിനുള്ളിൽ നടപടിക്രമം ഉണ്ടാക്കുമെന്നും തുടര്‍ന്ന് 30 ദിവസത്തിനുള്ളിൽ ഇവരെ പിരിച്ചുവിട്ടുതുടങ്ങുമെന്നുമാണ് പെന്റഗൺ കഴിഞ്ഞ മാസം അറിയിച്ചത്. എന്നാൽ യുദ്ധശേഷിയുള്ളവരെ നിലനിർത്താൻ സർക്കാരിനു താൽപര്യമുണ്ടെങ്കിൽ ഇളവനുവദിക്കാമെന്നായിരുന്നു തീരുമാനം. പിരിച്ചുവിടലിൽനിന്ന് ഒഴിവാകണമെങ്കിൽ തുടർച്ചയായി 3 വർഷം ലിംഗപരമായ സ്ഥിരത പുലർത്തണമെന്നായിരുന്നു ഉത്തരവ്. ഇതാണ്ഫെഡറൽ കോടതി മരവിപ്പിച്ചിരിക്കുന്നത്.

ENGLISH SUMMARY:

A U.S. federal court has blocked the order issued by President Donald Trump that banned transgender individuals from serving in the military. Judge Anna Reiss referenced the U.S. Declaration of Independence, which states that "all men are created equal," in her ruling.