വിവാഹം ലളിതമായി നടത്തിയ ദമ്പതികള്‍ക്ക് സോഷ്യല്‍മീഡിയയില്‍ ട്രോള്‍പ്പൂരം. യു.എസിലാണ് സംഭവം. എമി ബാരണും അവരുടെ ഭർത്താവ് ഹണ്ടറിനുമാണ് വിവാഹത്തിന്‍റെ അനാവശ്യ ചെലവുകള്‍ ഒഴിവാക്കി ലളിതമായി വിവാഹം നടത്തിയത്. എന്നാല്‍ ഇക്കാരണത്താല്‍ കുറച്ചുനാളായി ഇരുവരും വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും കളിയാക്കലുകളുമാണ് കേട്ടുക്കൊണ്ടിരിക്കുന്നത്.
ഒരു ദിവസത്തെ പരിപാടിക്കുവേണ്ടി ഒരുപാട് തുക ചെലവാക്കി വസ്ത്രം വാങ്ങാന്‍ ഇരുവര്‍ക്കും താല്പര്യമുണ്ടായിരുന്നില്ല, വിലകൂടിയ വസ്ത്രത്തിന് പകരം ഷര്‍ട്ടും ജീന്‍സും ഇട്ടാണ് ഇവര്‍ വിവാഹിതരായത്.
ജനുവരിയിൽ വെസ്റ്റ് വെർജീനിയയിലെ ഒരു പബ്ലിക് ലൈബ്രറിയിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട 20 ഓളം അതിഥികള്‍ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്.
മേക്കപ്പ് എമി ഒറ്റയ്ക്കാണ് ചെയ്തത്. വിവാഹത്തിനായി ആകെ 1000 ഡോളറാണ് ഇവർ ചെലവാക്കിയത്. പുതിയ ഷൂസിനായി 300 ഡോളറും ഫൊട്ടോഗ്രഫറിന് 480 ഡോളറുമാണ് ചെലവഴിച്ചത്. ബാക്കി തുക ഉപയോഗിച്ച് ഭക്ഷണവും സംഗീതവും ക്രമീകരിച്ചു.
ചെലവ് ചുരുക്കിയുള്ള വിവാഹത്തിന്‍റെ വിഡിയോകളും ചിത്രങ്ങളും ദമ്പതികള്‍ തന്നെയാണ് സോഷ്യല്‍മീഡിയ പേജുകളില്‍ പങ്കുവച്ചത്. വിഡിയോ പെട്ടന്ന് തന്നെ വൈറലായി എന്നുമാത്രമല്ല, നിരവധി ട്രോളുകളും ഏറ്റുവാങ്ങി.
അതേസമയം വിമർശനങ്ങളൊന്നും തങ്ങളെ ബാധിക്കില്ലെന്നും കമന്‍റുകള്‍ കാര്യമാക്കുന്നില്ലെന്നും ഇവർ പറഞ്ഞു.