കടുത്തന്യൂമോണിയയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു. റോമിലെ ജമേലി ആശുപത്രിയുടെ ജനാലക്കരികില്‍ എത്തിയ പാപ്പ വിശ്വാസികളെ ആശീര്‍വദിച്ച ശേഷമാണ് വത്തിക്കാനിലേക്ക് തിരിച്ചത്. ലോകമെങ്ങുമുള്ള വിശ്വാസികള്‍ക്ക് ആശ്വാസത്തിന്റെ ആശീര്‍വാദവുമായാണ് 38 ദിവസത്തിനുശേഷം മാര്‍പാപ്പ ജമേലി ആശുപത്രിയുടെ ജനാലയ്ക്കരികിലെത്തിയത്
കൈകള്‍ വീശി ആശീര്‍വദിച്ച പാപ്പ തനിക്കായി നല്‍കിയ പ്രാര്‍ഥനകള്‍ക്ക് നന്ദി പറഞ്ഞു. രണ്ട് ശ്വാസകോശങ്ങളെയും ബാധിച്ച ന്യൂമോണിയ ഭേദമായെങ്കിലും ആരോഗ്യം വീണ്ടെടുക്കാന്‍ രണ്ടുമാസത്തെ പൂര്‍ണവിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസാരിക്കുന്നതിന് പ്രയാസം നേരിടുന്നുണ്ട്. വത്തിക്കാനില്‍ ഔദ്യോഗിക വസതിയായ സാന്താ മാര്‍ത്തയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ഓക്സിജന്‍ തെറപ്പി ഉള്‍പ്പെടെ ചികില്‍സ തുടരും.
സന്ദര്‍ശകര്‍ക്കും കടുത്ത നിയന്ത്രണമുണ്ടാകും. അടുത്തമാസം ആദ്യവാരം വത്തിക്കാനിലെത്തുന്ന ചാള്‍സ് രാജാവിന് കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടായേക്കും. വിശുദ്ധവാര ചടങ്ങുകളില്‍ ഉള്‍പ്പെടെ മാര്‍പാപ്പ പങ്കെടുക്കുമോ എന്നതും വത്തിക്കാന്‍ വ്യക്തമാക്കിയിട്ടില്ല.