This photo provided Monday, March 24, 2025 by Dale Eicher shows an airplane partially submerged into the ice of Tustumena Lake near Soldotna, Alaska, with the three survivors standing on the plane's wing. (Dale Eicher via AP)
അലാസ്കയിലെ മഞ്ഞുമൂടിയ തടാകത്തില്‍ വീണ വിമാനത്തിലെ പൈലറ്റിനും രണ്ട് പെണ്‍കുട്ടികള്‍ക്കും അത്ഭുത രക്ഷ. രാത്രി മുഴുവൻ നടത്തിയ തിരച്ചിലിനൊടുവില്‍ 12 മണിക്കൂറിന് ശേഷമാണ് കുട്ടികളെയും പൈലറ്റിനേയും ജീവനോടെ കണ്ടെത്തി, രക്ഷപ്പെടുത്തിയത്. ഭാഗികമായി മഞ്ഞിനടിയില്‍ പുതഞ്ഞുപോയ വിമാനത്തിന്‍റെ ചിറകിലായിരുന്നു മൂന്നുപേരും അഭയം പ്രാപിച്ചത്. രാത്രിയിലെ പൂജ്യത്തിനും താഴെയുള്ള താപനിലയെ അതിജീവിച്ചാണ് മൂവരും ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നത്.
This photo provided by the Alaska National Guard shows an airplane partially submerged into the ice of Tustumena Lake at the toe of a glacier on Monday, March 24, 2025, near Soldotna, Alaska. (Alaska National Guard via AP)
ഞായറാഴ്ചയാണ് സോൾഡോട്ട്നയിൽ നിന്ന് സ്കൈലാക് തടാകം കാണാനായുള്ള സന്ദര്‍ശക വിമാനം പൈപ്പർ പിഎ-12 സൂപ്പർ ക്രൂയിസർ പറന്നുയർന്നത്. എന്നാല്‍ തിരിച്ചെത്തേണ്ട സമയമായിട്ടും വിമാനം തിരിച്ചെത്തിയില്ല. ചെറുയാത്രാവിമാനമായതിനാല്‍ ലൊക്കേറ്റർ ബീക്കൺ ഇല്ലായിരുന്നു. ഒടുവില്‍ ഞായറാഴ്ച രാത്രി 10:30 ഓടെ ടുസ്റ്റുമെന തടാകത്തിലും കെനായ് പർവതനിരകള്‍ക്കുമിടയില്‍ വിമാനം കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടര്‍ന്നാണ് പ്രാദേശിക പൈലറ്റുമാരുടെ സഹായത്തോടെ വിമാനം കണ്ടെത്താന്‍ ശ്രമം ആരംഭിക്കുന്നത്.
കാണാതായി 12 മണിക്കൂറോളം നീണ്ട തിരച്ചിലിന് ശേഷം തിരച്ചിലിനിറങ്ങിയ പൈലറ്റുമാരില്‍ ഒരാളാണ് തണുത്തുറഞ്ഞ തടാകത്തിൽ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ ടുസ്റ്റെമെന തടാകത്തിന്റെ കിഴക്ക് ഭാഗത്തിന് സമീപം വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അലാസ്ക സ്റ്റേറ്റ് ട്രൂപ്പേഴ്‌സ് പ്രസ്താവനയില്‍ പറയുന്നു. പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട വിമാനത്തിന്‍റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങളില്‍ മഞ്ഞില്‍ പുതഞ്ഞ വിമാനത്തിന്‍റെ ചിറകുകളിൽ മൂന്ന് പേർ ഇരിക്കുന്നതായി കാണിക്കുന്നുണ്ട്. രാത്രിയിലെ പൂജ്യത്തിനും താഴെയുള്ള താപനിലയിലാണ് നിസാര പരുക്കുകളോടെ മൂവരേയും രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരച്ചിലിനിടയില്‍ തടാകത്തില്‍ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടപ്പോള്‍ തന്റെ ഹൃദയം തകർന്നതായി മൂവരെയും കണ്ടെത്തിയ പൈലറ്റ് ടെറി ഗോഡെസ് പറഞ്ഞു. അടുത്തെത്തിയപ്പോള്‍ ചിറകിന്റെ മുകളിൽ മൂന്ന് പേരെ കാണാന്‍ സാധിച്ചു. അവര്‍ക്ക് ജീവനുണ്ടായിരുന്നു. അവരെ നോക്കി കൈവീശി കാണിച്ച അദ്ദേഹം മറ്റുരക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കുകയായിരുന്നു. സ്ഥലത്തിന്‍റെ കോർഡിനേറ്റുകൾ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. തുടര്‍ന്ന് അലാസ്ക ആർമി നാഷണൽ ഗാർഡ് ആങ്കറേജിൽ നിന്ന് റെസ്ക്യൂ ഹെലികോപ്റ്റർ അയക്കുകയും ചെയ്തു. മൂവരേയും ലിഫ്റ്റ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഹെലികോപ്റ്ററിന്‍റെ റോട്ടറില്‍ നിന്നുള്ള ശക്തമായ കാറ്റ് തടസം സൃഷ്ടിച്ചു. തുടര്‍ന്ന് ഹെലികോപ്റ്റർ, അവശിഷ്ടങ്ങൾക്കരികിലേക്ക് ശ്രദ്ധാപൂര്‍വം താഴ്ത്തിയതിന് ശേഷമാണ് മൂവരെയും രക്ഷപ്പെടുത്തുന്നത്.
ഭാഗ്യം കൊണ്ടു മാത്രമാണ് ഇവര്‍ വിമാനാപകടത്തെയും കൊടുംതണുപ്പിനെയും അതിജീവിച്ചതെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പ്രാദേശിക പൈലറ്റുമാരിൽ ഒരാളായ ഡെയ്ൽ ഐഷർ പറഞ്ഞു. അവരെ കണ്ടെത്തുമെന്നതിലുപരി ജീവനോടെ കണ്ടെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പ്രാദേശിക മാധ്യമമായ കെടിയുയുവിനോട് പറഞ്ഞു. വിമാനം തടാകത്തില്‍ മുങ്ങാതിരുന്നതും ചിറകിന് മുകളിൽ മൂവര്‍ക്കും അഭയം പ്രാപിക്കാന്‍ കഴിഞ്ഞതും രക്ഷയാകുകയായിരുന്നു. ഒരു നീണ്ട രാത്രിയിലെ താപനിലയെ അതിജീവിച്ചതും അത്ഭുതമായാണ് കരുതുന്നത്. വിമാനത്തില്‍ ചൂടാക്കൽ സംവിധാനങ്ങളില്ലാത്തിനാല്‍ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ അവരുടെ പക്കലുണ്ടായിരുന്നെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. എങ്കില്‍പ്പോലും തടാകത്തിൽ വീശുന്ന തണുത്ത പ്രതിരോധിക്കാന്‍ പറ്റുന്നവിധത്തിലുള്ളവയായിരുന്നില്ല അവ.
ഫെബ്രുവരിയില്‍ ഉണ്ടായ ബെറിങ് എയര്‍ വിമാനാപകടം (ഫയല്‍ ചിത്രം)
ആങ്കറേജിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി 60,000 ഏക്കർ വിസ്തൃതിയിലാണ് തുസ്റ്റുമെന തടാകം സ്ഥിതി ചെയ്യുന്നത്. ചുറ്റുമുള്ള പർവതങ്ങളും ഹിമാനികളും പ്രദേശത്തെ പ്രവചനാതീതമായ കാലാവസ്ഥയെ സ്വാധീനിക്കുന്നു. ഏതുനിമിഷവും വീശിയടിക്കാവുന്ന ശൈത്യകാറ്റിന്‍റെ പേരിലും ഈയിടം പ്രശസ്തമാണ്. അതേസമയം, വിമാനാപകടത്തിന്‍റെ കാരണം അജ്ഞാതമായി തുടരുകയാണ്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനുമായി ചേർന്ന് ദേശീയ സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നോം, അലാസ്ക
ഫെബ്രുവരി ആദ്യവാരം നോമിലേക്കുള്ള യാത്രയ്ക്കിടെ അലാസ്കയ്ക്ക് മുകളില്‍, യാത്രാവിമാനം മഞ്ഞുപാളികളില്‍ ഇടിച്ച് പത്തുപേര്‍ കൊല്ലപ്പെട്ടിരുന്നു. ബെറിങ് എയറിന്‍റെ വിമാനമായിരുന്നു അപകടത്തില്‍പെട്ടത്. ഈ അപകടത്തിന് ശേഷം അലാസ്കയിലുണ്ടായ അടുത്ത അപകടമാണിത്, ശൈത്യകാലത്ത് അലാസ്കയില്‍ പലപ്പോഴും അപ്രതീക്ഷിതമായി മഞ്ഞുവീഴ്ചയും ശക്തിയേറിയ കാറ്റും ഉണ്ടാവാറുണ്ട്. ഇത് ചെറുവിമാനങ്ങളുടെ സഞ്ചാരത്തെ പ്രതികൂലമായി ബാധിക്കാറുമുണ്ടെന്ന് അധികൃതര്‍ പറയുന്നു.