Hot Springs in Yellowstone National Park, Credit: NPS/Diane Renkin
സജീവ അഗ്നിപര്‍വതത്തിന് മുകളിലൊരു ദേശീയോദ്യാനം. അതറിയാതെ കൂറ്റന്‍ കാട്ടുപോത്തിനെയും വെള്ളച്ചാട്ടവും ചൂടുറവകളും കണ്ട് മടങ്ങുന്ന വിനോദസഞ്ചാരികള്‍.. അമേരിക്കയിലെ യെല്ലോ സ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിനെ കുറിച്ച് കൂടുതല്‍ കൗതുകകരമായ വിവരങ്ങളാണ് ശാസ്ത്രജ്ഞര്‍ പുറത്തുവിടുന്നത്. സജീവ അഗ്നിപര്‍വതത്തിന് പുറത്താണ് ദേശീയോദ്യാനമിരിക്കുന്നതെന്നും 77 ഡിഗ്രി സെല്‍സ്യസിലേറെ താപനിലയില്‍ ആവി പുറന്തള്ളുന്ന ജ്വാലാമുഖമുണ്ടെന്നുമാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. ദേശീയോദ്യാനത്തിന്‍റെ ഭൂരിഭാഗം പ്രദേശവും സജീവ അഗ്നിപര്‍വത മേഖലയാണെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.
Cliff Geyser, Image Credit: NPS/Jim Peaco
യെല്ലോ സ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിനുള്ളിലെ ഭീമന്‍ ചൂടുറവയാണ് ഗവേഷണങ്ങള്‍ക്ക് തുടക്കമിട്ടത്. പാര്‍ക്കിനുള്ളിലെ മരങ്ങള്‍ക്കിടയിലൂടെ ആവി കുമിഞ്ഞുയരുന്നത് കണ്ട ശാസ്ത്രജ്ഞരിലൊരാളാണ് പഠനങ്ങള്‍ക്ക് സഹായകമായത്. 70,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യെല്ലോ സ്റ്റോണ്‍ പാര്‍ക്കിലെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചിരുന്നുവെന്നും ലാവ പ്രവഹിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ചൂടുറവകളും, ഉഷ്ണ പ്രവാഹങ്ങളും , അഗ്നിപര്‍വതത്തിന്‍റെ പുകദ്വാരങ്ങളുമെന്നിങ്ങളെ പതിനായിരത്തിലേറെ ഹൈഡ്രോ തെര്‍മല്‍ സവിശേഷതകള്‍ ഈ ദേശീയോദ്യാനത്തില്‍ ഉണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
Yellowstone National Park's Grand Prismatic hot spring (Image: REUTERS)
രൂപപ്പെട്ട കാലത്തെ ശക്തി നിലവില്‍ ചൂട് നീരുറവകള്‍ക്കില്ലെന്നാണ് ഗവേഷകരായ ഹംഗര്‍ഫോര്‍ഡും ഫോള്‍ ഡോണഹ്യുവും പറയുന്നത്. എന്നാല്‍ 2024ലെ വേനലില്‍ അഗ്നിപര്‍വതത്തില്‍ പുതിയ ജ്വാലാമുഖം കണ്ടെത്തിയതായി മാര്‍ച്ച് പതിനേഴിനാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ വെളിപ്പെടുത്തുന്നത്. ഈ ജ്വാലാമുഖത്ത് കൂടി ആവിയും പുകയും ശക്തമായി പുറന്തള്ളപ്പെടുന്നുണ്ട്. ഇത് ലാവ പ്രവാഹത്തിന്‍റെ അടിത്തട്ടില്‍ കാണപ്പെടുന്നതാണെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാസങ്ങളോളം ഈ ജ്വാലാമുഖം സജീവമായിരുന്നുവെന്നതിനെ ഗൗരവത്തോടെ കാണണമെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഇത് പുതിയ ജ്വാലാമുഖമാണെന്നും ഇതേ പ്രദേശത്ത് 2003ല്‍ സമാനപ്രതിഭാസമുണ്ടായിട്ടുണ്ടെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.