Zelensky (photo by Ludovic MARIN / POOL / AFP) Putin (Vyacheslav Prokofyev, Sputnik, Kremlin Pool Photo via AP)
റഷ്യന്‍ പ്രസിഡന്‍റ് വ്ളോഡിമര്‍ പുട്ടിന്‍റെ മരണം ഉടനെയുണ്ടാകുമെന്ന് തറപ്പിച്ച് പറഞ്ഞ് യുക്രൈയ്ന്‍ പ്രസിഡന്‍റ് സെലന്‍സ്കി. യുക്രൈയ്ന്‍–റഷ്യ യുദ്ധം അങ്ങനെ മാത്രമേ അവസാനിക്കുകയുള്ളൂവെന്നും അദ്ദേഹം ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പുട്ടിന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്കാജനകമായ അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടയിലാണ് യുക്രൈയ്ന്‍ പ്രസിഡന്‍റിന്‍റെ വിവാദ പ്രസ്താവന. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പുട്ടിന്‍ വൈകാതെ മരിക്കുമെന്നും യുദ്ധം അവസാനിക്കുമെന്നും സെലന്‍സ്കി തറപ്പിച്ച് പറഞ്ഞത്.
മാസങ്ങളായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടുമ്പോഴെല്ലാം അവശനായ പുട്ടിനെയാണ് കാണാന്‍ കഴിഞ്ഞിരുന്നത്. ചുമച്ച് തുടങ്ങിയാല്‍ നിര്‍ത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്നതും കൈകാലുകള്‍ നിയന്ത്രണാതീതമായി വിറയ്ക്കുന്നതും പുട്ടിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ആശങ്കകള്‍ വര്‍ധിപ്പിച്ചു. എന്നാല്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് ക്രെംലിന്‍ ഇതുവരേക്കും തയ്യാറായിട്ടില്ല. 2022 ല്‍ പ്രതിരോധമന്ത്രി സെര്‍ജി ഷൊയ്ഗുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മേശയില്‍ തലകുമ്പിട്ടിരിക്കുന്ന വിഡിയോയും വ്യാപകമായി പ്രചരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനാണെന്നും അതല്ല കാന്‍സറാണെന്നുമെല്ലാം വാര്‍ത്ത പരന്നുവെങ്കിലും ക്രെംലിന്‍ എല്ലാം തള്ളുകയായിരുന്നു.
യുഎസിന്‍റെ നേതൃത്വത്തില്‍ സമാധാനശ്രമങ്ങള്‍ പുരോഗമിച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനത്തിലേക്ക് എത്തിയിരുന്നില്ല. യുദ്ധം അവസാനിപ്പിക്കണമെന്ന് പുട്ടിന് യാതൊരു താല്‍പര്യവുമില്ലെന്നും സമാധാനശ്രമങ്ങളെ കാറ്റില്‍പ്പറത്തുകയാണെന്നും സെലന്‍സ്കി തിരിച്ചടിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയ്ക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആഴ്ച മാത്രം 117 ഡ്രോണ്‍ ആക്രമണങ്ങള്‍ റഷ്യ തന്‍റെ സ്വദേശത്ത് നടത്തിയെന്നും മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിതെന്നും സെലന്‍സ്കി തുറന്നടിച്ചു.