REUTERS/Amr Abdallah Dalsh
ഈജിപ്തിലെ ചെങ്കടലില്‍ അന്തര്‍വാഹിനി മുങ്ങി ആറ് വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹര്‍ഗുഡ തീരത്താണ് അപകടമുണ്ടായത്. മരിച്ചവരോ പരുക്കേറ്റവരോ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ രാജ്യക്കാരായ 45 പേരാണ് സിന്‍ബാദെന്ന അന്തര്‍വാഹിനിയിലേറി കടലിന്‍റെ അടിത്തട്ട് കാണാന്‍ യാത്ര തിരിച്ചത്.
അന്തര്‍വാഹിനി മുങ്ങിയെന്ന് വിവരം ലഭിച്ചതും കടലിലേക്കെത്തിയ ദ്രുതകര്‍മ സേന 29 വിനോദസഞ്ചാരികളെ രക്ഷപെടുത്തിയെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. പരുക്കേറ്റവരെ അതിവേഗത്തില്‍ ആശുപത്രിയില്‍ എത്തിച്ചുവെന്നും നിരീക്ഷണത്തിലാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, അന്തര്‍വാഹിനി മുങ്ങാനുണ്ടായ കാരണം വ്യക്തമല്ല.
നാലുമാസം മുന്‍പ് ചെങ്കടലില്‍ ആഡംബര നൗക മുങ്ങിയിരുന്നു. കടല്‍ പ്രക്ഷുബ്ധമാണെന്നും ഇറങ്ങരുതെന്നുമുള്ള മുന്നറിയിപ്പുകളെ അവഗണിച്ചായിരുന്നു അന്ന് ആഡംബര നൗക വിനോദ സഞ്ചാരികളുമായി കടലില്‍ ഇറങ്ങിയത്. നാലുപേര്‍ക്ക് അന്ന് ജീവന്‍ നഷ്ടമായി. 33 പേരെ രക്ഷപെടുത്താന്‍ കഴിഞ്ഞിരുന്നു.
ഈജിപ്തിലെ റിസോര്‍ട്ട് നഗരമാണ് ഹര്‍ഗൂഡ. ഇവിടെയുള്ള പ്രധാന ആകര്‍ഷണമാണ് സിന്‍ബാദ് അന്തര്‍വാഹിനിയെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിനോദസഞ്ചാരികള്‍ക്ക് സമുദ്രത്തിനടിയിലെ മനംമയക്കുന്ന കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കിയാണ് അന്തര്‍വാഹിനി വാര്‍ത്തകളില്‍ ഇടം നേടിയത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ അന്തര്‍വാഹിനിയുടെ സുരക്ഷയെ കുറിച്ച് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പലവട്ടം സാങ്കേതിക തകരാറുകള്‍ അന്തര്‍വാഹിനിക്ക് സംഭവിച്ചിട്ടുമുണ്ട്. ആറുപേരുടെ ജീവന്‍ കവര്‍ന്ന അപകടത്തോടെ ഉന്നതതല അന്വേഷണം വേണമെന്നും പ്രദേശത്തെ വിനോദസഞ്ചാരം സുരക്ഷിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള ആവശ്യം ഉയര്‍ന്നു.