സാറ ഹാന്‍സന്‍ യങ്
പലവിധ പ്രതിഷേധങ്ങള്‍ കണ്ടിട്ടുള്ള പാര്‍ലമെന്റാണ്. പക്ഷേ ഇങ്ങനെയൊന്ന് ഇതാദ്യം. ഓസ്ട്രേലിയന്‍ പാര്‍ലമെന്റായിരുന്നു വേദി. ഗ്രീന്‍സ് പാര്‍ട്ടി സെനറ്റര്‍ സാറ ഹാന്‍സന്‍ യങ് ആണ് തീപ്പൊരി പ്രസംഗത്തിനിടയില്‍ ചീഞ്ഞ മീനുയര്‍ത്തി പ്രതിഷേധിച്ചത്. ടാസ്മാനിയയിലെ സാല്‍മണ്‍ മല്‍സ്യകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനായുള്ള പുതിയ നിയമത്തിനെതിരെയായിരുന്നു സാറയുടെ പ്രതിഷേധം. സംസാരിക്കുന്നതിനിടെ പ്ലാസ്റ്റിക് കവറില്‍ കരുതിയ ചീഞ്ഞ സാല്‍മണ്‍ മല്‍സ്യം പുറത്തെടുത്ത സാറ അതുയര്‍ത്തിയാണ് ചോദ്യം ചോദിച്ചത്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിങ്ങളുടെ പരിസ്ഥിതി മൂല്യങ്ങള്‍ ഒരു ചീഞ്ഞു നാറുന്ന സാല്‍മണിനു വേണ്ടി വിറ്റുതുലച്ചോ എന്നാണ് സര്‍ക്കാരിനോടു സാറയുടെ ചോദ്യം. പ്രധാനമന്ത്രി ആന്റണി അല്‍ബനീസിനെ ഉന്നമിട്ടാണ് ചോദ്യം. സാറയുടെ അപ്രതീക്ഷിത നീക്കം പാര്‍ലമെന്റില്‍ മറ്റംഗങ്ങളെ ചിരിപ്പിച്ചു, നാറ്റം ഇഷ്ടപ്പെടാത്തചിലര്‍ കലിപ്പിലുമായി. സെനറ്റ് അധ്യക്ഷ സ്യൂ ലൈന്‍സ് ഇടപെട്ട് മീന്‍ ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു. എന്തായാലും സാറയുടെ കടുത്ത നീക്കം കൊണ്ടു ഫലമുണ്ടായില്ല. ടാസ്മാനിയയിലെ സാല്‍മണ്‍ കൃഷി പ്രോല്‍സാഹനബില്‍ പാര്‍ലമെന്റില്‍ പാസായി.
ഓസ്ട്രേലിയന്‍ പാര്‍ലമെന്റിന് മീന്‍നാറ്റം പുതിയ അനുഭവമായിരുന്നെങ്കിലും 2013ല്‍ ന്യൂസീലാന്‍ഡ് പാര്‍ലമെന്റ് ഇതുപോലൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിനോദമീന്‍പിടിത്ത നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ലേബര്‍ പാര്‍ട്ടി എം.പി. ഡേവിഡ് ഷിയറര്‍ ആണ് രണ്ടു മീനുമായി ചര്‍ച്ചയ്ക്കെത്തിയത്. നിങ്ങളത് രാത്രി ഡിന്നറാക്കാതിരിക്കാന്‍ കൊണ്ടു വന്ന മീന്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചിട്ടു പോയാല്‍ മതിയെന്ന അന്നത്തെ പ്രധാനമന്ത്രി ജോണ്‍ കീ തിരിച്ചടിച്ചത് ചിരി പടര്‍ത്തുകയും ചെയ്തിരുന്നു.