മുലപ്പാല്‍ ഐസ്ക്രീം വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി യുഎസിലെ പ്രശസ്തമായ ബേബി ബ്രാന്‍ഡ് ‘ഫ്രിഡ’. ടു ഇൻ വണ്‍ മാനുവൽ മുലയൂട്ടു പമ്പ് വിപണിയിലിറക്കുന്നതിന്‍റെ ഭാഗമായാണ് മുലപ്പാല്‍ ഐസ്ക്രീം പരീക്ഷിക്കുന്നത്.
മുലപ്പാല്‍ ഐസ്ക്രീം രുചിക്കാനാഗ്രഹിക്കുന്നവര്‍ പക്ഷേ ഒമ്പത് മാസം കാത്തിരിക്കേണ്ടി വരുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഈ സ്പെഷല്‍ ഐസ്ക്രീമിന്‍റെ രുചിയെന്താവുമെന്ന ചോദ്യം എല്ലാവര്‍ക്കുമുണ്ടാകും, ഇതിനൊരു ഉത്തരം കണ്ടെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്നു കമ്പനി.
മുലപ്പാല്‍ ഐസ്ക്രീം യഥാര്‍ത്ഥ മുലപ്പാല്‍ ഉപയോഗിച്ചാണോ നിര്‍മിക്കുന്നതെന്നാണ് പിന്നാലെ ഉയര്‍ന്ന ചോദ്യം. എന്നാല്‍ അങ്ങനെയല്ല, യുഎസിലെ ഭക്ഷ്യനിയന്ത്രണ ഏജൻസികൾ യഥാർത്ഥ മുലപ്പാല്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ അംഗീകരിച്ചിട്ടില്ലാത്തതിനാൽ അത് സാധ്യമല്ല. പകരം മുലപ്പാലിന്‍റെ ഗുണങ്ങളോട് ഏറ്റവും അടുത്തുനില്‍ക്കുന്ന രീതിയിലായിരിക്കും നിര്‍മാണം. ഇതിൽ ഒട്ടേറെ പോഷകങ്ങൾ അടങ്ങിയിരിക്കും, കൂടാതെ മധുരവും നേരിയ ഉപ്പും തോന്നുന്ന രുചിയായിരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
ഒമേഗ 3 ഫാറ്റി ആസിഡ്, കാര്‍ബോഹൈഡ്രേറ്റ്, ഇരുമ്പ്, കാല്‍സ്യം,സിങ്ക്, വൈറ്റമിന്‍–ബി,ഡി,എച്ച്2ഒ എല്ലാം അടങ്ങിയതാവും ഈ മുലപ്പാല്‍ ഐസ്ക്രീം. രുചിച്ചുനോക്കാന്‍ താല്‍പര്യമുള്ള കസ്റ്റമേഴ്സിനു കമ്പനി വെബ്സൈറ്റ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്നും അധികൃതര്‍ പറയുന്നു.
സംഗതി വൈറലായതോടെ വലിയ തോതിലുള്ള പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ നിന്നും ലഭിക്കുന്നത്. ഏപ്രില്‍ ഫൂള്‍ പ്രാങ്ക്, കമ്പനി നേരത്തേ തുടങ്ങിയോ എന്നു ചോദിക്കുന്നുണ്ട് ചിലര്‍. അതേസമയം എന്തിനാണിത്ര അദ്ഭുതം എന്നും പശുവിന്‍ പാലില്‍ നിന്നല്ലേ ഐസ്ക്രീം നിര്‍മിക്കുന്നതെന്നും ചോദിക്കുന്നു മറ്റുചിലര്‍. ഉല്‍പ്പന്നത്തിനായി ഉപഭോക്താക്കളില്‍ നിന്നും വലിയ തോതിലുള്ള ആവശ്യമുണ്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.