us-deportation-flight

File photo/ PTI

അനധികൃതമായി രാജ്യത്തേക്ക് കുടിയേറിയ ഇന്ത്യക്കാരെ മടക്കി അയച്ചപ്പോള്‍ മനുഷ്യത്വരഹിതമായി പെരുമാറിയെന്നും മതനിന്ദ നടത്തിയെന്നുമുള്ള ആരോപണങ്ങളില്‍ വ്യക്തത വരുത്തി അമേരിക്ക. വിലങ്ങ് വച്ചും , മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുമാറുമാണോ നാടുകടത്തപ്പെട്ടവരോട് പെരുമാറിയതെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ചോദ്യത്തോടാണ് യുഎസ് ഔദ്യോഗിക പ്രതികരണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം മൂന്ന് സൈനിക വിമാനങ്ങളിലായിട്ടാണ് അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയവരെ ട്രംപ് ഭരണകൂടം മടക്കി അയച്ചത്. 

ഭക്ഷണ, വിശ്വാസപരമായ കാര്യങ്ങളാണ് പ്രധാനമായും യുഎസിനോട് ആരാഞ്ഞതെന്ന് വിദേശകാര്യ സഹമന്ത്രി കൃതി വര്‍ധന്‍ സിങ് രാജ്യസഭയില്‍ പറഞ്ഞു. യുഎസ് നല്‍കിയ മറുപടി പ്രകാരം നാടുകടത്തിയപ്പോള്‍ സിഖ് വംശജരുടെ തലപ്പാവ് അഴിപ്പിച്ചില്ലെന്നും  സ്ത്രീകളോടും കുട്ടികളോടും മോശമായി  പെരുമാറിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഒരാളോട് പോലും തലപ്പാവ് അഴിക്കാന്‍ ആവശ്യപ്പെട്ടില്ലെന്നും സസ്യാഹാരം മാത്രമാണ് വിമാനയാത്രയില്‍ നല്‍കിയതെന്നുമാണ് യുഎസിന്‍റെ വിശദീകരണം. ഫെബ്രുവരി അഞ്ച്, 15,16 ദിവസങ്ങളിലാണ് കുടിയേറ്റക്കാരുമായി വിമാനങ്ങളെത്തിയത്. സിഖ് വംശജരില്‍ ചിലര്‍ യുഎസ് അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ തന്നെ തലപ്പാവ് ഉണ്ടായിരുന്നില്ലെന്നും യുഎസ് കസ്റ്റംസ് ആന്‍റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിഭാഗം വിശദീകരിച്ചു. 

ജനുവരി ഇരുപതിന് ട്രംപ് അധികാരമേറ്റതോടെയാണ് കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിലപാട് അമേരിക്ക സ്വീകരിച്ചത്. നൂറുകണക്കിന് ഇന്ത്യക്കാരെയും വഹിച്ച് മൂന്ന് സൈനിക വിമാനങ്ങളാണ് അമൃത്സറിലെത്തിയത്. അനധികൃതമായി യുഎസ് അതിര്‍ത്തി കടന്നെത്തിയവരെയാണ് മടക്കി അയച്ചതെന്നായിരുന്നു യുഎസിന്‍റെ വിശദീകരണം. മടങ്ങിയെത്തിയവരില്‍ ചിലര്‍  മനുഷ്യത്വരഹിതമായ  പെരുമാറ്റമാണ് നേരിട്ടതെന്നും തലപ്പാവ് അഴിപ്പിച്ചുവെന്നും സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരോട് കൊടും കുറ്റവാളികളോട് എന്നവണ്ണമാണ് പെരുമാറിയതെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തി. മടങ്ങിയെത്തിയവരുടെ വെളിപ്പെടുത്തലുകള്‍ പ്രതിപക്ഷവും രാഷ്ട്രീയ ആയുധമാക്കിയിരുന്നു. 

ENGLISH SUMMARY:

The US has responded to India's concerns, denying allegations of religious discrimination and mistreatment during the deportation of Sikh immigrants.