Screengrab: x.com/AvivaKlompas
ഹമാസിന്‍റെ പിടിയില്‍ നിന്ന് എത്രയും വേഗം മോചിപ്പിക്കണമെന്ന് കരഞ്ഞപേക്ഷിച്ച് ഇസ്രയേലി പൗരനായ എല്‍ക്കാന ബൊബോട്ട്. എങ്ങനെയെങ്കിലും വീട്ടിലെത്തിക്കണമെന്നും ഭാര്യയുടെയും കുഞ്ഞിന്‍റെയും മുഖമൊന്ന് കാണണമെന്നും നിലവിളിച്ച് പറയുന്ന ബൊബോട്ടിന്‍റെ വിഡിയോ ഹമാസാണ് പുറത്തുവിട്ടത്. 540 ദിവസത്തിലേറെയായി ബന്ദിയായി കഴിയുന്ന ബൊബോട്ടിന്‍റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് പുറത്തുവന്നത്.
ഹീബ്രു ഭാഷയിലാണ് ബൊബോട്ടിന്‍റെ സഹായാഭ്യര്‍ഥന. ഇത്തരത്തിലൊരു വിഡിയോ ചിത്രീകരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതാണെന്നും ഇത് സൈക്കോളജിക്കല്‍ യുദ്ധമല്ലെന്നും ബൊബോട്ട് കൂട്ടിച്ചേര്‍ക്കുന്നു. 'സത്യത്തില്‍ എന്‍റെ തലയ്ക്കുള്ളിലാണ് യഥാര്‍ഥ യുദ്ധം നടക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം എന്‍റെ ഭാര്യയുടെയും കുഞ്ഞിന്‍റെയും മുഖം കാണാതെയാണ് ഞാന്‍ ഉറക്കമുണരുന്നത്. അതെന്നെ തകര്‍ത്തുകളയുകയാണ്. ഭ്രാന്ത് പിടിപ്പിക്കുകയാണ്. നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയുമോ? എനിക്കെങ്ങനെയെങ്കിലും ഇവിടെ നിന്ന് പുറത്തുകടന്നാല്‍ മതി. എനിക്കെല്ലാവരെയും കാണണം. ഒന്ന് ഇവിടെ നിന്ന് പുറത്തെത്തിക്കൂ..' എന്നാണ് വിഡിയോ ആരംഭിക്കുന്നത്.
ബന്ദികളില്‍ കുറച്ചുപേരെ മാത്രമേ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തുള്ളൂവെന്ന വിമര്‍ശനവും ബൊബോട്ട് ഉയര്‍ത്തുന്നു. 'നിങ്ങള്‍ സ്ത്രീ സൈനികരെ പുറത്തെത്തിച്ചു, മുതിര്‍ന്നവരെ പുറത്തെത്തിച്ചു, ചെറുപ്പക്കാരെ പുറത്തെത്തിച്ചു, ഞങ്ങളൊഴികെ എല്ലാവരെയും പുറത്തെത്തിച്ചു. പ്രാണഭയത്തിലാണ് ഓരോ ദിവസവും കഴിയുന്നത്. നിമിഷംപ്രതി മരിക്കുകയാണ്. മകന്‍റെ അഞ്ചാം പിറന്നാളിനെങ്കിലും അവനെ കാണണമെന്ന് മുട്ടില്‍ നിന്ന് ബൊബോട്ട് യാചിക്കുന്നതും വിഡിയോയില്‍ കാണാം.
2023 ഒക്ടോബര്‍ ഏഴിന് മിന്നലാക്രമണത്തിന് പിന്നാലെയാണ് സംഗീതപരിപാടിക്കിടയില്‍ നിന്നും ബൊബോട്ടുള്‍പ്പടെയുള്ളവരെ ഹമാസ് പിടിച്ചുകൊണ്ട് പോയത്. ഇസ്രയേലുമായുണ്ടാക്കിയ താല്‍കാലിക വെടിനിര്‍ത്തല്‍ കരാറിന്‍റെ അടിസ്ഥാനത്തില്‍ ബന്ദികളില്‍ ഒരുഭാഗത്തെ ഹമാസ് വിട്ടയച്ചിരുന്നു. ഇനിയും 58 പേര്‍ കൂടി ഹമാസിന്‍റെ പിടിയിലുണ്ടന്നാണ് ഇസ്രയേലിന്‍റെ കണക്ക്.