hamas-protest

Palestinians protest to demand an end to war, chanting anti-Hamas slogans, in Beit Lahiya in the northern Gaza Strip March 26, 2025. REUTERS/Stringer

TOPICS COVERED

ഇസ്രയേലിനെതിരായ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗാസയില്‍ ഹമാസിനെതിരെ പ്രതിഷേധിച്ച് പലസ്തീനികള്‍. വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയയിൽ നൂറിലധികം പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഹമാസ് വിരുദ്ധ മുദ്യാവാക്യങ്ങളാണ് പ്രതിഷേധത്തിലുണ്ടായത്. യുദ്ധത്തില്‍ ഗാസയിലെ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങളിലൊന്നാണ് വടക്കൻ ഗാസ. ജനസാന്ദ്രതയുള്ള ഇവിടെ മിക്ക കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാൻ ജനസംഖ്യയിൽ ഭൂരിഭാഗവും പലതവണ താമസം മാറേണ്ടിയും വന്നു. 

ഭൂരിഭാഗം പുരുഷന്മാരടങ്ങുന്ന വലിയ ആള്‍കൂട്ടമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഹമാസ് പുറത്തു പോകുക, യുദ്ധം അവസാനിപ്പിക്കുക, പലസ്തീനിലെ കുട്ടികൾ ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നിങ്ങനെയുള്ള മുദ്യാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. രണ്ടു മാസത്തെ വെടിനിര്‍ത്തലിന് ശേഷം കഴിഞ്ഞാഴ്ച ഇസ്രയേല്‍ സേന ഗാസയില്‍ ആക്രമണം പുനരാരംഭിച്ചതിന് ശേഷമാണ് പ്രതിഷേധം ഉയര്‍ന്നത്. 

മുഖംമൂടി ധരിച്ച ആയുധധാരികളായ ഹമാസ് സൈനിക വിഭാഗം തോക്കുകളും ലാത്തിയുമായി പ്രതിഷേധത്തെ നേരിട്ടതായും റിപ്പോര്‍ട്ടുണ്ട്. സിവിലിയൻ വേഷത്തിലെത്തിയ ഹമാസ് ഉദ്യോഗസ്ഥർ പ്രകടനത്തെ പിരിച്ചുവിടാൻ ശ്രമിച്ചതായി പേര് വെളിപ്പെടുതാത്ത ഒരു പ്രതിഷേധക്കാരന്‍ എഎഫ്പിയോട് പറഞ്ഞു. 

ജനങ്ങള്‍ നിരാശരാണ്, ഹമാസ് ഗാസയിലെ അധികാരം ഒഴിയുന്നതാണ് പരിഹാരമെങ്കില്‍ എന്തുകൊണ്ടാണ് ഹമാസ് അധികാരം വിട്ട് ജനങ്ങളെ സംരക്ഷിക്കാത്തത്? എന്ന് പ്രതിഷേധക്കാരിലൊരാളായ മജ്‍ദി പറഞ്ഞു. അമേരിക്ക, ഇസ്രായേൽ, ഹമാസ് എന്നിവയുൾപ്പെടെ മുഴുവന്‍ ലോകത്തോടും ജനങ്ങള്‍ക്ക് ദേഷ്യമുണ്ട്. ഹമാസ് ഈ സാഹചര്യം പരിഹരിക്കണമെന്ന് മറ്റൊരു പ്രതിഷേധക്കാരന്‍ ആവശ്യപ്പെട്ടു. 

മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിൽ പ്രതിഷേധത്തിനുള്ള ആഹ്വാനങ്ങളെ തുടര്‍ന്നാണ് ഒത്തുകൂടിയതെന്നും പ്രതിഷേധക്കാർ പറഞ്ഞു. യുദ്ധം കാരണമുണ്ടായ ദുരിതങ്ങളിൽ പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ ബാസെം നയിം പറഞ്ഞു, എന്നാൽ രാഷ്ട്രീയ അജണ്ടകള്‍ സാഹചര്യം മുതലെടുക്കുന്നതായി അദ്ദേഹം സംശയിച്ചു. 

17 മാസത്തിലധികമായി തുടരുന്ന ഇസ്രയേല്‍– ഹമാസ് യുദ്ധം കഴിഞ്ഞാഴ്ചയാണ് പുനരാരംഭിച്ചത്. രണ്ടു മാസം നീണ്ട വെടിനിര്‍‌ത്തലിനിടെ ബന്ദി മോചനത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മാര്‍ച്ച് രണ്ടിന് ഗാസയിലേക്കുള്ള സഹായം ഇസ്രയേല്‍ തടഞ്ഞതാണ് പ്രതിസന്ധിയുണ്ടാക്കിയത്. പിന്നീട് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 792 പേര്‍ മരിച്ചെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. ഇതുവരെ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ 50,000 ത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ENGLISH SUMMARY:

Palestinians in Gaza staged protests against Hamas, demanding an end to the war with Israel. More than a hundred people participated in the demonstration in Beit Lahia, northern Gaza, chanting anti-Hamas slogans. Northern Gaza has suffered some of the worst destruction in the war, with most buildings reduced to rubble. The majority of the population has been displaced multiple times in an attempt to escape the conflict.