റഷ്യയ്ക്കും ഇറാനുമെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രെയ്നില്‍ വെടിനിര്‍ത്തലിന് തയാറാകാത്ത റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനോട് തനിക്ക് കടുത്ത ക്ഷോഭമുണ്ടെന്ന് ട്രംപ് പറഞ്ഞു. വഴങ്ങിയില്ലെങ്കില്‍ റഷ്യന്‍ എണ്ണവാങ്ങുന്ന രാജ്യങ്ങള്‍ക്ക് തീരുവ ഏര്‍പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. ആണവക്കരാറിന് തയാറായില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
അമേരിക്കന്‍ ന്യൂസ് ചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് പുട്ടിനെതിരെ തുറന്നടിച്ചത്. യുക്രെയ്നില്‍ വെടിനിര്‍ത്തല്‍ സാധ്യമായില്ലെങ്കില്‍ അത് റഷ്യയുടെ വീഴ്ചയാണെന്നും കടുത്ത നടപടിക്ക് മടിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. യുക്രെയ്ന്‍ പ്രസിഡന്റിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന പുട്ടിന്റെ നിലപാട് അംഗീകരിക്കില്ല. ഈയാഴ്ച പുട്ടിനുമായി ചര്‍ച്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. അതിനിടെ ആണവകരാറിന് അമേരിക്കയുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. മധ്യസ്ഥര്‍ വഴി ചര്‍ച്ചയ്ക്ക് സാധ്യത തുറന്നുകിടക്കുന്നതായും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ പറഞ്ഞു. കരാര്‍ ആവശ്യപ്പെട്ട് ട്രംപ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്ക് ട്രംപ് അയച്ച കത്തിന് ഇറാന്‍ ഒമാന്‍ മുഖേന മറുപടി നല്‍കി. അമേരിക്ക സമ്മര്‍ദവും ഭീഷണിയും മുഴക്കുമ്പോള്‍ ചര്‍ച്ച സാധ്യമാക്കില്ലെന്നാണ് ഇറാന്‍ നിലപാട്. കരാറിന് തയാറായില്ലെങ്കില്‍ ഇറാന്‍ ഇതുവരെ കാണാത്ത ബോംബ് ആക്രമണമുണ്ടാകുമെന്ന് ട്രംപ് ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. വിഷയത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു