ഭീകര ഭൂകമ്പങ്ങളുണ്ടാകും, അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തും, യൂറോപ്പ് തകരും, മൂന്നാം ലോക മഹായുദ്ധം ആസന്നം... 2025 ആരംഭിക്കുന്നതിന് മുന്‍പേ ബാബാ വാംഗയുടേതായി സോഷ്യല്‍ ലോകത്ത് പ്രവചരിച്ച പ്രവചനങ്ങളാണിവ! ഇതിനകം പെന്‍റഗണ്‍ ആക്രമണവും ഡയാന രാജകുമാരിയുടെ മരണവുമെല്ലാം ബാബ വാന്‍ക മുന്‍കൂട്ടി പറഞ്ഞിരുന്നുവെന്ന് വിശ്വസിക്കുന്നവരും കുറവല്ല. അങ്ങിനെയിരിക്കെ... ഭീകര ഭൂകമ്പങ്ങള്‍ എന്ന പ്രവചനവും മ്യാന്‍മറിലടക്കമുണ്ടായ ഭൂകമ്പങ്ങളും കൂട്ടിച്ചേര്‍ത്ത് വായിക്കുകയാണ് ചിലര്‍. ഒപ്പം 2025 ലെ വാംഗയുടെ മറ്റ് പ്രവചനങ്ങള്‍ തിരയുന്നവരും കുറവല്ല.
യൂറോപ്പ് തകരും എന്നായിരുന്നു വാംഗയുടെ മറ്റൊരു പ്രവചനം. ആഭ്യന്തര സ്പര്‍ധയാകും യൂറോപ്പിന്‍റെ നാശത്തിന് കാരണമാവുകയെന്നാണ് പ്രവചനം. കലഹം രൂക്ഷമാകുന്നതോടെ ജനസംഖ്യ കുറയും, ക്രമേണെ നാട് നശിക്കുമെന്നും ബാബ വാംഗയുടെ പ്രചരിക്കപ്പെട്ട പ്രവചനങ്ങളില്‍ പറയുന്നു. കാന്‍സറുള്‍പ്പടെയുള്ള മാരക രോഗങ്ങളെ ഭേദമാക്കാന്‍ പാകത്തിന് വൈദ്യശാസ്ത്രം വളരുമെന്നും ശാസ്ത്രമേഖലയിലും ലോകം നിര്‍ണായക നേട്ടമുണ്ടാക്കുമെന്നും അവര്‍ പറയുന്നു. ഭൂമിക്കപ്പുറമുള്ള ജീവികളുമായി സംവദിക്കാന്‍ അവസരമൊരുങ്ങും. അന്യഗ്രഹ ജീവികളുള്‍പ്പടെയുള്ളവയുമായി മനുഷ്യന്‍ ബന്ധം സ്ഥാപിക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്ന് അവര്‍ പ്രവചിക്കുന്നുണ്ട്.
വാംഗയുടെ പ്രവചനങ്ങൾ സത്യമോ?
സോവിയറ്റ് യൂണിയന്‍റെ പതനം. ചെർണോബൈൽ ദുരന്തം, ജോസഫ് സ്റ്റാലിന്‍റെ അന്ത്യം, സെപ്റ്റംബർ 11 ആക്രമണം, ഒബാമയുടെ തിരഞ്ഞെടുപ്പ് വിജയം എന്നിവയെല്ലാം ബാബാ വാംഗ പ്രവചിച്ചിരുന്നതായി അവരുടെ അനുയായികൾ അവകാശപ്പെടുന്നുണ്ട്. അതേസമയം ഇതെല്ലാം അടിസ്ഥാനമില്ലാത്ത കെട്ടുകഥകളാണെന്ന് പറയുന്നവരും ഉണ്ട്. യാഥാർഥത്തിൽ വാംഗയുടെ പേരിൽ, അവരുടെ പ്രവചനങ്ങളായി പ്രചരിക്കുന്ന മിക്കവയും വ്യാജമാണെന്നാണ് പൊതുവേ കരുതുന്നത്. അക്കൂട്ടത്തില്‍ പെടുന്നത് തന്നെയാണ് ഈ ‘ഭീകര ഭൂകമ്പം’ എന്ന പ്രവചനവും. കാരണം ഇത്തരം കാര്യങ്ങളൊന്നും ബാബ വാംഗ പ്രവചിച്ചതായി സ്ഥിരീകരണങ്ങള്‍ ഒന്നുമില്ല.
2025 ല്‍ അവസാനിക്കില്ല ഈ പ്രവചനങ്ങളും. 51 ാം നൂറ്റാണ്ടു വരെയുള്ള കാര്യങ്ങൾ വാംഗ പ്രവചിച്ചിട്ടുണ്ട് എന്നാണ് ഇവരുടെ അനുയായികള്‍ അവകാശപ്പെടുന്നത്. 2025-ൽ മനുഷ്യരാശിയുടെ പതനം ആരംഭിക്കുമെന്നും 5079-ൽ ലോകം അവസാനിക്കുമെന്നും വാംഗയുടെ പ്രവചനങ്ങളിലുണ്ടെന്നാണ് ഇവര്‍ പറയുന്നത്. 2033 ല്‍ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികൾ ഉരുകുന്നത് ആഗോള സമുദ്രനിരപ്പ് ഉയര്‍ത്തും, 2076 ല്‍ കമ്മ്യൂണിസം ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ വ്യാപിക്കും, 2130 ല്‍ മനുഷ്യവർഗം അന്യഗ്രഹ ജീവികളുമായി സമ്പർക്കം സ്ഥാപിക്കും, 2170 ല്‍ വരൾച്ചയുണ്ടാകും, 3797 ല്‍ ഭൂമി വാസയോഗ്യമല്ലാതായി മാറും, 5079ല്‍ ലോകം അവസാനിക്കും എന്നിങ്ങനെ നീളുന്നു ഈ ‘പ്രവചനങ്ങള്‍’.
മരണശേഷവും നിലയ്ക്കാത്ത പ്രവചനങ്ങൾ
റിപ്പോര്‍ട്ടുകള്‍ പ്രകാരം 1996ല്‍ മരണപ്പെട്ട വ്യക്തിയാണ് ബാബാ വാംഗ, പിന്നെ എങ്ങിനെയാണ് എല്ലാവര്‍ഷവും മുടങ്ങാതെ പ്രവചനങ്ങളെത്തുന്നത്? വാംഗ പലപ്പോഴായി പ്രവചിച്ച കാര്യങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിച്ചിരുന്നതായിട്ടാണ് അനുയായികൾ പറയുന്നത്. 51 ാം നൂറ്റാണ്ടു വരെയുള്ള കാര്യങ്ങൾ വാംഗ പ്രവചിച്ചിട്ടുണ്ട് എന്നാണ് അവർ അവകാശപ്പെടുന്നത്. വാംഗയുടെ പ്രവചനങ്ങൾ സത്യമാണോ അല്ലയോ എന്ന ചർച്ചകൾ ഇന്നും നടക്കുന്നുണ്ട് എങ്കിൽ പോലും എല്ലാ വർഷാവസാനവും ഇവരുടേതെന്ന പേരിൽ പ്രചരിക്കുന്ന പ്രവചനങ്ങൾ ഇന്റർനെറ്റിൽ ട്രെൻിഡിങ്ങായി മാറാറുണ്ട്. ലോകമെമ്പാടും ലക്ഷക്കണക്കിന് അനുയായികളും ഇവർക്കുണ്ട്.