ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനം തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചതില്‍ വിശദീകരണവുമായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ സുഹൃത്തൊക്കെയാണെങ്കിലും യുഎസിനോട് ഇന്ത്യ പെരുമാറുന്ന രീതി അത്ര നല്ലതല്ലെന്നാണ് ട്രംപിന്‍റെ വാദം. ഇന്ത്യ ഏര്‍പ്പെടുത്തുന്ന ഇറക്കുമതിത്തീരുവ 52 ശതമാനമാണ്. ഇത് അത്ര ശരിയായ കാര്യമല്ല. അതുകൊണ്ട് യുഎസ് ഇന്ത്യയ്ക്ക് മേല്‍ അതിന്‍റെ പകുതി അതായത് 26 ശതമാനം തിരിച്ചടിത്തീരുവ ചുമത്തുകയാണെന്നും ട്രംപ് വിശദീകരിച്ചു. 'മോദി ഇവിടെ നിന്നും മടങ്ങിയിട്ട് അധികം ദിവസമായില്ല. അദ്ദേഹം എന്‍റെ സുഹൃത്തൊക്കെ തന്നെയാണ്. നിങ്ങളെന്‍റെ സുഹൃത്താണെന്നത് സമ്മതിച്ചു, പക്ഷേ നിങ്ങള്‍ അമേരിക്കയോട് അത്ര നീതിപൂര്‍വമായല്ല പെരുമാറുന്നത് എന്ന് ഞാന്‍ അദ്ദേഹത്തോട് പറയുകയും ചെയ്തു' – ട്രംപ് വ്യക്തമാക്കി.
26 ശതമാനം തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചുവെങ്കിലും എങ്ങനെയാകും അത് ഈടാക്കുകയെന്നത് സംബന്ധിച്ചോ ഏതൊക്കെ വ്യവസായങ്ങളെയാകും കൂടുതലായി ബാധിക്കുകയെന്നോ ട്രംപ് വ്യക്തമാക്കിയിട്ടില്ല. അമേരിക്കയിലെത്തുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 10 ശതമാനം അടിസ്ഥാനത്ത തീരുവ ഉണ്ടാകും. രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന അധികത്തീരുവയ്ക്ക് പുറമെയാണിതെന്ന് വൈറ്റ് ഹൗസ് പിന്നീട് വിശദീകരിച്ചു.10 ശതമാനം തീരുവ ഏപ്രില്‍ അഞ്ച് മുതലും രാജ്യങ്ങള്‍ക്ക് പ്രത്യേകമായി ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ ഏപ്രില്‍ ഒന്‍പത് മുതലുമാകും പ്രാബല്യത്തില്‍ വരികയെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു.
അമേരിക്കന്‍ ജനത അനുകമ്പയും ദയയും ഉള്ളവരാണെന്ന് പറഞ്ഞ ട്രംപ് അതിനാലാണ് മറ്റുരാജ്യങ്ങള്‍ അമേരിക്കയ്ക്ക് മേല്‍ ചുമത്തുന്നതിന്‍റെ പകുതി മാത്രം തീരുവ ചുമത്തിയതെന്നും അത് ന്യായീകരിക്കാന്‍ കഴിയുന്നതാണെന്നും അവകാശപ്പെട്ടു. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ വച്ചായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം. സുദീര്‍ഘമായൊരു കാലം മറ്റു രാജ്യങ്ങള്‍ അമേരിക്കയെ കൊള്ളയടിച്ചു, അമേരിക്കന്‍ നയങ്ങളെ മുതലെടുത്ത് സമ്പന്നരായി. പക്ഷേ ഇനി അത് നടക്കില്ല. ഈ ഏപ്രില്‍ രണ്ട് രാജ്യത്തിന്‍റെ ' സ്വാതന്ത്ര്യത്തിന്‍റെ ദിവസമാണ്– അമേരിക്ക അതിന്‍റെ എല്ലാ വ്യവസായങ്ങളെയും പ്രൗഢിയെയും വീണ്ടെടുക്കുകയാണ്. അമേരിക്കയ്ക്ക് മേല്‍ ഇറക്കുമതിത്തീരുവ ചുമത്തിയിരിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്ക് മേലും അമേരിക്ക തിരിച്ചും തീരുവ ചുമത്തുകയാണ്. ഇതുവഴി നമ്മള്‍ നമ്മുടെ ജോലികള്‍, വ്യവസായങ്ങള്‍, ചെറുകിട– ഇടത്തരം വ്യവസായങ്ങള്‍ എന്നിവ വീണ്ടെടുക്കും. അങ്ങനെ അമേരിക്കയെ വീണ്ടും സമ്പന്നമാക്കും'- ട്രംപ് പറഞ്ഞു.
ട്രംപ് ഏര്‍പ്പെടുത്തിയ ഇറക്കുമതിത്തീരുവകള്‍ ഇങ്ങനെ: ചൈന(34 ശതമാനം), യൂറോപ്യന്‍ യൂണിയന് (20 ശതമാനം), വിയറ്റ്നാം(46 ശതമാനം), തായ്വാന് (32 ശതമാനം), ജപ്പാന്‍ (24 ശതമാനം) ഇന്ത്യ (26 ശതമാനം), യുണൈറ്റഡ് കിങ്ഡം (10 ശതമാനം), ബംഗ്ലദേശ് (37 ശതമാനം), പാക്കിസ്ഥാന്‍ (29 ശതമാനം), ശ്രീലങ്ക (44 ശതമാനം), ഇസ്രയേല്‍ (17 ശതമാനം)