A 3D-printed miniature model of U.S. President Donald Trump, U.S. Flag and word "Tariffs" are seen in this illustration taken, April 2, 2025. REUTERS/Dado Ruvic/Illustration
അമേരിക്കയെ സമ്പന്നരാഷ്ട്രമാക്കാന്‍ 'സാമ്പത്തിക സ്വാതന്ത്ര്യം' പ്രഖ്യാപിച്ച ഡോണള്‍ഡ് ട്രംപിന്‍റെ തിരിച്ചടിത്തീരുവയില്‍ അടി അമേരിക്കന്‍ ജനതയ്ക്കും. ഭീമമമായ തീരുവ രാജ്യങ്ങളില്‍ നിന്ന് ഈടാക്കുന്നതോടെ അമേരിക്കന്‍ ജനതയുടെ പല നിത്യോപയോഗ സാധനങ്ങള്‍ക്കും വില റോക്കറ്റ് പോലെ കുതിച്ചുയരും.
FILE PHOTO: U.S. President Donald Trump holds a signed executive order on tariffs, in the Rose Garden at the White House in Washington, D.C., U.S., April 2, 2025. REUTERS/Leah Millis/File Photo
എന്താണ് തീരുവ?
മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തുന്ന നികുതിയാണ് തീരുവ. അതായത് ഇന്ത്യയിലേക്ക് അമേരിക്കന്‍ നിര്‍മിത ഷൂ ഇറക്കുമതി ചെയ്യുമ്പോള്‍ കേന്ദ്ര ഗവണ്‍മെന്‍റ് ആ ഉല്‍പ്പന്നത്തിന്‍മേല്‍ ചുമത്തുന്ന നികുതിയെന്നും തീരുവയെ പറയാം. വിദേശ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് വിറ്റഴിക്കണമെങ്കില്‍ കമ്പനികള്‍ നിശ്ചിത തുക തീരുവയായി സര്‍ക്കാരിലേക്ക് നല്‍കേണ്ടതുണ്ട്. ഉല്‍പ്പന്നത്തിന്‍റെ വിലയില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയാണ് കമ്പനികള്‍ ഈ തുക കണ്ടെത്തിക്കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ തിരിച്ചടിത്തീരുവ ഉപഭോക്താക്കളെയും വന്‍തോതില്‍ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയേറുന്നതിനൊപ്പം വിറ്റഴിയുന്നതിലും മാന്ദ്യമുണ്ടാകും. വിപണിയില്‍ പിടിച്ചു നില്‍ക്കുന്നതിനായി ഉല്‍പ്പന്നങ്ങളുടെ വില വെട്ടിക്കുറയ്ക്കുകയോ ലാഭം ത്യജിച്ച് കച്ചവടം നടത്തേണ്ടതായോ കമ്പനികള്‍ക്ക് ചെയ്യേണ്ടി വരും.
വിലയേറുന്ന ചില ഉല്‍പ്പന്നങ്ങളിതാ...
Automobiles unloaded from a cargo ship are parked at Tanjong Pagar container terminal in Singapore April 3, 2025. Image taken through glass window. REUTERS/Edgar Su TPX IMAGES OF THE DAY
കാറുകള്‍: 25 ശതമാനം തീരുവയാണ് കാറുകള്‍ക്കും സ്പെയര്‍ പാര്‍ട്സുകള്‍ക്കും ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് പുറമെ അമേരിക്കയില്‍ നിര്‍മിക്കുന്ന കാറുകള്‍ക്കും വില കൂടും. അമേരിക്കന്‍ ഉല്‍പാദന മേഖലയ്ക്ക് കരുത്ത് പകരാണ് ട്രംപ് ലക്ഷ്യമിടുന്നതെങ്കിലും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന പാര്‍ട്സുകള്‍ ഉപയോഗിക്കേണ്ടി വരുന്നതോടെ ലക്ഷ്യം പിഴയ്ക്കും. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നിര്‍മിച്ച 10.2 ദശലക്ഷം കാറുകളില്‍ വലിയൊരു പങ്കും ഇറക്കുമതി ചെയ്ത പാര്‍ട്സ് ഉപയോഗിച്ചുള്ളവയായിരുന്നുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപിന്‍റെ പുതിയ നയം പ്രാബല്യത്തിലാകുന്നതോടെ കാറിന്‍റെ വിലയില്‍ കുറഞ്ഞത് 2500 ഡോളര്‍ മുതല്‍ 20,000 ഡോളര്‍ വരെ വില വര്‍ധിച്ചേക്കുമെന്നാണ് ആന്‍ഡേഴ്സണ്‍ ഇക്കണോമിക് ഗ്രൂപ്പിന്‍റെ പ്രവചനം. ഓഡി, ബിഎംഡബ്ല്യു, ജഗ്വാര്‍– ലാന്‍ഡ് റോവര്‍, മെഴ്സീഡിയസ്– ബെന്‍സ്, ജെന്‍സിസ്, ലക്സസ് എന്നീ കമ്പനികളുടെ ആഡംബര കാറുകള്‍ക്കും എസ്യുവികള്‍ക്കും വില കുതിച്ചുയരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
തുണിത്തരങ്ങളും ഷൂവും: യുഎസില്‍ വില്‍ക്കുന്ന തുണിത്തരങ്ങളും ഷൂവും വലിയൊരു പങ്കും എത്തുന്നത് ചൈന, വിയറ്റ്നാം, ബംഗ്ലദേശ് എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നാണ്. ട്രംപിന്‍റെ തിരിച്ചടിത്തീരുവയില്‍ വന്‍ തുകയാണ് ഈ മൂന്ന് രാജ്യങ്ങള്‍ക്കും ചുമത്തിയിരിക്കുന്നത്. ചൈനയ്ക്ക് മേല്‍ 34 ശതമാനവും വിയറ്റ്നാമിന് മേല്‍ 46 ശതമാനവും ബംഗ്ലദേശിന് മേല്‍ 37 ശതമാനവുമാണ് തിരിച്ചടിത്തീരുവ. ഇതോടെ വസ്ത്ര– ചെരുപ്പ് വിപണി കാര്യമായി ബാധിക്കപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Cambodian garment workers look at clothes displayed for sale during a lunch break on a sidewalk at Ang Tako village, outside Phnom Penh Cambodia, Thursday, April 3, 2025. (AP Photo/Heng Sinith)
വൈനും കാപ്പിയും: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യത്തിന് 200 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ട് അധികമായില്ല. ഇത് പ്രാവര്‍ത്തികമായാല്‍ അമേരിക്കക്കാരുടെ കുടി മുട്ടുമെന്ന് ഉറപ്പാണ്. സ്പാനിഷ് വൈന്‍, ഫ്രഞ്ച് ഷാംപെയ്ന്‍, ജര്‍മന്‍ ബീര്‍ എന്നിവ വാങ്ങാന്‍ ജനങ്ങള്‍ക്ക് കീശ കാലിയാക്കേണ്ടി വരും.
കാപ്പി ഇറക്കുമതിയില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനമാണ് യുഎസിനുള്ളത്. 2023 ല്‍ യുഎസ് വിപണിയില്‍ എത്തിയ റോസ്റ്റ് ചെയ്യാത്ത കാപ്പിയുടെ 80 ശതമാനവും ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് , പ്രത്യേകിച്ചും ബ്രസീലില്‍ നിന്നും കൊളംബിയയില്‍ നിന്നുമായിരുന്നുവെന്ന് യുഎസ് കാര്‍ഷിക വകുപ്പിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. ബ്രസീലിനും കൊളംബിയയ്ക്കും 10 ശതമാനം വീതമാണ് ട്രംപ് തിരിച്ചടിത്തീരുവ ചുമത്തിയിരിക്കുന്നത്.
Coffee beans are displayed at a Juan Valdez cafe, in Bogota, Colombia March 21, 2025. REUTERS/Luisa Gonzalez
അവക്കാഡോ: അമേരിക്കയിലേക്ക് ഏറ്റവുമധികം അവക്കാഡോയെത്തുന്നത് മെക്സിക്കോയില്‍ നിന്നാണ്. ആകെ ഇറക്കുമതിയുടെ ഏകദേശം 89 ശതമാനത്തോളം വരുമിത്. മെക്സിക്കോയില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഏര്‍പ്പെടുത്തുന്ന തീരുവ അവക്കാഡോയുടെ വിലയും അവക്കാഡോ ചേര്‍ത്ത ഭക്ഷണങ്ങളുടെ വിലയും കുതിച്ചുയരാന്‍ കാരണമാകും.
FILE PHOTO: A Petro-Canada gas station stands at night, as steam rises from an ArcelorMittal Dofasco facility in the background, in Hamilton, Ontario, Canada, January 31, 2025. REUTERS/Carlos Osorio/File Photo
ഇന്ധന വില: അമേരിക്കയിലേക്ക് അസംസ്കൃത എണ്ണ ഏറ്റവുമധികം വിതരണം ചെയ്യുന്നത് കാനഡയാണ്. ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷം ജനുവരിക്കും നവംബറിനുമിടയില്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്ത 61 ശതമാനം അസംസ്കൃത എണ്ണയും കാനഡയില്‍ നിന്നായിരുന്നു. 10 ശതമാനമാണ് കാനഡയ്ക്കുമേല്‍ യുഎസ് നിലവില്‍ ചുമത്തിയിരിക്കുന്ന തീരുവ. ഇന്ധന ദൗര്‍ലഭ്യം നിലവില്‍ അമേരിക്കയില്‍ ഉണ്ടാവില്ലെങ്കിലും റിഫൈനറികള്‍ക്ക് നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരും. ഗ്യാസൊലൈന്‍, ഡീസല്‍, ജെറ്റ് ഫ്യുവല്‍ എന്നിവയുണ്ടാക്കുന്നതിനായി മിക്ക റിഫൈനറികള്‍ക്കും അസംസ്കൃത എണ്ണയാണ് വേണ്ടി വരുന്നത്. ഇവയാകട്ടെ പ്രധാനമായും കാനഡയില്‍ നിന്നും മെക്സികോയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി തുടരാനാണ് റിഫൈനറികളുടെ തീരുമാനമെങ്കില്‍ ഇന്ധന വിലയും ഉയരുമെന്ന് അമേരിക്കന്‍ ഫ്യുവല്‍ ആന്‍റ് പെട്രോ െകമിക്കല്‍ മാനുഫാക്ചറേഴ്സ് പറയുന്നു.