യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പകരച്ചുങ്കത്തിന് കനത്ത തിരിച്ചടി നല്‍കി ചൈന. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 34 ശതമാനം തീരുവ ഏര്‍പ്പെടുത്തി. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് ചുമത്തിയ അതേ തീരുവയാണിത്. വൈദ്യുതി വാഹനങ്ങളുടെയും ഇലക്ട്രിക് ഉപകരണങ്ങളുടെയും യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത സാധനങ്ങള്‍ക്കും കനത്ത നികുതി ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് ചൈന. ഏപ്രിൽ 10 മുതൽ തീരുവ ഏർപ്പെടുത്തുമെന്നാണ് ചൈന വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.
യുഎസിൽ നിന്നുള്ള എല്ലാ ഇറക്കുമതി സാധനങ്ങൾക്കും, നിലവിലുള്ള താരിഫ് നിരക്കിന് പുറമേ 34 ശതമാനം അധിക താരിഫ് ചുമത്തുമെന്നാണ് ബീജിങ് ധനകാര്യ മന്ത്രാലയം അറിയിച്ചത്. മാഗ്നറ്റിക് റെസൊണൻസ് ഇമേജിങില്‍ സാധാരണയായി ഉപയോഗിക്കുന്ന ഗാഡോലിനിയം, കൺസ്യൂമർ ഇലക്ട്രോണിക്സിൽ ഉപയോഗിക്കുന്ന യിട്രിയം എന്നിവയുൾപ്പെടെ ഏഴ് അപൂർവ ഭൗമ മൂലകങ്ങളുടെ കയറ്റുമതിയിലും ചൈനയുടെ വാണിജ്യ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തീരുവകൾ ചുമത്തിയതിനെതിരെ ചൈന ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) കേസ് ഫയൽ ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം ട്രംപിന്‍റെ പകരച്ചുങ്കത്തില്‍ തകര്‍ന്നടിഞ്ഞ അമേരിക്കന്‍ ഓഹരിവിപണികള്‍ കനത്ത നഷ്ടത്തില്‍ തന്നെ തുടരുകയാണ്. ആഗോള ഓഹരി വിപണിയും നഷ്ടത്തില്‍നിന്ന് കരകയറാന്‍ ദിവസങ്ങളെടുത്തേക്കും. ചൈനയടക്കം യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കൂട്ടുന്നതോടെ ലോകമാകെ ഒരു വ്യാപാരയുദ്ധത്തിലേക്ക് പോകുമോയെന്ന ആശങ്കയും ശക്തിപ്പെടുകയാണ്. എണ്ണവിലയിലും വന്‍ ഇടിവാണ്. സ്ഥിതി തുടര്‍ന്നാല്‍ ലോകമാകെ സാമ്പത്തിക മാന്ദ്യത്തിലേക്ക് കാര്യങ്ങള്‍ പോകാനും സാധ്യതയുണ്ടെന്ന് ആശങ്കയുണ്ട്.