Image Credit: X/vaniya_agrawal
മൈക്രോസോഫ്റ്റിന്‍റെ 50-ാം വാര്‍ഷിക വേദിയില്‍ പലസ്തീന് വേണ്ടി വാദിച്ച് ഇന്ത്യന്‍ ടെക്കി വാനിയ അഗര്‍വാള്‍. കഴിഞ്ഞാഴ്ച വാഷിങ്ടണില്‍ നടന്ന ചടങ്ങിലാണ് സഹ സ്ഥാപകന്‍ ബിൽ ഗേറ്റ്സ്, മുന്‍ സിഇഒ സ്റ്റീവ് ബാൽമർ, നിലവിലെ സിഇഒ സത്യ നാദെല്ല എന്നിവര്‍ക്ക് മുന്നില്‍ വാനിയ പ്രതിഷേധിച്ചത്.
ഗാസ യുദ്ധത്തില്‍ ഇസ്രയേലിന് സൈന്യത്തിന് എഐ ടൂളുകള്‍ കമ്പനി നല്‍കുന്നതിനെതിരെയാണ് വാനിയ ചോദ്യമുയര്‍ത്തിയത്. 'ഗസയില്‍ 50,000 പാലസ്തീനികളാണ് മൈക്രോസോഫ്റ്റ് സാങ്കേതിക വിദ്യ കാരണം മരണപ്പെടുന്നത്. നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു? അവരുടെ രക്തത്തിൽ ആഘോഷിക്കുന്നു, നിങ്ങളോട് നാണക്കേട് തോന്നുന്നു' എന്നാണ് വാനിയ പറഞ്ഞത്. ഇസ്രായേൽ പ്രതിരോധ മന്ത്രാലയവുമായി മൈക്രോസോഫ്റ്റ് 133 മില്യൺ ഡോളറിന്റെ ക്ലൗഡ്, എഐ കരാർ ഒപ്പിട്ടതാണ് പ്രതിഷേധത്തിന്‍റെ അടിസ്ഥാനം.
എഐ തലവന്‍ മുസ്തഫ സുലൈമാന്‍ എഐ അസിസ്റ്റന്‍റിന്‍റെ അപ്‌ഡേറ്റുകളും ദീർഘകാല പദ്ധതികളും വിശദീകരിക്കെയാണ് ആദ്യ പ്രതിഷേധമുണ്ടായത്. കാനഡ ഡിവിഷനില്‍ ജോലി ചെയ്യുന്ന എഐ എന്‍ജിനീയര്‍ ഇബ്തിഹാൽ അബൂസാദാണ് പ്രതിഷേധിച്ചത്. 'നിങ്ങള്‍ പറയുന്നു എഐ നല്ലതിനാണ് ഉപയോഗിക്കുന്നതെന്ന്. എഐ ഇസ്രയേലി സൈന്യത്തിന്‍റെ ആയുധമാണ്. വംശഹത്യയ്ക്കായി എഐ ഉപയോഗിക്കുന്നത് നിർത്തുക' എന്നായിരുന്നു അബൂസാദിന്‍റെ വാക്കുകള്‍.
പ്രതിഷേധത്തിന് പിന്നാലെ ഇയാളെ കമ്പനി പിരിച്ചുവിട്ടു. പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായ രാജി നല്‍കിയ വാനിയ, ഏപ്രില്‍ 11 ന് കമ്പനി വിടുമെന്ന് അറിയിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച തന്നെ രാജി സ്വീകരിച്ചതായി മൈക്രോസോഫ്റ്റ് അറിയിച്ചു.
2023 സെപ്റ്റംബര്‍ മുതല്‍ മൈക്രോസോഫ്റ്റിന്‍റെ വാഷിങ്ടണ്‍ ഡിവിഷനില്‍ സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറാണ് വാനിയ അഗര്‍വാള്‍. അരിസോന സ്റ്റേറ്റ് സര്‍വകലാശാലയില്‍ നിന്നാണ് സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറിങില്‍ ബിരുദം നേടിയത്. മൂന്ന് വര്‍ഷം ആമസോണില്‍ സോഫ്റ്റ്‍വെയര്‍ ഡെവലപ്മെന്‍റ് എന്‍ജിനീയറായിരുന്നു. 2023 ലാണ് മൈക്രോസോഫ്റ്റിന്‍റെ എഐ ഡിവിഷനിലേക്ക് എത്തുന്നത്.
ടെക് മേഖലയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് 2016 ൽ, ഇല്ലിനോയിസിലെ നേപ്പർവില്ലിൽ മെഡിക്കൽ അസിസ്റ്റന്റായിരുന്നു. 2015 ൽ, ടീ കൺസൾട്ടന്റായും 2014 ൽ ഫാർമസി ടെക്നീഷ്യനായും ജോലി ചെയ്തിരുന്നു. 2012 ൽ, വന്നൂഷ്ക സംരംഭവും നടത്തിയിരുന്നു.