image: instagram.com/yousuckatcooking/

image: instagram.com/yousuckatcooking/

ആയിരത്തിമുന്നൂറ് രൂപയുടെ തക്കാളി കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ ലോകം. വെറും തക്കാളിയല്ല വൈറല്‍ തക്കാളി. അതും പാട്ടു കേട്ടും മഴവെള്ളം മാത്രം കുടിച്ചും ശബ്ദമലിനീകരണമില്ലാത്ത ചുറ്റുപാടിലും വളര്‍ന്ന തക്കാളി! ലോസ് ഏയ്ഞ്ചല്‍സിലെ വ്ലോഗര്‍മാരിലൊരാളാണ് തക്കാളിയുടെ വിവരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 

തീര്‍ത്തും ജൈവ തക്കാളിയാണിതെന്നും ഏറ്റവും മേല്‍ത്തരമായ കാര്‍ഷിക രീതികളാണ് തക്കാളി വളര്‍ത്തുന്നതിനായി സ്വീകരിച്ചിട്ടുള്ളതെന്നുമാണ് ഒപ്പമുള്ള കുറിപ്പില്‍ അവകാശപ്പെടുന്നതെന്ന് വ്ലോഗര്‍  പറയുന്നു. സവിശേഷതകള്‍ ഇങ്ങനെ..'തുള്ളി തുള്ളിയായി നനയ്ക്കുന്നതിനായി മഴവെള്ളം മാത്രമാണ് ശേഖരിച്ച് ഉപയോഗിച്ചിട്ടുള്ളത്. തക്കാളി വളര്‍ന്ന പ്രദേശത്ത് ശബ്ദമലിനീകരണം ഇല്ലാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. അതും 55 ഡെസിബെല്ലില്‍ താഴെ മാത്രം ശബ്ദമേ ഉണ്ടായിട്ടുള്ളൂവെന്നും പ്രകൃതിയില്‍ നിന്നും അല്ലാതെയുമുള്ള സുന്ദരമായ സംഗീതം കേട്ടാണ് തക്കാളി വളര്‍ന്നതെന്നും കുറിപ്പില്‍ പറയുന്നു. തക്കാളിയുടെ ഗുണഗണങ്ങള്‍ വര്‍ണിച്ചിരിക്കുന്ന പേപ്പര്‍ കാര്‍ബണ്‍ ന്യൂട്രലാണെന്നും, തക്കാളി സൂക്ഷിക്കാന്‍ ഹെംപിന്‍റെ ബാഗാണ് ഉപയോഗിച്ചതെന്നും വരെ തക്കാളി വിശേഷം നീളുന്നു.

വളര്‍ത്തിയെടുത്ത സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ തക്കാളിക്ക് വീണ്ടും ഇതേ കൃഷിയിടത്തില്‍ വളരാന്‍ തോന്നുമെന്നും അത്രയേറെ പരിചരിച്ചിട്ടുണ്ടെന്നും വ്ലോഗര്‍ പറയുന്നു. തക്കാളിയെ വളര്‍ത്തിക്കൊണ്ട് വന്ന രീതി കണ്ട് അതിശയം തോന്നുന്നുവെന്നായിരുന്നു വിഡിയോയ്ക്ക് ചുവടെ ഒരാള്‍ കുറിച്ചത്. എന്നാല്‍ 20 ഡോളറിന് ഒരു സ്ട്രോബെറി വാങ്ങി കഴിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറെ പരിഹസിക്കുന്ന വിഡിയോയാണിതെന്ന് വിഡിയോയ്ക്ക് ചുവടെ കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

1600 രൂപയിലേറെ മുടക്കി താന്‍ ഒരു സ്ട്രോബെറി വാങ്ങിയെന്ന് അവകാശപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് ഇന്‍സ്റ്റഗ്രാമില്‍ ഒരു വ്ലോഗ് പ്രത്യക്ഷപ്പെട്ടത്. അമേരിക്കയിലെ ആഡംബര പഴം–പച്ചക്കറി കടയില്‍ നിന്നാണ് താന്‍ 'പൊന്നും വില' നല്‍കി സ്ട്രോബെറി വാങ്ങിയതെന്നും ലോകത്തിലെ തന്നെ ഏറ്റവും  രുചിയേറിയ സ്ട്രോബെറിയാണിതെന്നും യുവതി അവകാശപ്പെട്ടിരുന്നു. 

ENGLISH SUMMARY:

An organically grown tomato, nurtured with rainwater and music in a noise-free zone, is going viral on social media for its ₹1,300 price tag and unique farming method