പാമ്പ് കാരണം ഒരു കുടുംബത്തിന്റെയാതെ ഉറക്കം നഷ്ടപ്പെട്ടതിനെപ്പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ യുവതി എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവരുടെ കാറിന്‍റെ അടിയിലും വീടിന്‍റെ മുറ്റത്തുമൊക്കെ ചെറുപാമ്പുകളെ കണ്ടെത്തിയിരുന്നു.
പക്ഷെ രണ്ട് ദിവസം മുൻപാണ് തലവേദന സൃഷ്ടിക്കുന്ന സംഭവം നടന്നത്. വെളുപ്പിനെ 3 മണിക്ക് ഇവരുടെ ഭര്‍ത്താവാണ് ബാത്ത്റൂമിൽ ചുരുണ്ടുകിടക്കുന്ന പാമ്പിനെ കണ്ടത്. കണ്ടയുടനെ ഭയചകിതനായ അദ്ദേഹം, വെപ്രാളത്തിൽ പാമ്പിനെ നേരെ ക്ലോസറ്റിൽ എടുത്തിട്ടു. ഇതാണ് കുടുംബത്തിന്‍റെ ഉറക്കം നഷ്ടപ്പെടാൻ കാരണം. പാമ്പ് ചത്തോ, അതോ പൈപ്പിനകത്ത് കിടന്നു വളരുന്നുണ്ടോ എന്ന സംശയത്തിലാണ് ഈ കുടുംബം.
ഇപ്പോള്‍ പലവട്ടം പരിശോധിച്ച ശേഷമാണ് ശുചിമുറി ഉപയോഗിക്കുന്നതെന്ന് യുവതി പറയുന്നു. ഈ സംഭവത്തില്‍ എന്തെങ്കിലും പ്രതിവിധികൾ തേടിയാണ് യുവതി ഗ്രൂപ്പില്‍ സഹായം തേടിയത്. എന്തായാലും ഭര്‍ത്താവിന്‍റെ തല വെയിലു കൊള്ളാതെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
ഇപ്പോൾ കുറെ ആയി ഇടപെടുന്നത് പെരുമ്പാമ്പിന്‍റെ കുട്ടികളുമായാണ്..കാറിനടിയിലും മുറ്റത്തും സന്ധ്യ ക്ക് മുടങാതെ എത്തുന്നുണ്ട്. രണ്ട് ദിവസം മുൻപ് ഒരെണ്ണം വെളുപ്പിനു 3 മണിക്ക് ബാത്ത്റൂമിൽ ചുരുണ്ടു കൂടി കിടക്കുന്നു. അതിനെ കണ്ടു പേടിച്ച കെട്ടിയോൻ നേരെ അതിനെ ക്ലോസറ്റിൽ ഇട്ടു.ഇത് ഞാൻ അറിഞ്ഞിരുന്നില്ല.അറിഞ്ഞെങ്കിൽ സമ്മതിക്കില്ലായിരുന്നു.അതിനെ പിടിച്ചു വെളിയിൽ കളഞ്ഞേനെ.കാലക്കേടിന് ഞാൻ ഉറങിപ്പോയിരുന്നു.ഇത്രയും മണ്ടത്തരം മൂപ്പർക്ക് ഉണ്ടാവും എന്ന് കരുതിയില്ല. എന്തായാലും ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. വരുന്നിടത്ത് കാണാം. എന്തായാലും രാവിലെ ഒന്ന് സൂക്ഷിച്ചു ഒക്കെ നോക്കിയാണ് ടോയ്‌ലറ്റ് ഉപയോഗിക്കുന്നത്.അത് ചത്തോ അതോ പൈപ്പിനകത്ത് കിടന്നു വളരുന്നുണ്ടോ ദൈവത്തിന് അറിയാം. എന്തായാലും കെട്യോനോട് തല വെയിലു കൊള്ളാതെ നോക്കിക്കോള്ളാൻ പറഞ്ഞിട്ടുണ്ട്.. ഇമ്മാതിരി കാഞ്ഞ ബുദ്ധി അല്ലേ....
Nb എന്തേലും പ്രതിവിധികൾ ഉണ്ടോ? കുറെ ഡോമെക്സ് ഒഴിച്ചിട്ടുണ്ട് .3 ടോയ്‌ലറ്റ് ഉണ്ട്. എവിടെ ആണൊ പൊങ്ങുക????