Image Credit (Right): Lietuvos zoologijos sodas (commons.wikimedia.org)

Image Credit (Right): Lietuvos zoologijos sodas (commons.wikimedia.org)

റുവാണ്ടയില്‍ അതിവേഗം പടര്‍ന്ന് പിടിക്കുകയാണ് മാബോര്‍ഗ് വൈറസ്. സെപ്റ്റംബര്‍ അവസാനത്തോടെയാണ് ഇതാദ്യമായി റുവാണ്ടയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. 36 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്‍ 11 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. യുഎസില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം വാക്സീന്‍ റുവാണ്ടയിലേക്ക് എത്തിച്ചത്. പിടിപെട്ടാല്‍ രക്ഷപെടാന്‍ വെറും 12 ശതമാനം മാത്രം സാധ്യതയുള്ള ആളെക്കൊല്ലിയാണ് വൈറസ്. 

എന്താണ് മാബോര്‍ബ് വൈറസ്?

എബോള വൈറസിന്‍റെ കുടുംബാംഗം (ഫിലോവിരിഡേ) തന്നെയാണ് മാബോര്‍ഗിന്‍റേതും. എന്നാല്‍ എബോളയെക്കാള്‍ മാബോര്‍ഗ് കുറച്ചധികം ഭീകരനുമാണ്. രക്തധമനികള്‍ക്ക് സാരമായ കേടുപാടുകളുണ്ടാക്കുന്ന തരം പനി  (ഹെമറേജിക് ഫീവര്‍) മാബോര്‍ഗ് ബാധിതരില്‍ ഉണ്ടാകുമെന്നാണ് മയോ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ഡെങ്കുവും മഞ്ഞപ്പനിയുമാണ് ഇതിന് സമാനമായ പനിയുണ്ടാക്കുന്നത്. ഹെമറേജിക് പനിയുണ്ടായാല്‍ ആന്തരിക രക്തസ്രാവമുണ്ടാവുകയും രോഗി വളരെപ്പെട്ടെന്ന് മരിക്കുകയും ചെയ്യും. 

പേര് വന്നതിങ്ങനെ..

1967ല്‍ ജര്‍മന്‍ നഗരമായ മാബോര്‍ഗിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതേസമയത്ത് തന്നെ സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിലും വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തു. രോഗം പിടിപെട്ടാല്‍ രോഗി മരിക്കാനുള്ള സാധ്യത 88 ശതമാനമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. രോഗം ബാധിച്ചവരില്‍ പകുതിയിലേറെയും മരിച്ചുവെന്നതാണ് ‍ഞെട്ടിക്കുന്ന വസ്തുത.

രോഗ ലക്ഷണങ്ങള്‍

ഒരാളെ മാബോര്‍ഗ് വൈറസ് ബാധിച്ചാല്‍ രണ്ട് മുതല്‍ 21 ദിവസം വരെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനായി സമയമെടുത്തേക്കും. ശരീരത്തില്‍ പലയിടങ്ങളില്‍ നിന്നായി ഇടയ്ക്കിടെ രക്തസ്രാവമുണ്ടാകുന്നതാണ് ഗുരുതരമായ അവസ്ഥ. വൈറസ് ഉള്ളില്‍ കടന്നാല്‍ അഞ്ച് മുതല്‍ ഏഴ് ദിവസത്തിനിടയില്‍ രക്തസ്രാവം ആരംഭിക്കും. 

ഛര്‍ദിക്കുമ്പോഴും വിസര്‍ജിക്കുമ്പോഴും രക്തസ്രാവമുണ്ടാവുക, മൂക്കില്‍ നിന്നും വായില്‍ നിന്നും സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം വരികയെന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 

രോഗപ്രതിരോധശേഷി സ്വതേ കുറഞ്ഞവരില്‍ വൈറസ് ബാധിച്ചാല്‍ മരണ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. മാത്രവുമല്ല ഗുരുതരമായ മറ്റ് അസുഖങ്ങള്‍ക്കും വൈറസ് കാരണമാകുമെന്ന് പകര്‍ച്ചവ്യാധി വിദഗ്ധയായ ഡോ. അമിറ റോസസ് പറയുന്നു. 

രക്തസ്രാവത്തിന് പുറമെ പനി, തലവേദന, പേശീ വേദന, ക്ഷീണം, വിശപ്പില്ലായ്മ, ഗ്യാസ് സംബന്ധമായ അസ്വസ്ഥതകള്‍ എന്നിവയും രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. 

രോഗം പകരുന്നതെങ്ങനെ?

പഴംതീനി വവ്വാലുകളോട് സാമ്യമുള്ള റൗസറ്റ്സ് എന്നയിനം വവ്വാലുകളുമായി എന്തെങ്കിലം തരത്തില്‍ സമ്പര്‍ക്കം വന്നവരിലാണ് ആദ്യമായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഗുഹകള്‍, ഖനികള്‍ എന്നിവിടങ്ങളിലാണ് സാധാരണയായി ഈയിനം വവ്വാലുകള്‍ കഴിയുന്നത്. അതേസമയം, റുവാണ്ടയില്‍ വൈറസ് ബാധ എങ്ങനെയാണ് ഉണ്ടായതെന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

വൈറസ് ബാധയേറ്റയാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് അതിവേഗത്തിലാണ് മാബോര്‍ഗ് വൈറസ് പകരുന്നത്. ഇത് പ്രധാനമായും ശരീരദ്രവങ്ങളിലൂടെയും മുറിവുകളിലൂടെയുമാണ്. വൈറസ് ബാധിച്ചയാള്‍ കിടന്ന ബെഡ്ഷീറ്റില്‍ നിന്നും ധരിച്ച വസ്ത്രത്തില്‍ നിന്നും വൈറസ് മറ്റൊരാളിലേക്ക് പകരാം. അതേസമയം, ഇത് വായുവിലൂടെ പകരില്ലെന്നും വിദഗ്ധര്‍ പറയുന്നു. 

പരിശോധന എങ്ങനെ?

വായ്ക്കുള്ളില്‍ കവിളിന്‍റെ ഉള്‍ഭാഗത്ത് നിന്നുമായി ശേഖരിക്കുന്ന ബക്കല്‍ ദ്രവം അല്ലെങ്കില്‍ രക്തമാണ് പരിശോധിക്കുക. പിസിആര്‍ പരിശോധനയാണിത്. വൈറസിന്‍റെ സാന്നിധ്യം ഇവിടെയുള്ള ദ്രവത്തിലും രക്തത്തിലും അറിയാന്‍ കഴിയും. 

റുവാണ്ടയിലെ സ്ഥിതി എന്താണ്?

നിലവില്‍ 36 പേരാണ് മാബോര്‍ഗ് വൈറസ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. സെപ്റ്റംബര്‍ 30നാണ് രോഗം റുവാണ്ടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്ന് രോഗബാധ സ്ഥിരീകരിച്ചത് 26 പേര്‍ക്കാണ്. ഇവരില്‍ 70 ശതമാനം പേരും ആരോഗ്യപ്രവര്‍ത്തകരായിരുന്നു. ഇത് പിന്നീട് 36 കേസുകളായി വര്‍ധിച്ചു. നിലവിലെ രോഗികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 300 പേര്‍ നിരീക്ഷണത്തിലാണ്.  2021 ല്‍ ഗിനിയയിലും 2022ല്‍ ഘാനയിലും 2023ല്‍ ടാന്‍സാനിയയിലും ഇക്വറ്റോറില്‍ ഗിനിയയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്വറ്റോറിയല്‍ ഗിനിയയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത 17 പേരില്‍ 12 പേരും മരിച്ചു. 

വാക്സീനോ മരുന്നോ ലഭ്യമാണോ?

മാബോര്‍ഗ് വൈറസ് ബാധയെ ചെറുക്കാന്‍ കൃത്യമായ വാക്സീനുകളോ ചികില്‍സയോ ഇതുവരെയും കണ്ടെത്തിയിട്ടില്ല. അതേസമയം, പരീക്ഷണ പഠന ഗവേഷണങ്ങള്‍ പുരോഗമിക്കുന്നുമുണ്ട്. റുവാണ്ട നിലവില്‍ വാക്സീന്‍ ഗവേഷണത്തിലാണ്. സാബീന്‍ വാക്സീന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് റുവാണ്ടന്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം.  അസ്ട്രാസെനക വാക്സീന്‍ കോവിഡിനായി വികസിപ്പിച്ചെടുത്ത ഓക്സ്ഫഡ് സംഘം ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് മാബോര്‍ഗ് വൈറസിനുള്ള വാക്സീന്‍ പരീക്ഷണങ്ങള്‍ യു.കെയില്‍ നടത്തിയിരുന്നു. കനേഡിയന്‍ സര്‍ക്കാരും യൂറോപ്യന്‍ യൂണിയന്‍റെ ആരോഗ്യ അടിയന്തര സംവിധാനവുമായി ചേര്‍ന്നുള്ള പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. നിലവില്‍ രോഗം ബാധിച്ചവരെയും ലക്ഷണങ്ങളുള്ളവരെയും കൃത്യമായി നിരീക്ഷിച്ച് വരികയാണ്. ഇവര്‍ക്ക് വേദനാസംഹാരികളാണ് നല്‍കി വരുന്നത്. നിര്‍ജലീകരണം തടയുന്നതിനാണ് പ്രധാന ഊന്നല്‍ നല്‍കുന്നത്. 

പ്രതിരോധം എങ്ങനെ?

വ്യക്തിശുചിത്വം പാലിക്കലാണ് രോഗം പിടിപെടാതിരിക്കാനുള്ള പ്രാഥമിക മാര്‍ഗം. രോഗബാധയുള്ളവരുമായുള്ള സമ്പര്‍ക്കം തീര്‍ത്തും ഒഴിവാക്കണം. രോഗികളോ, രോഗബാധയുള്ളതായി സംശയിക്കുന്നവരുടെ അടുത്തോ ചെല്ലുമ്പോള്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം. അവരുമായി ഭക്ഷണം പങ്കിട്ട് കഴിക്കരുത്. വൈറസുള്ള സാഹചര്യങ്ങളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായാല്‍ സ്വയം ഐസലേഷനില്‍ പോവണം. ലക്ഷണങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും യഥാസമയം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും വേണം. 

ENGLISH SUMMARY:

What is the Marburg virus, and how concerned should we be? Marburg is from the same family as Ebola but has been described as more severe than Ebola. This article discusses how it spreads and preventive measures