File Image

File Image

  • ചബഹാർ തുറമുഖത്തിന് നല്‍കിയ ഇളവുകള്‍ പിന്‍വലിക്കാന്‍ യുഎസ്
  • നീക്കം ഇന്ത്യയ്ക്ക് തിരിച്ചടി
  • മോദി– ട്രംപ് കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയായേക്കും

ഇറാനിലെ ചബഹാർ തുറമുഖത്തിന് നല്‍കിയ ഇളവുകള്‍ പിന്‍വലിക്കാനുള്ള യുഎസ് നീക്കം ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ഇറാനുമേലുള്ള ഉപരോധങ്ങളില്‍ സമ്മര്‍ദ്ദ തന്ത്രത്തിന്‍റെ ഭാഗമായാണ് യു.എസിന്‍റെ പുതിയ നീക്കം. ഇറാന്‍റെ ആണവ, മിസൈൽ പദ്ധതികള്‍, ഭീകരതയ്ക്കുള്ള പിന്തുണ എന്നിവയ്ക്കെതിരെയുള്ള ഉപരോധമാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച ഉത്തരവില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടു.

ഉത്തരവ് ഇങ്ങനെ

'നാഷണല്‍ സെക്യൂരിറ്റി പ്രസിഡൻഷ്യൽ മെമ്മോറാണ്ടം' എന്ന തലകെട്ടുള്ള ഉത്തരവില്‍ ചബഹാർ തുറമുഖത്തിന്‍റെ പേരെടുത്ത് പറയുന്നുണ്ട്. ചബഹാർ തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ, ഇറാന് ഏതെങ്കിലും തരത്തില്‍ സാമ്പത്തിക ആശ്വാസം ലഭിക്കുന്ന ഉപരോധ ഇളവുകൾ പരിഷ്കരിക്കാനോ റദ്ദാക്കാനോ യുഎസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുന്നതാണ് ഉത്തരവ്. അതോടെ യുഎസില്‍ നിന്നും ഉപരോധം നേരിടാതെ ചബഹാർ തുറമുഖത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക് ഇടപെടാന്‍ സാധിക്കില്ല. 

ഇന്ത്യയ്ക്ക് വലിയ നിക്ഷേപം

തുറമുഖത്ത് ഇന്ത്യ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. 2024-ൽ 10 വർഷ കരാറിൽ ഒപ്പുവച്ച ഇന്ത്യ തുറമുഖ വികസനത്തിനായി 120 ദശലക്ഷം ഡോളറിന്‍റെ നിക്ഷേപവും തുറമുഖവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന് 250 ദശലക്ഷം മില്യണ്‍ ഡോളറിന്‍റെ വായ്പയുമാണ് ഇന്ത്യ നല്‍കിയത്. ഇറാനും അഫ്ഗാനിസ്ഥാനുമായി ഇന്ത്യ 2016-ലുണ്ടാക്കിയ ത്രികക്ഷി കരാറിന് കീഴിലാണ് ചാബഹാർ തുറമുഖത്ത് ഷാഹിദ് ബെഹെഷ്തി ടെർമിനൽ ഇന്ത്യ വികസിപ്പിച്ചത്. 

chabahar-port

ചബഹാർ തുറമുഖം

തുറമുഖത്തിന്‍റെ പ്രാധാന്യം

ത്രികക്ഷി കരാറിന് ശേഷം ഇന്ത്യ പോർട്ട്സ് ഗ്ലോബൽ ലിമിറ്റഡ് 2018 മുതൽ തുറമുഖത്ത് പ്രവർത്തിക്കുന്നുണ്ട്. രാജ്യാന്തര നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോർ വഴി മുംബൈയെ യുറേഷ്യയുമായി ബന്ധിപ്പിക്കുന്ന ചാബഹാറിന്‍റെ ഷാഹിദ് ബെഹെഷ്തി ടെർമിനൽ ഗതാഗത ചെലവും സമയവും കുറയ്ക്കുന്നതായി 2024-25 സാമ്പത്തിക സർവേയില്‍ പറയുന്നു. ഇത്  2024 സാമ്പത്തിക വർഷത്തിൽ കപ്പൽ ഗതാഗതത്തിൽ 43 ശതമാനം വർധനവിനും കണ്ടെയ്നർ ട്രാഫിക്കിൽ 34 ശതമാനം വർധനവിനും കാരണമായി. ഇന്ത്യയുടെ വ്യാപാരത്തിന് തുറമുഖത്തിന്‍റെ പ്രാധാന്യം തെളിയിക്കുന്ന കണക്കാണിത്.  

മോദി– ട്രംപ് കൂടിക്കാഴ്ച

അടുത്താഴ്ച യുഎസിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തില്‍ ചബഹാർ വിഷയം ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 12 നും 14 നും ഇടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനം. ആദ്യ ട്രംപ് ഭരണകാലത്ത് ട്രംപ് ഇറാൻ ആണവ കരാറിൽ നിന്ന് പിന്മാറുകയും ഇറാന് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാന്‍റെ സാമ്പത്തിക വളർച്ചയ്ക്കും ഇന്ത്യയുമായുള്ള അടുത്ത പങ്കാളിത്തത്തിനും ചാബഹാറിന്‍റെ വികസനത്തെ ഉപരോധങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് ഇളവ് അനുവദിക്കുകയായിരുന്നു. 

ഇതിന് പകരമായി ട്രംപിന്‍റെ ആവശ്യപ്രകാരം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ നിന്നും ഇന്ത്യ പിന്മാറിയിരുന്നു. വില കുറഞ്ഞ ഇറാന്‍ എണ്ണയോട് നോ പറഞ്ഞത് പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് കനത്ത നഷ്ടമുണ്ടാക്കി. യുഎസ് ഉപരോധത്തിന് മുന്‍പ് ഇറാനില്‍ നിന്നും ഇന്ത്യയുടെ പ്രതിവർഷ ഇറക്കുമതി ഏകദേശം 13 ബില്യൺ ഡോളറിയിരുന്നു. 2019 മുതൽ ഇത് 1 ബില്യൺ ഡോളറിന് താഴേക്ക് എത്തുകയും  2024 ഏപ്രിലിനും ഒക്‌ടോബറിനും ഇടയിൽ 216 മില്യൺ ഡോളറിലേക്ക് ചുരുങ്ങുകയും ചെയ്തു. 

ENGLISH SUMMARY:

The US has withdrawn the sanctions waiver for Iran's Chabahar Port, a project significantly backed by India. This move could impact India's investments and strategic objectives in regional connectivity.