ലഹരി ഉപയോഗം മൂലം മാനസികാരോഗ്യത്തിന് ചികിൽസ തേടുന്നവരുടെ എണ്ണംകൂടിയ ഇക്കാലത്ത്, തൃശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ സാമ്പത്തിക ഞെരുക്കം രൂക്ഷം. സർക്കാർ ഫണ്ട് അനുവദിച്ചിട്ട് എട്ടു മാസമായി. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ളവർ മാനസികാരോഗ്യത്തിന് ചികിൽസ തേടുന്ന സർക്കാർ ആശുപത്രിയാണിത്.
പ്രതിമാസം 10 ലക്ഷം രൂപ വേണം ഭക്ഷണം , വെള്ളം , വെളിച്ചം ഉറപ്പാക്കാൻ . കഴിഞ്ഞ എട്ടു മാസമായി സർക്കാർ ധനസഹായമില്ല . ഭക്ഷണ വിഭവങ്ങൾക്കായി സപ്ലൈകോയ്ക്കും മിൽമയ്ക്കും ഹോർട്ടികോർപ്പിനുമായി 18 ലക്ഷം നൽകാനുണ്ട്. വൈദ്യുതി ബിൽ ഇനത്തിൽ കോർപറേഷനിൽ അടയ്ക്കാനുള്ളത് ഏഴു ലക്ഷമാണ്. വെള്ളം നൽകിയ വകയിൽ ജല അതോറിറ്റിയുടെ ബിൽ അഞ്ചര ലക്ഷം രൂപ . ആശുപത്രിയുടെ കടക്കെണിയുടെ കണക്ക് ഇങ്ങനെ പോകുന്നു. കിടത്തി ചികിൽസ തേടുന്ന 200 പേർ. ഒ.പിയിൽ ചികിൽസ തേടുന്നവരാകട്ടെ 250 പേർ. സാമ്പത്തിക സഹായം അനുവദിക്കാൻ സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ആരോഗ്യ വകുപ്പിലെ അഡീഷനൽ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചതായി പരാതിക്കാരന് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് അറിയിപ്പ് കിട്ടി.