കുട്ടികള്‍ എപ്പോഴും ഒരിടത്ത് തന്നെയിരുന്ന് ഗെയിമിങ്ങിനും കാര്‍ട്ടൂണിനും പിന്നാലെയാണോ.? ഒരേയിരിപ്പ് മണിക്കൂറുകളോളം തുടരുന്നത് കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ലെന്നും അത്തരക്കാരില്‍ ഫാറ്റി ലിവറിന് സാധ്യതയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.
കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് ഫാറ്റി ലിവര്‍ രോഗം.മദ്യപാനം മൂലം മാത്രമല്ല ജീവിത ശൈലികൊണ്ടും ഈ രോഗം വരാം. അതിലൊന്നാമത്തെ കാര്യമാണ് മണിക്കൂറുകളോളം ഒരേയിരുപ്പിരിക്കുന്നത്.കുട്ടികളിലെ ഈ പ്രവണത ഭാവിയില്‍ ലിവര്‍ സിറോസിസിനും കാരണമായേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
നേച്ചേഴ്സ് ഗട്ട് ആന്‍ഡ് ലിവര്‍ ജേണലില്‍ ഫിന്‍ലന്‍ഡിലെ ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. കുട്ടികള്‍ പുറത്തുപോയി കളിക്കണമെന്നും ശരീരമനങ്ങണമെന്നും പഠനത്തില്‍ പറയുന്നു കാര്‍ട്ടൂണിനും മൊബൈല്‍ ഗെയിമുകള്‍ക്കും മുകളില്‍ ഔട്ട് ഡോര്‍ ഗെയിമുകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും പഠനം നടത്തിയവരില്‍ ഒരാളായ ആന്‍ഡ്രൂ അഗ്ബജെ പറയുന്നു. ആറ് മണിക്കൂര്‍ വരെ അനങ്ങാതെയിരിക്കുന്ന കുട്ടികളില്‍ 25 വയസിന് മുന്നേ തന്നെ ഫാറ്റി ലിവറിനുള്ള സാധ്യത കണ്ടുവരുന്നെന്നാണ് പഠനത്തില്‍ പറയുന്നത്.
വയറിന്റെ മുകളില്‍ വലതുവശത്തായി വേദന, കരളില്‍ നീര്‍വീക്കം, അടിവയറ്റിലെ വീക്കം, അമിത ക്ഷീണം, മുഖത്തെ വീക്കം, വായയ്ക്കും കഴുത്തിനും സമീപമുള്ള ഇരുണ്ട ചർമ്മം, ചര്‍മ്മത്തിലെ ചൊറിച്ചില്‍, ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, മനംമറിച്ചില്‍, വയറിളക്കം തുടങ്ങിയവയൊക്കെ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം. ഇത്തരം ലക്ഷണം കണ്ടാല്‍ സ്വയം രോഗ നിര്‍ണയത്തിന് മുതിരാതെ ആരോഗ്യ വിദഗ്ധരെ സമീപിക്കുക.