നവജാത ശിശുക്കളിൽ കണ്ടുവരുന്ന ക്ലബ് ഫൂട്ട് വൈകല്യത്തിന്റെ ചികിത്സ കുട്ടി ജനിച്ചയുടൻ തന്നെ ആരംഭിക്കണം. ജന്മനാ തന്നെ കാലുകൾക്ക് ഉണ്ടാകുന്ന വൈകല്യത്തെയാണ് ക്ലബ് ഫൂട്ട് എന്നുപറയുന്നത്. കുഞ്ഞുങ്ങളുടെ കാലിന്റെ പാദം ഉള്ളിലേക്ക് മടങ്ങിയിരിക്കുന്ന അവസ്ഥയാണിത്. ശസ്ത്രക്രിയയൊന്നും കൂടാതെ തന്നെ ജന്മനായുള്ള ക്ലബ്ഫൂട്ട് ശരിയാക്കുന്ന ചികിത്സാരീതിയാണ് പോൺസെറ്റി മെത്തേഡ്. 1950കളിൽ യു.എസിലെ അയോവ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്‌സിലെ ഇഗ്നാസിയോ വി. പോൺസെറ്റിയാണ് ഈ ചികിത്സാരീതി വികസിപ്പിച്ചെടുത്തത്.
പോൺസെറ്റി മെത്തേഡ് വേദനയില്ലാത്തതും ചെലവ് കുറഞ്ഞതുമായ ചികിത്സാരീതിയാണ്. ക്ലബ് ഫൂട്ട് വൈകല്യം കണ്ടെത്തി ശെരിയായി ചികിത്സ നൽകിയില്ലെങ്കിൽ, കുട്ടികൾ വലുതായാൽ നടക്കുമ്പോൾ വൈകല്യമുണ്ടാകും. ജനന സമയത്തുതന്നെ കുരുന്നുകളുടെ കാലുകൾക്ക് വൈരൂപ്യമുണ്ടോ എന്നു നോക്കേണ്ടതുണ്ട്. അങ്ങനെ വല്ലതും ശ്രദ്ധയിൽപ്പെട്ടാൽ, അത് അപ്പോൾതന്നെ ഡോക്ടറെ അറിയിക്കണം.
ഇത്തരം കുഞ്ഞുങ്ങളുടെ കാലുകളുടെ മാംസപേശികൾ ചുരുങ്ങിയ നിലയിലാവും കാണപ്പെടുക. ആൺകുഞ്ഞുങ്ങളിലാണ് ഈ രോഗം കൂടുതൽ കണ്ടുവരുന്നത്.
കേരളത്തിൽ 43 ക്ലിനിക്കുകൾ
ക്ലബ് ഫൂട്ട് വൈകല്യം ബാധിച്ച കുഞ്ഞുങ്ങൾക്കായി കേരളത്തിൽ 43 ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഗവ. മെഡി. കോളജുകളിലും ജില്ലാ-താലൂക്ക് ആശുപത്രികളിലും ക്ലബ്ഫൂട്ട് ക്ലിനിക്കുകളുടെ സേവനവും സൗജന്യ ചികിത്സയും ലഭ്യമാണ്. ക്ലബ് ഫൂട്ട് വൈകല്യം ഭേദപ്പെടുത്താനായി, സ്വകാര്യമേഖലയിലെ ചികിത്സാ ചെലവ് വലുതാണ്.
കാൽവിരലുകൾ മുതൽ ഇടുപ്പുവരെ പ്ലാസ്റ്ററിടുകയാണ് രോഗത്തിന്റെ പ്രാഥമിക ചികിത്സ. കാലിന്റെ പുറകിലുള്ള വള്ളി നീക്കം ചെയ്യുന്ന ‘ടീനോട്ടമി’ എന്ന ശസ്ത്രക്രിയയാണ് അടുത്ത സ്റ്റേജ്. തുടർന്ന് കുഞ്ഞിനെ ‘ബ്രേസ്’ എന്ന് വിളിക്കുന്ന ചെറിയ ഷൂ ധരിപ്പിക്കും. നാലുമുതൽ അഞ്ചുവർഷം വരെ ഈ ഷൂ കുഞ്ഞിനെ ധരിപ്പിക്കേണ്ടതുണ്ട്. ഈ ഷൂ ധരിച്ചാൽ കുഞ്ഞുങ്ങൾക്ക് സാധാരണപോലെ ഓടാനും നടക്കാനും സാധിക്കും.