പ്രതീകാത്മക ചിത്രം:( AI Image)

TOPICS COVERED

ഒരുമാസത്തിനിടെ ഏഴു കുട്ടികള്‍ ഡിഫ്തീരിയ (തൊണ്ടമുള്ള്) ബാധിച്ച് രാജസ്ഥാനില്‍ മരിച്ച വാര്‍ത്ത നടുക്കത്തോടെയാണ് രാജ്യം കേട്ടത്. പിന്നാലെ പഞ്ചാബില്‍ നിന്നും ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തു. ലോകാരോഗ്യ സംഘടന പ്രതിനിധികളടക്കം രാജസ്ഥാനിലെ ഡീഗ് ജില്ലയിലേക്കും പഞ്ചാബിലേക്കും വിശദമായ പഠന നിരീക്ഷണങ്ങള്‍ക്കായി എത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പും എടുത്തുതുടങ്ങി. വാക്സീന്‍ ഉപയോഗിച്ച് പൂര്‍ണമായും പ്രതിരോധിക്കാനാകുന്ന രോഗമാണിത്.

എന്താണ് ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള്?

കൊറൈൻ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന മാരക രോഗമാണ് ഡിഫ്തീരിയ (തൊണ്ടമുള്ള്). ഒരുകാലത്ത് ശിശുമരണങ്ങളുടെ പ്രധാനകാരണമായിരുന്നു ഈ രോഗം. വാക്സീന്‍റെ വരവോടെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞു. വാക്സീന്‍ വികസിപ്പിച്ചെടുത്ത എമിൽ അഡോൾഫ് വോൺ ബെറിങിന് 1901ലെ വൈദ്യശാസ്ത്ര നൊബേല്‍ നല്‍കിയാണ് ലോകം ആദരിച്ചത്. വാക്സീന്‍ നിര്‍ബന്ധമാക്കിയതോടെ തൊണ്ടമുള്ള് കാരണമുള്ള മരണസംഖ്യ ഗണ്യമായി കുറഞ്ഞു.

പേരുവന്ന വഴി: ‘ഡിഫ്തീരിയ’ എന്ന വാക്കിന്‍റെ അർഥം മൃഗത്തോലെന്നാണ്. രോഗബാധിതരുടെ തൊണ്ടയില്‍ കാണപ്പെടുന്ന വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടയ്ക്ക് മൃഗത്തോലിനോട് സാമ്യമുള്ളത് കൊണ്ടാണ് രോഗത്തിന് ഡിഫ്തീരിയ എന്ന് പേര് വീണത്. രോഗിക്ക് തൊണ്ടയില്‍ മുള്ളു കുരുങ്ങിയത് പോലെ തോന്നുന്നതിനായാണ് മലയാളത്തില്‍ ഡിഫ്തീരിയയ്ക്ക് തൊണ്ടമുള്ള് എന്ന പേര് ഉപയോഗിക്കാന്‍ തുടങ്ങിയത്.

രോഗം ആര്‍ക്കൊക്കെ പിടിപെടാം? ലക്ഷണങ്ങളെന്ത്?

പ്രതിരോധശേഷി കുറഞ്ഞ ആര്‍ക്കും രോഗം പിടിപെടാം. എന്നിരുന്നാലും കുട്ടികളെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. രോഗബാധിതനില്‍ നിന്ന് ഉച്ഛ്വാസത്തിലൂടെ അതിവേഗം മറ്റൊരാളിലേക്ക് രോഗം പകരാം. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ രണ്ട് ദിവസത്തിനുള്ളില്‍ പനി, തൊണ്ടവേദന എന്നിവ ഉണ്ടാകും. കഴുത്തില്‍ വീക്കം, തൊണ്ടയില്‍ വെള്ളപ്പാടുകള്‍, മൂക്കില്‍ പാട എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ബാക്ടീരിയ ഉള്ളില്‍ കടന്നാല്‍ ശ്വാസനാളം അടയുകയും ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യും.

രോഗാണു ഹൃദയത്തെ ബാധിച്ചാല്‍ ഗുരുതരാവസ്ഥയിലേക്ക് മാറും. ഹൃദയപേശികളുടെ പ്രവര്‍ത്തനത്തെ ടോക്സിന്‍ മന്ദീഭവിപ്പിക്കുകയും അതുവഴി ഹൃദയമിടിപ്പിന്‍റെ താളം തെറ്റിക്കുകയും ചെയ്യും. ഇതോടെ ഞരമ്പുകളെയും ക്രമേണെ കണ്ണുകളെ ചലനത്തെയും ബാധിക്കും. തൊണ്ടയിലെ ഞരമ്പുകളെ രോഗാണു കീഴടക്കുന്നതോടെ സംസാരം അവ്യക്തമാകുകയും ഭക്ഷണം ശ്വാസനാളത്തിലേക്ക് കയറി മരണം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഞരമ്പുകളെ രോഗാണു ബാധിച്ചാല്‍ ക്രമേണെ കൈകാലുകളുടെ ചലനശേഷി നഷ്ടമാകുകയും കിടപ്പിലാവുകയും ചെയ്യും. ഈ ലക്ഷണങ്ങളെല്ലാം ഒന്നിച്ചോ, ഒന്നിന് പിന്നാലെ ഒന്നായോ സംഭവിക്കുമെന്നതാണ് ഡിഫ്തീരിയയെ ഭീകര രോഗമാക്കുന്നത്.

എങ്ങനെ തിരിച്ചറിയും?

ഡിഫ്തീരിയയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തയാളാണെങ്കില്‍ മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങളിലെന്തെങ്കിലും കണ്ടാലുടന്‍ ഡോക്ടറുടെ സേവനം തേടണം. തൊണ്ടയില്‍ നിന്നെടുക്കുന്ന സ്രവം പരിശോധിക്കുന്നതിലൂടെയാണ് രോഗബാധ സ്ഥിരീകരിക്കുക. എത്രയും വേഗം പരിശോധനയ്ക്കയച്ചാല്‍ അത്രയും വേഗം രോഗനിര്‍ണയം നടത്തുകയും ചികില്‍സ ആരംഭിക്കുകയും ചെയ്യാന്‍ കഴിയും.

വാക്സീനെടുക്കാം ജീവന്‍ രക്ഷിക്കാം

പ്രതിരോധ കുത്തിവയ്പ്പാണ് ഡിഫ്തീരിയ തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഇതിന് ചരിത്രത്തില്‍ തന്നെ തെളിവുകളുമുണ്ട്. 90 ശതമാനത്തിലേറെപ്പേര്‍ കുത്തിവയ്പ്പെടുത്താല്‍ ആ സമൂഹത്തില്‍ രോഗസാധ്യത വളരെ കുറവാണെന്ന് കണക്കുകള്‍ പറയുന്നു. കുട്ടികള്‍ ജനിച്ച് ഒന്നര, രണ്ട, മൂന്നര മാസങ്ങളിലും പിന്നീട് ഒന്നര വയസിലും പിന്നെ അഞ്ചുവയസിലുമാണ് പ്രതിരോധ കുത്തിവയ്പ്പ്. ഇതിന് ശേഷം 10 വര്‍ഷം കൂടുമ്പോള്‍ വാക്സീന്‍ എടുത്താല്‍ പ്രതിരോധശേഷി നിലനിര്‍ത്താം. രോഗം ബാധിച്ചിട്ട് ചികില്‍സിക്കുന്നതിനെക്കാള്‍ വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്. ബാക്ടീരിയ പുറപ്പെടുവിക്കുന്ന വിഷത്തെ നിര്‍വീര്യമാക്കാനുള്ള ആന്‍റ് ടോക്സിന്‍ രോഗിക്ക് നല്‍കാന്‍ വൈകുന്തോറും നില വഷളാകും. ആന്തരികാവയവങ്ങളില്‍ ടോക്സിന്‍ അടിഞ്ഞാല്‍ നിര്‍വീര്യമാക്കുക അസാധ്യമാണെന്ന മുന്നറിയിപ്പും ഡോക്ടര്‍മാര്‍ നല്‍കുന്നു.

ENGLISH SUMMARY:

Dipththeria is spreading in Rajasthan. what is dipththeria?its symptoms and treatment.