TOPICS COVERED

കാസർകോട് കാഞ്ഞങ്ങാട്  ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സ പിഴവെന്ന് പരാതി. ഹെർണിയ ഓപ്പറേഷന് എത്തിയ പത്തു വയസുകാരന്‍റെ ഞരമ്പ് മാറി മുറിച്ചു. പുല്ലൂർ-പെരളം സ്വദേശി അശോകന്‍റെ മകൻ ആദിനാഥിന്‍റെ ഹൃദയത്തിലേക്കുള്ള ഞരമ്പാണ് മുറിച്ചത്.  

സെപ്റ്റംബർ 18 നാണ് ഹെർണിയ ഓപ്പറേഷനായി ആദിനാഥിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേന്ന് രാവിലെ ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റി. മിനിറ്റുകൾക്കുള്ളിൽ ഡോക്ടർ വിനോദ് കുമാർ പുറത്തെത്തി അബദ്ധത്തിൽ ഞരമ്പ് മാറിമുറിച്ചെന്നും ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കണമെന്നും അറിയിച്ചു. 

കണ്ണൂരിലെ ചികിത്സ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് എത്തിയത്. പരസഹായം കൂടാതെ എണീറ്റ് നടക്കാൻ സാധിക്കില്ല. ഭാവിയിൽ പാർശ്വഫലങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഡോക്ടർ കൈക്കൂലി വാങ്ങിയാണ് ചികിത്സയ്ക്ക് സമയം പോലും നൽകിയതെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കാസർകോട് ഡിഎംഒക്ക് പരാതി നൽകിയിട്ടുണ്ട്.

Complaint about serious misconduct in Kasaragod-Kanhangad district Hospital: