മേക്കപ്പിലും ചര്‍മസംരക്ഷണത്തിലും മുതിര്‍ന്നവരെപ്പോലെ തന്നെ താല്‍പ്പര്യം കാണിക്കുന്നവരാണ് പുതിയ തലമുറയിലെ കുട്ടികള്‍. സോഷ്യല്‍ മീഡിയയുടെ സ്വാധീനം ഇക്കാര്യത്തിലും ഒരു പക്ഷേ കുട്ടികളിലായിരിക്കും കൂടുതല്‍. അതുകൊണ്ട് തന്നെ മേയ്ക്കപ്പിലും ചര്‍മസംരക്ഷണത്തിലുമൊക്കെ വളരെയധികം താല്പപര്യം കുട്ടികളിലും ഉണ്ടാകും. എന്നാല്‍ വളര്‍ന്നുവരുന്ന പ്രായത്തില്‍ തന്നെ ഇങ്ങനെ അധികമായൊരു ചര്‍മസംരക്ഷണം കട്ടികള്‍ക്ക് ആവശ്യമുണ്ടോ? ഒരുപക്ഷേ ഗുണത്തേക്കാളേറെ വല്ല ദോഷവും ഇതുമൂലം ഉണ്ടായേക്കുമോ എന്നൊരു ആശങ്ക ചില മാതാപിതാക്കള്‍ക്കെങ്കിലും ഉണ്ടാകും.
അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നതും രോഗപ്രതിരോധശേഷിയുള്ളതുമാണ് കുട്ടികളുടെ ചര്‍മം. സൗന്ദര്യവര്‍ധകവസ്തുക്കളുടെയും കൃത്രിമമായ ചര്‍മസംരക്ഷണവസ്തുക്കളുടെയും അമിതമായ ഉപയോഗം അവരുടെ നൈസര്‍ഗികമായ സംരക്ഷണവലയം ദുര്‍ബലമാക്കും എന്നതാണ് വാസ്തവം. വീര്യംകൂടിയ ക്ലൈന്‍സറുകള്‍ കുട്ടികളുടെ മൃദുവായ ചര്‍മത്തില്‍ ഉപയോഗിക്കുമ്പോള്‍ സ്വാഭാവികമായ എണ്ണമയം ഇല്ലാതാവുകയും വരള്‍ച്ച, മുഖക്കരു എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.
മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന ആന്‍റി ഏജിങ് ക്രീമുകള്‍ വരെ കുട്ടികള്‍ ഉപയോഗിക്കുമ്പോള്‍ ആരോഗ്യമുള്ള ചര്‍മത്തിന്‍റെ പ്രകൃതിദത്തമായ ആവരണമാണ് ഇല്ലാതാക്കുന്നത്. ഇലാസ്തികത നഷ്ടമാകുന്ന പ്രായത്തില്‍ ഉപയോഗിക്കേണ്ട പ്രോട്ടീനുകള്‍ യഥാര്‍ഥത്തില്‍ കുട്ടികളുടെ ചര്‍മത്തിന് ആവശ്യമില്ല. അനാവശ്യമായ ചര്‍മസംരക്ഷണം കുട്ടികളുടെ ചര്‍മത്തിന്‍റെ രോഗപ്രതിരോധശേഷിയാണ് ഇല്ലാതാക്കുന്നത് എന്ന് സാരം.