മൊബൈല്‍ ഫോണും കമ്പ്യൂട്ടറുമെല്ലാം നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു. പഠനവും വിനോദവും ജോലിയും എല്ലാം അവയെ ആശ്രയിച്ചാണ്. ഇതോടെ ജീവിതത്തില്‍ മറ്റെന്തിനെക്കാളും ഉപരി സ്ക്രീന്‍ ടൈം വര്‍ധിച്ചുവെന്ന് പറയാം. ഡിജിറ്റല്‍ യുഗത്തിലേക്കുളള മാറ്റം അമിതവണ്ണം, നടുവേദന, വ്യയാമമില്ലായ്മ ഇതിനെല്ലാം കാരണമായി. ഇതോടെ രോഗങ്ങളും വര്‍ധിച്ചു. ഇപ്പോഴിതാ വന്നുവന്ന് ടെക്സ്റ്റ് നെക്ക് എന്ന അവസ്ഥയിലേക്ക് വരെ ഈ മാറ്റം മനുഷ്യനെ എത്തിച്ചിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവയുടെ ഉപയോഗത്തിനായി തലകുനിച്ചുള്ള ഇരിപ്പ് സാരമായ കഴുത്തുവേദനയ്ക്ക് കാരണമാകുന്നുണ്ട്. കൗമാരക്കാരിൽ പ്രത്യേകിച്ച് 14 മുതൽ 24 വയസ്സുവരെ പ്രായമുള്ളവരില്‍ കഴുത്തുവേദന ഒരു സ്ഥിരം ആരോഗ്യപ്രശ്നമാണ്. അതിന്‍റെ പ്രധാന കാരണം ടെക്സ്റ്റ് നെക്ക് എന്ന അവസ്ഥയാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, ടാബ്ലറ്റ് എന്നിങ്ങനെയുളള ഡിജിറ്റല്‍ സ്ക്രീനിലേക്ക് ഏറെ നേരം നോക്കിയിരിക്കുന്നത് കഴുത്തിന് സമ്മർദവും അസ്വസ്ഥതയും ഉണ്ടാക്കും. ഇതിനെയാണ് ടെക്സ്റ്റ് നെക്ക് എന്നു വിളിക്കുന്നത്. ഏറെ നേരം മുന്നോട്ട് കുനിഞ്ഞിരിക്കുന്നതിലൂടെയാണ് ഇതുണ്ടാകുന്നത്. ഇത് നട്ടെല്ലിന് കൂടുതല്‍ സമ്മര്‍ദവും ഭാരവും ഏല്‍പ്പിക്കുന്നു. കൗമാരക്കാരിൽ ടെക്സ്റ്റ് നെക്ക് വർധിപ്പിക്കാൻ കാരണം അവരുടെ വർധിച്ച സ്ക്രീൻ ടൈം ആണ്. തല കുനിച്ച് ടെക്സ്റ്റ് ചെയ്യുക, ഗെയിമിങ്ങ് തുടങ്ങിയവ ചെയ്യുമ്പോൾ കഴുത്തിന്‍റെ ആരോഗ്യത്തെ അത് ബാധിക്കുകയും ടെക്സ്റ്റ് നെക്കിനു കാരണമാവുകയും ചെയ്യും.
ഉദാഹരണത്തിന് തല ശരിയായ പോസ്ചറില്‍ ആണെങ്കില്‍ നട്ടെല്ലിലുണ്ടാകുന്ന സമ്മര്‍ദം 5 കിലോ ആയിരിക്കും. ഇത് സഹിക്കാവുന്നതാണ് എന്നാൽ തല ഓരോ ഡിഗ്രി മുന്നോട്ട് ആയുമ്പോഴും സമ്മർദമേറും. 60 ഡിഗ്രി ചരിവിൽ കുട്ടികള്‍ ഇരിക്കുമ്പോൾ ഇത് 27 കിലോ ആവും. ഇത്രയധികം ഭാരം ഒരു കൗമാരക്കാരന്‍റെ കഴുത്തിന് അനുഭവപ്പെട്ടാല്‍ അത് സെര്‍വിക്കല്‍ പ്രശ്നങ്ങള്‍ അടക്കം മറ്റുപല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. അസഹനീയമായ കഴുത്തുവേദന, തോളുകള്‍ക്ക് കനം, നടുവേദന, ഡിസ്ക് പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. കൂടാതെ ഇതുമൂലം നട്ടെല്ലിന് ദീർഘകാലത്തേക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം.