Global Diets

അമിതവണ്ണം തലച്ചോറിനെ ഗുരുതരമായി ബാധിച്ചേക്കുമെന്ന പഠന റിപ്പോര്‍ട്ടുമായി ഗവേഷകര്‍. തലച്ചോറിലെ ഹൈപ്പോതലാമസിനെ ബാധിക്കുന്നത് വഴി പുരുഷന്‍മാരില്‍ ബീജോല്‍പാദനം ഗണ്യമായി ചുരുങ്ങുന്നതിനിടയാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കാലിഫോര്‍ണിയ റിവര്‍സൈഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ എലികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ശരീരത്തിനാവശ്യമായ ആഹാരം എത്രത്തോളമാണെന്നും ഭക്ഷണം കഴിക്കുന്നത് എപ്പോള്‍ അവസാനിപ്പിക്കണമെന്നും തലച്ചോറിന് നിര്‍ദേശം നല്‍കുന്നത് ഹൈപ്പോതലാമസാണ്. ഒപ്പം പ്രത്യുല്‍പാദനശേഷിയെ നിയന്ത്രിക്കുന്നതിലും ഹൈപ്പോതലാമസ് സുപ്രധാന പങ്കാണ് വഹിക്കുന്നത്. 

പരീക്ഷണത്തിന് വിധേയമാക്കിയ എലികള്‍ക്ക് എലികള്‍ക്ക് കൊഴുപ്പേറിയ ഭക്ഷണമാണ് ഗവേഷകര്‍ നല്‍കിയത്. ഇതോടെ എലികള്‍ പൊണ്ണത്തടിയന്‍മാരായി മാറുകയും ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ പാടെ താളം തെറ്റുകയും ചെയ്തു. അമിതമായി ഭക്ഷണം ഉള്ളില്‍ ചെന്നതോടെ ഹൈപ്പോതലാമസിന്‍റെ പ്രവര്‍ത്തനം തകരാറിലായി. ഇതോടെ എന്തോരം ഭക്ഷണം കഴിക്കണമെന്ന് എലികള്‍ക്ക് തീരുമാനിക്കാനാവാത്ത സ്ഥിതിയുണ്ടായി. മാത്രമല്ല, ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് കുറയുകയും ബീജോല്‍പാദനത്തില്‍ വലിയ കുറവ് സംഭവിച്ചുവെന്നും കണ്ടെത്തി. ഹൈപ്പോതലാമസിലെയും പിറ്റ്യൂറ്ററി ഗ്രന്ഥിയിലെയും മാറ്റങ്ങള്‍ എലികളുടെ പ്രത്യുല്‍പാദനശേഷിയെ ദോഷകരമായി ബാധിച്ചതായും ഗവേഷകര്‍ സ്ഥിരീകരിച്ചു. 

മനുഷ്യശരീരത്തില്‍ ഭക്ഷണം കഴിക്കുന്നതും പ്രത്യുല്‍പാദനവും തലച്ചോറിലെ ഹൈപ്പോതലാമസ് നിയന്ത്രിക്കുമ്പോള്‍ പിറ്റ്യൂറ്ററി ഗ്രന്ഥി അഥവാ പീയുഷ ഗ്രന്ഥിയാണ് പുരുഷന്‍മാരില്‍ ടെസ്റ്റോസ്റ്റിറോണിന്‍റെയും ബീജത്തിന്‍റെയും ഉല്‍പാദനവും സ്ത്രീകളില്‍ ഈസ്ട്രൊജനും അണ്ഡോല്‍പാദനത്തെയും നിയന്ത്രിക്കുന്നത്. ഹൈപ്പോതലാമസ് പിറ്റ്യൂറ്ററി ഗ്രന്ഥിയുമായി ആശയ വിനിമയം നടത്തുകയും ഇതിന്‍റെ ഫലമായി ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രൊജന്‍ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. പൊണ്ണത്തടിയുള്ള എലികളില്‍ ഈ ആശയവിനിമയം നടക്കുന്നില്ലെന്നും തല്‍ഫലമായി ഹോര്‍മോണ്‍ ഉല്‍പാദനം താളം തെറ്റുന്നുവെന്നുമാണ് കണ്ടെത്തിയത്. ഇക്കാര്യത്തില്‍ വിശദമായ  പഠനങ്ങള്‍ ഇനിയും ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു. 

ENGLISH SUMMARY:

Obesity may lower sperm count by impacting the brain centre controlling reproduction, Study report.