Image Credit: Facebook

തന്‍റെ 59ാം പിറന്നാള്‍ ദിനത്തില്‍ പുകവലി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് ബോളിവുഡിന്‍റെ കിങ് ഖാന്‍. 30 വര്‍ഷം തുടര്‍ച്ചയായി കൊണ്ടുനടന്ന ശീലമാണ് താരം അവസാനിപ്പിച്ചിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ ആരാധകരുമായി നടത്തിയ ഒരു കൂടിക്കാഴ്ചയിലാണ് ഷാരൂഖ് ഇക്കാര്യം വെളിപ്പെടുത്തിയത്. നവംബർ രണ്ടിനായിരുന്നു ഷാരൂഖ് ഖാന്റെ ജന്മദിനം.ദിവസവും 100ഓളം സിഗരറ്റും 30ലേറെ കാപ്പിയും കുടിച്ചിരുന്നുവെന്നും ഷാരൂഖ് വെളിപ്പെടുത്തി. 

പുകവലി ഉപേക്ഷിച്ചത് കൊണ്ട് താനൊരു റോൾ മോഡൽ ആകുന്നില്ലെന്നാണ് ഷാരൂഖ് പറയുന്നത്. കഴിഞ്ഞ 30 വർഷം പുകവലിച്ചത് കൊണ്ടു തന്നെ പുകവലിക്കരുത് എന്ന് പറയാന്‍ താന്‍ അര്‍ഹനല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇത്തരം തീരുമാനങ്ങള്‍ ഓരോരുത്തരും സ്വന്തമായി എടുക്കേണ്ടതാണെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു വർഷം തോറും 70 ലക്ഷത്തിലധികം പേരെയാണു പുകയില വകവരുത്തുന്നത്. പുകവലി മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്

പുകവലി കണ്ണുകളുടെ ആരോ​ഗ്യത്തെ സാരമായി തന്നെ ബാധിക്കാം. 65 വയസ്സിനു മുകളിലുള്ളവരിൽ അന്ധതയുടെ പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി. മാത്രമല്ല, അത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി അമേരിക്കൻ ലംഗ് അസോസിയേഷൻ വ്യക്തമാക്കുന്നു.

രണ്ട്

പുകവലി ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നു. കാലുകളിലേക്കുളള രക്തടോട്ടം കുറയുന്നതിനും പുകവലി കാരണമായേക്കാം. ഇത് ഭാവിയില്‍ അണുബാധയ്ക്ക് കാരണമാകുകയും കാല്‍വിരലുകളോ കാല്‍പ്പാദമോ നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്കും കാര്യങ്ങള്‍ ചെന്നെത്തിയേക്കാം.

മൂന്ന്

പുകവലി നിങ്ങളുടെ പ്രത്യുല്‍പ്പാദശേഷിയെ സാരമായി ബാധിക്കാനിടയുണ്ട്. രക്തധമനികള്‍ ചുരുങ്ങുന്നത് വഴി നിങ്ങളുടെ ലൈംഗികാവയവത്തിലേക്കുളള രക്തയോട്ടം നിലയ്ക്കാനും കാരണമാകും. സ്ത്രീകളിലെ പുകവലി ഗര്‍ഭധാരണത്തെയും ഗര്‍ഭസ്ഥശിശുവിനെയും ബാധിക്കാനും സാധ്യതയേറെയാണ്.

നാല്

പുകവലിയും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും അസ്ഥികളുടെ സാന്ദ്രത കുറയ്ക്കുന്നു. ഇത് ഇടുപ്പ് ഒടിവിന് ഇടയാക്കുന്നു. 

അഞ്ച്

കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ലോകമെമ്പാടും ഒരു ദശലക്ഷത്തിലധികം ആളുകളാണ് ഓരോ വർഷവും ശ്വാസകോശ അർബുദം മൂലം മരിക്കുന്നത്. ശ്വാസകോശ അര്‍ബുദം മാത്രമല്ല, മൗത്ത് കാന്‍സര്‍, കോളോറെക്ടല്‍ കാന്‍സര്‍, സ്റ്റൊമക്ക് കാന്‍സര്‍ എന്നിവയ്ക്കെല്ലാം പുകവലി കാരണമായേക്കാം.

ആറ്

പുകവലിക്കുന്നവരിൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

ENGLISH SUMMARY:

Shah Rukh Khan quits smoking