അങ്ങിനെ സ്ത്രീകൾ മാത്രം സുന്ദരികളായാൽ മതിയോ പുരുഷൻമാർക്കും സുന്ദരൻമാരാകേണ്ടേ. സൗന്ദര്യവർധക വസ്തുക്കളെല്ലാം സ്ത്രീകളുമായി ചേർത്തുവയ്ക്കുന്ന ഈ കാലത്ത് പുരുഷൻമാർക്കുമാകാം അൽപം സൗന്ദര്യചിന്തകൾ . പൊരിവെയിലിലും മഴയത്തും ജോലി ചെയ്യുന്നവർ സ്വാഭാവികമായും ചിന്തിക്കുക ചർമസൗന്ദര്യത്തേക്കുറിച്ചായിരിക്കും . ചിലപ്പോള്‍ സ്ത്രീകളുടെ അത്ര സമയം സൗന്ദര്യസംരക്ഷണത്തിനായി കരുതിവയ്ക്കാന്‍ പല പുരുഷന്‍മാര്‍ക്കും മടിയായിരിക്കും. എന്നാല്‍ വളരെ ലളിതമായി ചര്‍മം സംരക്ഷിച്ചുനിര്‍ത്താനും തിളക്കം നിലനിര്‍ത്താനും പുരുഷന്‍മാര്‍ക്കും ചില വഴികളൊക്കെ പരീക്ഷിക്കാവുന്നതാണ്.
നന്നായി മുഖം കഴുകുക എന്നതുതന്നെയാണ് ചര്‍മത്തെ കരുതാന്‍ ആദ്യം ചെയ്യേണ്ടത്. ഇതിനായി ശക്തി കുറഞ്ഞ ഫേസ് വാഷ് ഉപയോഗിക്കാം. മുഖത്തെ പൊടിയും അഴുക്കും ഒളിവാക്കാന്‍ ദിവസവും രണ്ടോ മൂന്നോ തവണയെങ്കിലും മുഖം കഴുകുക. അവരവരുടെ ചര്‍മത്തിന്‍റെ സ്വഭാവം മനസ്സിലാക്കി വേണം ഫേസ് വാഷ് തിരഞ്ഞെടുക്കാന്‍. വെയിലത്തേക്കിറങ്ങുമ്പോള്‍ മുഖത്തും കൈകകളിലും സണ്‍സ്ക്രീന്‍ പുരട്ടാം. പുറത്തേക്ക് ഇറങ്ങുന്നതിന് 20 മിനിറ്റ് മുൻപെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടിയാൽ മാത്രമേ ഗുണമുള്ളൂ. ഷേവിങ് ക്രീം തിരഞ്ഞെടുക്കുമ്പോഴും നല്ലതുനോക്കി തിരഞ്ഞെടുക്കണം. ആഫ്റ്റർ ഷേവ് ലോഷൻ ഉപയോഗിക്കാനും മറക്കരുത്. മുഖത്തിന്‍റെ നിറം വര്‍ധിക്കാന്‍ ഷേവ് ചെയ്ത ശേഷം മുഖത്ത് ആവിപിടിക്കാം. താടി വളർത്തുന്നവരാണെങ്കിൽ താടി വൃത്തിയായി കഴുകിയ ശേഷം ബ്രഷ് ചെയ്ത് സൂക്ഷിക്കുക. താടി വൃത്തിയായി സൂക്ഷിക്കാത്തവരിൽ താരൻ ഉണ്ടാകാനും സാധ്യതയുണ്ട്.
ചര്‍മംരക്ഷണത്തിന് അവശ്യം വേണ്ട കാര്യമാണ് ആവശ്യത്തിനുള്ള വെള്ളം കുടിക്കല്‍. ശരീരത്തിന് ഒരുദിവസം വേണ്ടത്ര വെള്ളം കിട്ടിയില്ലെങ്കില്‍ നിർജലീകരണത്തിനു കാരണമാവുകയും ചര്‍മം വരളാന്‍ ഇടയാവുകയും ചെയ്യും. ദിവസവും രണ്ടോ മൂന്നോ ലീറ്റർ വെള്ളം ശരീരത്തിന് ആവശ്യമാണ്. ചര്‍മസംരക്ഷണത്തിന് നല്ല ഉറക്കവും വളരെ പ്രധാനമാണ്. രാത്രി അരമണിക്കൂർ ശുദ്ധമായ വെള്ളത്തിൽ കാലുകൾ മുക്കി വെക്കാം. വെള്ളത്തിൽ അൽപം ഉപ്പും ആവാം. ചുണ്ടുകൾ വരളുന്ന പ്രശ്നമുള്ളവര്‍ ഉറങ്ങുന്നതിനു മുൽപം അൽപം വെണ്ണ പുരട്ടുന്നത് നല്ലതാണ്. ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് മുഖത്ത് ഒലീവ് ഓയില്‍ പുരട്ടുന്നതും നല്ലതാണ്. ഇത് ചര്‍മത്തിന് ദൃഢതയും മൃദുത്വവും നല്‍കും. പുരുഷന്മാരില്‍ സ്വേദ ഗ്രന്ഥികള്‍ കൂടുതല്‍ പ്രവര്‍ത്തിക്കും. ഇത് ബ്ലാക് ഹെഡ്‌സും മറ്റും വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. അതുകൊണ്ട് ദിവസവും ക്ലെന്‍സിംഗ് ചെയ്യുന്നതും പതിവാക്കാം.