പ്രായമാകുന്തോറും ശരീരത്തില്‍ മാറ്റങ്ങള്‍ വരുന്നത് സ്വാഭാവികമാണ്. അതില്‍ പലരെയും അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ് ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത്. ചര്‍മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ ചില വഴികളുണ്ടെങ്കിലും പുതിയ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ചൈനിയിലെ ചില ശാസ്ത്രജ്ഞര്‍. ഹൈഡ്രജന്‍ തെറാപ്പിയെന്നാണ് അവര്‍ അതിനെ വിളിക്കുന്നത്. ഹൈഡ്രജിനിലെ ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ കോശങ്ങളെ പുനരുദ്ധരിക്കുമെന്നാണ് അവര്‍ വിശദീകരിക്കുന്നത്.
പ്രായമുകുന്നതോടെ നമ്മുടെ ശരീരത്തില്‍ ടോക്സിക് റാഡിക്കല്‍ എലമെന്‍റുകള്‍ ഉണ്ടാകും. ഹൈഡ്രജന് അത് ഇല്ലാതാക്കാനുള്ള കഴിവുണ്ടെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ചില കോശങ്ങളുടെയും ടഷ്യൂകളുടെയും വളര്‍ച്ചയിലും വികാസത്തിലും ഹൈഡ്രജന്‍ സഹായിക്കുന്നതായി കണ്ടെത്തി. എന്നിരുന്നാലും ചികില്‍സയുടെ കൂടുതല്‍ തലങ്ങളെപ്പറ്റി പഠനം നടക്കുകയാണ്. ശരീരത്തില്‍ എത്ര അളവില്‍ ഹൈഡ്രജന്‍ തന്മാത്രകളെ ശരീരത്തിലേക്ക് കയറ്റിവിടണം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കോശങ്ങളും മരുന്നുകളുമൊക്കെ ശരീരത്തിലെത്തിക്കുന്ന സ്കാഫോള്‍ഡ് ഇംപ്ലാന്‍റ് എന്ന മാര്‍ഗത്തിലൂടെ ഹൈഡ്രജനും ശരീരത്തിലെത്തിക്കാമെന്നാണ് അവര്‍ പറയുന്നത്. ഹൈഡ്രജന്‍ സമ്പുഷ്ടമായ വെള്ളം കുടിക്കുകയോ, ഹൈഡ്രജന്‍ ശ്വസിക്കുകയോ പോലുള്ള മാര്‍ഗങ്ങളും ഉപയോഗിക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
സ്കാഫോള്‍ഡ് ഇംപ്ലാന്‍റ് വികസിപ്പിച്ച് എലികളില്‍ പരീക്ഷിച്ച വിവരം ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. 24 മാസം പ്രായമുള്ള എലികളിലായിരുന്നു പരീക്ഷണം. 70 വയസ് പ്രായമുള്ള മനുഷ്യര്‍ക്ക് സമാനമാണ് അവരെന്നാണ് ശസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. അധികം വൈകാതെ ഈ രീതി മനുഷ്യരിലും പരീക്ഷിക്കാനാകുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു.