ഉയര്‍ന്ന രക്ത സമ്മര്‍ദം പലരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രായമായവരിലാണ് ഈ പ്രശ്നം അധികവും കണ്ടുവരുന്നത്. മരുന്ന് കഴിച്ചിട്ടും ബിപി കുറയുന്നില്ല എന്നായിരിക്കും ഇത്തരക്കാരുടെ പരാതി. മരുന്നിനോടൊപ്പം ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വരുത്തുന്ന മാറ്റങ്ങളാണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് നിര്‍ത്തുന്നത്.
ഹൈപ്പര്‍ ടെന്‍ഷന്‍ എന്നാണ് ബിപി പരിധിവിടുന്ന അവസ്ഥയ്ക്ക് പറയുന്നത്.120/80 എന്നതാണ് മനുഷ്യരുടെ ശരിയായ ബിപി. അത് 140/90ന് മുകളിലേക്ക് എത്തുമ്പോഴാണ് ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അവസ്ഥ ഉണ്ടാകുന്നത്. പ്രീ ഹൈപ്പര്‍ ടെന്‍ഷനാണെങ്കില്‍ അത് മരുന്നില്ലാതെ തന്നെ ജീവതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ വഴി പരിധിയിലാക്കാന്‍ കഴിയും.
ഹൈപ്പര്‍ ടെന്‍ഷന്‍റെ കൃത്യമായ കാരണം എല്ലാവരിലും കണ്ടെത്താന്‍ കഴിഞ്ഞൂവെന്ന് വരില്ല. വൃക്ക രോഗികളില്‍ സെക്കന്‍ററി ഹൈപ്പര്‍ ടെന്‍ഷന്‍ കണ്ടുവരാറുണ്ട്. കൂടാതെ അഡ്രിനൽ ഗ്രന്ഥി, തൈറോയ്ഡ് തുടങ്ങിയവയുടെ പ്രവർത്തനത്തകരാറുകൾ മഹാധമനിയിലുള്ള തടസ്സങ്ങൾ, സ്റ്റിറോയ്ഡുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള മരുന്നുപയോഗം തുടങ്ങിയവയും രക്തസമ്മർദം ഉയർത്താം.
അമിതമായ ശരീരഭാരം ബിപി കൂട്ടുന്നതിന്‍റെ മറ്റൊരു കാരണമാണ്. അതിന് മരുന്ന് ഒരു ശാശ്വാത പ്രതിവിധിയാകില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.അമിതവണ്ണമുള്ളവരിൽ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമായി രക്തം പമ്പ് ചെയ്ത് എത്തിക്കാൻ ഹൃദയത്തിന് കൂടുതൽ ജോലി ചെയ്യേണ്ടിവരും. ഹൃദയത്തിന്റെ ജോലിഭാരം കൂടുന്നത് ബി.പി. കൂട്ടും. കൂടാതെ രക്തധമനികളിൽ കൊഴുപ്പടിഞ്ഞുകൂടി രക്തക്കുഴലുകളുടെ ഉൾവ്യാസം കുറയുന്നതും ബി.പി. കൂട്ടും. കൃത്യമായി വ്യായാമം ചെയ്തും ഭക്ഷണം ക്രമീകരിച്ചും ബിപി കുറച്ചുകൊണ്ടുവരാന്‍ സാധിക്കും. ഒപ്പം ഉപ്പിന്‍റെ ഉപയോഗവും കുറയ്ക്കണം.
ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുകയും എണ്ണയില്‍ ഉണ്ടാക്കിയ പലഹാരങ്ങളും റെഡ്മീറ്റ് വിഭാഗത്തില്‍പ്പെടുന്നവ ഉപേക്ഷിക്കുകയും വേണം. വാഴപ്പഴവും ഉരുളക്കിഴങ്ങും ബിപി ക്രമപ്പെടുത്താന്‍ നല്ലതാണ്. സ്ഥിരമായി സൈക്കിള്‍ ചവിട്ടുന്നതും നടക്കുന്നതും രക്ത സമ്മര്‍ദ്ദം ക്രമീകരിക്കാന്‍ നല്ലതാണ്.