കൊച്ചിയിൽ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ ഉമ തോമസ് എംഎൽഎ വെൻ്റിലേറ്ററിൽ തുടരുന്നു. ശ്വാസകോശത്തിലെ അണുബാധ മാറാൻ ആൻ്റിബയോട്ടിക്കുകൾ അടക്കമുള്ള ചികിത്സയാണ് തുടരുന്നത്. ഉമ തോമസിൻ്റെ ആരോഗ്യാവസ്ഥ വിലയിരുത്താൻ ഇന്ന് വീണ്ടും മെഡിക്കൽ ബോർഡ് യോഗം ചേരും.
മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന ശേഷമായിരിക്കും അടുത്ത മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുക. ആരോഗ്യാവസ്ഥ മെച്ചപ്പെടുകയാണെങ്കിൽ വെൻ്റിലേറ്ററിൽ നിന്നും മാറ്റുന്ന കാര്യത്തിൽ കൂടി ഡോക്ടർമാർ ഇന്ന് തീരുമാനമെടുത്തേക്കും. അതീവ ഗുരുതരാവസ്ഥയിൽ അല്ലെങ്കിലും, ഉമ തോമസ് ഇതുവരെ അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം ഉമ തോമസ് എം.എൽ.എ യ്ക്ക് അപകടം സംഭവിച്ച വേദിയിലെ സുരക്ഷ വീഴ്ച്ചകൾ എണ്ണി പറഞ്ഞ് സംയുക്ത പരിശോധന റിപ്പോർട്ട്. സുരക്ഷയ്ക്ക് പുറമെ വേദിക്ക് സമീപം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വൈദ്യ സഹായം ഉണ്ടായിരുന്നില്ല. പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയത്. VIP സ്റ്റേജിന് അടുത്തായി ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ വൈകി.
താൽക്കാലികമായി നിർമ്മിച്ച വേദിയ്ക്ക് ആവശ്യമായ ബലം ഉണ്ടായിരുന്നില്ലെന്നും സംഘാടകർക്ക് സംഭവിച്ചത് ഗുരുതരമായ പിഴവ് ആണെന്നും കണ്ടെത്തി. പോലീസും, അഗ്നി രക്ഷ സേനയും, പൊതു മരാമത്ത് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് സുരക്ഷ വീഴ്ച്ച ചൂണ്ടിക്കാട്ടിയത്. അതേസമയം സുരക്ഷ വീഴ്ചയിൽ പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്‍ സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം അറസ്റ്റിലായി.