‘കുഞ്ഞിനെ നോക്കാനായി ജോലി ഉപേക്ഷിച്ചു’ എന്നുപറയേണ്ടി വരുന്ന അമ്മമാരും ‘അവള്‍ ജോലിക്കു പോയാല്‍ കുഞ്ഞിന്‍റെ കാര്യമെങ്ങനെയാ?’ എന്ന് ചോദിക്കുന്ന ഭര്‍ത്താക്കന്മാരും വീട്ടുകാരും ഇന്നും നമുക്കിടയില്‍ കുറവല്ല. ഒരു സ്ത്രീയെ സംബന്ധിച്ച് ഗര്‍ഭിണിയാണെന്ന് അറിയുമ്പോള്‍ മുതല്‍ പ്രസവം വരെയും അതിനുശേഷവും ഉണ്ടാകുന്ന മാറ്റം എന്നുപറയുന്നത് ഊഹിക്കാവുന്നതിലും അപ്പുറമാണ്. പലവിധ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ‘അവള്‍’ കടന്നുപോകുന്നത്. എന്നാല്‍ പെണ്ണെന്നാല്‍ പ്രസവിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനുമുള്ള യന്ത്രമാണെന്ന ധാരണ ഇന്നും പലരിലും മാറിയിട്ടില്ല. 

ഒരു സ്ത്രീയെ ഏറ്റവും കരുതലോടെ പരിചരിക്കേണ്ട, സന്തോഷത്തോടെ പരിപാലിക്കേണ്ട ഘട്ടമാണിത്. പ്രസവത്തോടെ എല്ലാവരുടെയും ശ്രദ്ധ കുഞ്ഞിലേക്ക് മാത്രമായി ഒതുങ്ങും. കുഞ്ഞിനാണ് പിന്നീട് പ്രാധാന്യം. അത്രയുംനാള്‍ ആ കുഞ്ഞിനെ വയറ്റിലിട്ടു നടന്ന അമ്മയേയും അമ്മയുടെ മാനസിക ആരോഗ്യത്തേയും നമ്മള്‍ മാനിക്കണം. കുഞ്ഞിനെപ്പോലെ തന്നെ അമ്മയ്ക്കും കരുതലാണ് ആവശ്യം.

പ്രസവത്തോടെ തുടങ്ങുന്നതേയുള്ളൂ...!

പ്രസവം കഴിഞ്ഞു, ഹാവൂ... ഇനി കഴിഞ്ഞു എന്ന് പറയാനാവില്ല. ഒന്‍പതു മാസം വയറ്റിലുണ്ടായിരുന്ന കുഞ്ഞ് കയ്യില്‍ വന്നു എന്നത് മാത്രമാണ് മാറ്റം. ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭിണിക്ക് നല്‍കിയ പരിചരണവും സ്നേഹവും ഇനി അമ്മയിലേക്കും കുഞ്ഞിലേക്കും എത്തണം. അമ്മയില്‍ ശാരീരികമായ മാത്രമല്ല, മാനസികമായ മാറ്റങ്ങളും പ്രകടമായി തുടങ്ങും. ഈ ഘട്ടത്തില്‍ കുഞ്ഞിനെപ്പോലെ തന്നെ അമ്മയേയും കരുതണം. അവരെ കേള്‍ക്കണം, അവര്‍ക്കു വേണ്ട സമയം കൊടുക്കണം. അത്രയുംനാള്‍ സുഖമായി ഉറങ്ങിശീലിച്ചയാളിനു മുന്നിലേക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചാണ് കുഞ്ഞ് വരുന്നത്.

കുഞ്ഞ് ജനിച്ച് അര മണിക്കൂറിനകം തുടങ്ങുന്ന മുലപ്പാലൂട്ടല്‍ ദിവസത്തില്‍ രണ്ടുമണിക്കൂര്‍ ഇടവിട്ട് തുടങ്ങുന്നതോടെ അമ്മയുടെ ഉറക്കം കുറയും. തന്‍റെ എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള ഭാഷ കരച്ചിലാണ് കുഞ്ഞിന്. ഈ കരച്ചില്‍ മാത്രമാണ് അമ്മ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നതും. പതിയെ കുഞ്ഞിന്‍റെ ഈ ‘കരച്ചില്‍ ഭാഷ’യും അമ്മ മനസ്സിലാക്കി തുടങ്ങും. കുഞ്ഞിന്‍റെ ആവശ്യമെന്താണെന്ന് അമ്മയ്ക്ക് പിടികിട്ടി തുടങ്ങും. ഇതിനെല്ലാം കുറച്ച് സമയം വേണം. 

കുഞ്ഞ് ജനിക്കുമ്പോള്‍ അമ്മയും കൂടിയാണ് ജനിക്കുന്നത്

ആദ്യ നാളുകളില്‍ കുഞ്ഞ് കരയുമ്പോള്‍ എന്തിനാണ് കരയുന്നതെന്ന് അമ്മയ്ക്കും മനസ്സിലായി എന്നുവരില്ല. കാരണം കുഞ്ഞിനൊപ്പമാണ് ഒരമ്മ അമ്മയായി വളരുന്നത്. ആ ഘട്ടത്തില്‍ തന്നെ ‘കുഞ്ഞ് കരയുന്നത് കേട്ടില്ലേ, നീ എന്ത് ചെയ്യുന്നു’ എന്നുള്ള ചോദ്യത്തോടെ ഉത്തരവാദിത്വം മുഴുവന്‍ അമ്മയെ ഏല്‍പ്പിക്കുന്നതിനു പകരം അവരെ സഹായിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാത്തപക്ഷം പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്ന മോശം അവസ്ഥയിലേക്ക് തന്നെ കാര്യങ്ങള്‍ ചെന്നെത്താം. പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് പലരും തുറന്നുപറഞ്ഞ് രംഗത്തെത്തിയതോടെ അതെന്താണെന്ന അറിവ് പലരിലുമുണ്ട്.

ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കും മുന്‍പ് വ്യക്തമായി അറിഞ്ഞിരിക്കണം. എന്നിലൂടെ ലോകം കാണാന്‍ എത്തുന്ന കുഞ്ഞതിഥിയുടെ പൂര്‍ണ ഉത്തരവാദിത്തവും സുരക്ഷയും സന്തോഷവുമെല്ലാം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാണോ എന്ന ചോദ്യം പലകുറി സ്വയം ആവര്‍ത്തിച്ചു ചോദിക്കണം. കുഞ്ഞുമായി മുന്നോട്ടുള്ള കാര്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്താല്‍ തന്നെ ഗര്‍ഭകാലവും കുടുംബജീവിതവും ആനന്ദകരമായി മുന്നോട്ടു കൊണ്ടുപോകാം.

ENGLISH SUMMARY:

New mom's too deserve as much as attention and care that we provide for the baby.