menstrual-cup

രാജ്യത്ത് സുപരിചിതമായ ബ്രാൻഡുകളുടെ സാനിറ്ററി നാപ്കിനുകൾ വന്ധ്യതക്കും കാൻസറിനും വഴി വയ്ക്കുന്നതായ ഞെട്ടിക്കുന്ന കണ്ടെത്തൽ കുറച്ചുകാലം മുൻപേ പുറത്തുവന്നതാണ്. നാപ്കിനുകൾ മ്യദുലവും സുഗന്ധവുമുള്ളതാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് വില്ലനാകുന്നത്. ഇവ നിയന്ത്രിക്കാൻ എത്രയും പെട്ടെന്ന് മാനദണ്ഡങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് ഡൽഹി ആസ്ഥാനമായുള്ള എൻജിഒ ടോക്സിക്സ് ലിങ്കിന്റെ പഠനം വ്യക്തമാക്കിയിരുന്നു. എന്നാൽ കാര്യമായ നടപടികൾ ഉണ്ടായതായി കണ്ടില്ല.

മെൻസ്ട്രുവൽ കപ്പിനോട് എന്നിട്ടും എതിർപ്പ് 

ഋതുമതികളായവരിൽ ജീവിതത്തിൽ ഇതുവരെ സാനിറ്ററി നാപ്കിൻ ഉപയോഗിച്ചിട്ടില്ലാത്തവർ ഉണ്ടായെന്ന് വരില്ല. നാപ്കിൻ കമ്പനികൾ സ്വന്തം ലാഭത്തിനായി നടത്തുന്ന പ്രവർത്തി വരുംതലമുറയെ തന്നെ ഏറ്റവും മോശമായി ബാധിക്കുന്നതാണെന്ന തിരിച്ചറിവ് അത്രത്തോളം ഭയപ്പെടുത്തുന്നതാണ്. യഥാർഥത്തിൽ വളരെ സ്വാഭാവികമായി സ്ത്രീകളിൽ സംഭവിക്കുന്ന ശാരീരിക അവസ്ഥയെയാണ് ഈ കമ്പനികൾ മുതലെടുത്തിരിക്കുന്നത്. 

ഞെട്ടിക്കുന്ന ഈ റിപ്പോർട്ട് പുറത്തുവന്നിട്ടും ഇന്നും മെൻസ്ട്രുവൽ കപ്പിനെ എതിർക്കുന്നവരുണ്ട്. എതിർപ്പ് എന്നതിലുപരി അതിനെ ഭയം എന്നുതന്നെ പറയണം. ശരീരത്തിനുള്ളിലേക്ക് വയ്ക്കണ്ടേ എന്ന ചോദ്യത്തിൽ തുടങ്ങി മെൻസ്ട്രുവൽ കപ്പ് കന്യകാത്വം ഇല്ലതാക്കും എന്നുവരെ പറഞ്ഞു നടക്കുന്നവരും ഇക്കാലത്തുമുണ്ട്. ഇതങ്ങ് ഗർഭപാത്രത്തിലേക്ക് കയറിപ്പോയാലോ എന്ന പേടിയാണ് ചിലർക്ക്. എന്നാൽ ഇതങ്ങനെയൊന്നും ഒരു കാരണവശാലും കയറിപ്പോകില്ലെന്ന് ഡോക്ടർമാർ തന്നെ പറയുന്നുണ്ട്. സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ, ശുചിത്വമുള്ള ആർത്തവദിനങ്ങളാണ് മെൻസ്ട്രുവൽ കപ്പ് നൽകുന്നത് എന്ന വസ്തുത ഇതിനെല്ലാം മുകളിൽ ഉയർന്നു നിൽക്കുന്നുണ്ട്.

കുറച്ചധികം നാളുകളായി നമ്മൾക്കിടയിൽ‌ മെൻസ്ട്രുവൽ കപ്പ് എന്ന പേര് കേട്ടു പരിചയം ഉണ്ടെങ്കിലും, ഇത്രയുംനാൾ നാപ്കിനാണ് ഉപയോഗിച്ചത് പെട്ടെന്ന് മാറാനൊരു മടി എന്നാണ് പലരും പറയുന്നത്. മുകളിൽ സൂചിപ്പിച്ച പോലെ ചില മിഥ്യാധാരണകളും ഇതിനു പിന്നിലുണ്ട്. എന്നാൽ ആർത്തവത്തിന്റേതായ വിഷമതകളെ ഒരു പരിധി വരെ ദൂരീകരിക്കാനും ഈ കപ്പിനാകും. 

'തലവേദന'യില്ല; സാമ്പത്തിക ലാഭം

സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുമ്പോൾ, ചില നാപ്കിനുകൾ പേറുന്ന രൂക്ഷഗന്ധവും ചൊറിച്ചിലും അലർജിയും എന്നു തുടങ്ങി ഇവ എങ്ങനെ നിര്‍മാർജനം ചെയ്യും എന്നതുവരെ വലിയ തലവേദനയാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സാനിറ്ററി പാഡുകൾ സമ്മാനിക്കുന്നതും. എന്നാൽ മെൻസ്ട്രുവൽ കപ്പിനാകട്ടെ ഇങ്ങനെ യാതൊരുവിധ പ്രശ്നവുമില്ല. ശരിക്കും ആർത്തവദിനങ്ങളാണെന്ന് പോലും ഇതോർമിപ്പിക്കില്ല എന്നതാണ് സത്യം. അപൂർവം ചിലരിൽ കപ്പ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കണ്ടുവന്നിട്ടുണ്ട്.

സിലിക്കോൺ കൊണ്ടാണ് മെൻസ്ട്രുവൽ കപ്പുകൾ നിർമ്മിക്കുന്നത്. അതുകൊണ്ടു തന്നെ വാജൈനൽ ഇൻഫെക്ഷൻ ഇത് ഉണ്ടാക്കില്ല എന്നാണ് വിദഗ്ധരായ ഗൈനക്കോളജിസ്റ്റുകൾ വരെ അഭിപ്രായപ്പെടുന്നത്. കപ്പിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് ആരോഗ്യത്തിനൊപ്പം സാമ്പത്തിക ലാഭം എന്നതാണ്. നല്ല ബ്രാൻഡുകളുടെ കപ്പാണെങ്കിൽ ഒരൊറ്റ കപ്പ് അഞ്ചു വർഷം വരെ ഉപയോഗിക്കാം. മാസത്തിൽ വാങ്ങിക്കൂട്ടുന്ന നാപ്കിൻ പാക്കറ്റുകളുടെ വിലയുമായി താരതമ്യം ചെയ്താൽ കപ്പിന്റെ വില തുലോം തുച്ഛമാണ്.

വൃത്തി, അത് നിർബന്ധം

കപ്പ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഓരോ ആര്‍ത്തവചക്രത്തിലും ഉപയോഗിക്കുന്നതിനു മുൻപും ശേഷവും മെൻസ്ട്രുവൽ കപ്പ് തിളച്ചവെള്ളത്തിലിട്ട് അണുനശീകരണം വരുത്തണം. കുഞ്ഞുങ്ങളുടെ പാൽക്കുപ്പിയുടെ നിപ്പിൾ സ്റ്റെറിലൈസ് ചെയ്യുന്നതുപോലെയോ അല്ലെങ്കിൽ ഇതിനായി തന്നെ പ്രത്യേകം നിർമിച്ചിട്ടുള്ള സ്റ്റെറിലൈസറുകളോ ഇതിനായി ഉപയോഗിക്കാം. സോപ്പോ ലോഷനുകളോ ഒന്നുമുപയോഗിച്ച് കപ്പ് കഴുകേണ്ടതായില്ല. ഇത് ചിലപ്പോൾ ത്വക്കിന്റെ പി.എച്ച് ബാലന്‍സിനെ ബാധിച്ചേക്കാം. വൃത്തിയായി കപ്പ് സൂക്ഷിക്കുക എന്നതും പ്രധാനമാണ്. വെള്ളം നന്നായി തുടച്ച് വേണം കപ്പ് സൂക്ഷിക്കാന്‍. ശരീരത്തിൽ വയ്ക്കുമ്പോഴും കപ്പിൽ വെള്ളമില്ലെന്ന് ഉറപ്പുവരുത്തണം. ഓരോ ഉപയോഗത്തിനു ശേഷവും സാധാരണ വെള്ളം ഉപയോഗിച്ച് കപ്പ് കഴുകി സൂക്ഷിക്കാം.

മെൻസ്ട്രുവൽ കപ്പിന്റെ പാക്കറ്റിൽ തന്നെ എങ്ങനെയാണ് ഇതിന്റെ ഉപയോഗക്രമമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടാവും. എങ്ങനെ കപ്പ് മടക്കണം, ഏതെല്ലാം തരത്തിൽ കപ്പ് മടക്കാം എന്നു തുടങ്ങി എല്ലാ കാര്യങ്ങളും കൊടുത്തിട്ടുണ്ടാവും. ഉപയോഗിക്കുന്നയാളുടെ സംതൃപ്തിക്കനുസരിച്ച് ഇത് തിരഞ്ഞെടുക്കാം. ഇത് സംബന്ധിച്ച വിഡിയോകള്‍ സമൂഹമാധ്യമങ്ങളിലും സുലഭമാണ്.

ENGLISH SUMMARY:

Sanitary napkins cause cancer and severe skin deseases; Use menstrual cups for a safe menstruation period.