നിയന്ത്രിക്കാനാവാതെ മൂത്രം പോകുന്ന അവസ്ഥ ലോകത്തിലെ 50 ശതമാനം സ്ത്രീകളിലുമുണ്ടെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. പക്ഷേ നാണക്കേടും മടിയും കൊണ്ട് ആളുകള്‍ ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയാണ്. ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്ക് പുറമെ ആത്മവിശ്വാസക്കുറവും ഈ രോഗം സ്ത്രീകളിലുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിസാരമായി കാണാതെ ഡോക്ടറെ കണ്ട് ചികില്‍സ ഉറപ്പാക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.
ലക്ഷണങ്ങളെന്ത്?
അപ്രതീക്ഷിതമായി ഒരു തുള്ളിയോ, രണ്ട് തുള്ളിയോ വീതം മൂത്രം പോകുന്നതാണ് രോഗത്തിന്‍റെ തുടക്കം. ചിരിക്കുമ്പോള്‍, ചുമയ്ക്കുമ്പോള്‍ എന്തിനേറെ തുമ്മുമ്പോള്‍ വരെ മൂത്രം പോകാം. ഇത് ആഴ്ചകളില്‍ തുടങ്ങി മാസങ്ങള്‍ നീണ്ടേക്കാം. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക. പെട്ടെന്ന് മൂത്രമൊഴിക്കാന്‍ തോന്നുകയും അത് നിയന്ത്രിക്കാനാവാതെ വരികയും ചെയ്യുക. രാത്രിയില്‍ രണ്ടിലേറെ പ്രാവശ്യം മൂത്രമൊഴിക്കാനായി ഉണരുക എന്നിവയും അസുഖത്തിന്‍റെ ലക്ഷണങ്ങളാണ്. മേല്‍പ്പറഞ്ഞ ലക്ഷണങ്ങളിലേതെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണം.
ഒരു തുള്ളിയല്ലേ, പുറത്തെങ്ങനെ പറയും എന്നൊക്കെയുള്ള സങ്കോചത്താല്‍ മിണ്ടാതെയിരുന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അണുബാധയ്ക്കും, സ്വകാര്യഭാഗങ്ങളില്‍ മുറിവുകള്‍ ഉണ്ടാകുന്നതിനും ചിലപ്പോള്‍ മൂത്രാശയ അണുബാധയ്ക്കും ഇത് കാരണമാകാം. മാനസികാരോഗ്യത്തെയും രോഗാവസ്ഥ ബാധിക്കും. ക്രമേണെ പൊതുചടങ്ങുകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും അകലം പാലിക്കാനും തുടങ്ങും. മുന്‍പ് സന്തോഷത്തോടെ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളെല്ലാം അവസാനിപ്പിച്ച് മുറിയിലേക്ക് ആളുകള്‍ ഒതുങ്ങിക്കൂടിയേക്കാമെന്നും ഇത് പതിയെ വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കും വഴിതെളിക്കും. ഇത്തരം സാഹചര്യത്തിലായിപ്പോകുന്നവരെ കൗണ്‍സിലിങ് നല്‍കിയാണ് ഒടുവില്‍ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നിട്ടുള്ളതെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു
ഗര്‍ഭിണികള്‍ക്കെല്ലാം രോഗം ഉണ്ടാകുമോ?
ഗര്‍ഭകാലത്തും പ്രസവശേഷവും ഇത്തരത്തില്‍ മൂത്രം പോകുന്ന രോഗമുണ്ടാകാനുള്ള സാധ്യത അല്ലാത്ത സമയത്തക്കാള്‍ കൂടുതലാണ്. ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തിട്ടുള്ളവരെക്കാള്‍ സാധാരണരീതിയില്‍ പ്രസവിച്ച സ്ത്രീകളിലാണ് ഇതിന് സാധ്യത കൂടുതല്‍. കൃത്യമായ വ്യായാമത്തിലൂടെയും ചികില്‍സയിലൂടെയും ഇത് ഭേദമാക്കാന്‍കഴിയും.
രോഗസാധ്യത ഏത് പ്രായത്തില്‍? ജീവിത ശൈലിയുമായി ബന്ധമുണ്ടോ?
ഗര്‍ഭകാലം, പ്രസവശേഷം, ആര്‍ത്തവ വിരാമകാലം എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളിലാണ് സാധാരണയായി ഇത്തരത്തില്‍ മൂത്രം പോകല്‍ കണ്ടുവരുന്നത്. എന്നാല്‍ ജീവിതശൈലി മാറിയതോടെ 40 വയസിന് താഴെയുള്ള സ്ത്രീകളില്‍ അസുഖം സാധാരണമാവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊണ്ണത്തടി, ഭക്ഷണരീതിയിലെ ക്രമക്കേട്, വ്യായാമം ഇല്ലായ്മ എന്നിവയാണ് പ്രധാന കാരണങ്ങള്‍. പുകവലിക്കുന്ന സ്ത്രീകളിലും രോഗം കണ്ടുവരുന്നു.
പരിഹാരമെന്ത്?
അമിത വണ്ണം കുറയ്ക്കുക, പുകവലി ഉപേക്ഷിക്കുക എന്നിവ രോഗം നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിന് പുറമെ പെല്‍വിക് മസിലുകളെ ബലപ്പെടുത്താന്‍ ചെയ്യുന്ന വ്യായാമങ്ങളും യോഗയും സഹായകമാണ്. എന്തായാലും രോഗമുണ്ടെന്ന് തോന്നിയാലുടന്‍ യൂറോളജിസ്റ്റിന്‍റെ സഹായം അടിയന്തരമായി തേടുക.