health-benefits-of-semolina

TOPICS COVERED

ശരീരഭാരം കുറയ്ക്കാനും ഊര്‍ജം നല്‍കാനും സാധിക്കുന്ന ഭക്ഷണ പദാര്‍ഥമാണ് റവ. പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ റവയുടെ ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. കാലറി വളരെ കുറഞ്ഞ ഭക്ഷണമായത് കൊണ്ട് തന്നെ ശരീരം വണ്ണം വര്‍ധിക്കാതിരിക്കാനും റവ സഹായകരമാകുന്നു.എന്തെല്ലാമാണ് റവ ഡയറ്റില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഉള്ള ഗുണങ്ങള്‍ എന്ന് നോക്കാം. 

കാർബോഹൈഡ്രേറ്റ്, ഭക്ഷ്യനാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ, വൈറ്റമിനുകളായ വൈറ്റമിൻ എ, തയാമിൻ (B1), റൈബോഫ്ലേവിൻ (B2), നിയാസിൻ (B3), വൈറ്റമിൻ ബി6, ഫോളേറ്റ് (B9), വൈറ്റമിൻ ബി12, വൈറ്റമിൻ സി എന്നിവ റവയില്‍  അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, സോഡിയം, സിങ്ക് തുടങ്ങിയ ധാതുക്കളും റവയിലുണ്ട്. 100 ഗ്രാം റവയിൽ 360 കാലറി ആണ് ഉള്ളത്. 1.1 ഗ്രാം കൊഴുപ്പ്, 1 മി.ഗ്രാം സോഡിയം, 186 മില്ലിഗ്രാം പൊട്ടാസ്യം, 73 ഗ്രാം കാർബോഹൈഡ്രേറ്റ്, 13 ഗ്രാം പ്രോട്ടീൻ എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്.

നാരുകളും കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളുമുണ്ടായതിനാല്‍ തന്നെ റവ കഴിച്ചാല്‍ ദഹിക്കാന്‍ സമയമെടുക്കും. അത്കൊണ്ട് തന്നെ ഏറെ നേരം വിശപ്പ് അനുഭവപ്പെടില്ല.വയര്‍ നിറഞ്ഞ പ്രതീതി അനുഭവപ്പെടുന്നത്കൊണ്ട് തന്നെ അമിതമായി ഭക്ഷണം കഴിക്കുന്നതും ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുന്നതും ഇതുമൂലം ഒഴിവാക്കാൻ സാധിക്കും.അതായത് അനാവശ്യ കാലറികള്‍ ശരീരത്തില്‍ എത്തുന്നത് തടയാന്‍ സാധിക്കും.

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതിനാല്‍ ശരീരത്തിന്‍റെ ഊര്‍ജം നിലനിര്‍ത്താനും റവ കഴിക്കുന്നതിലൂടെ സാധിക്കുന്നു.റവയിൽ മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുണ്ട്. ഇതുമൂലം നാഡീ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ റവയ്ക്കു കഴിയും.

റവയ്ക്ക് ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവാണ്. അതുകൊണ്ടു തന്നെ റവ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും  റവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ദോശ, ഉപ്പ്മാവ്, ഇഡ്ഡലി തുടങ്ങിയ വിഭവങ്ങളെല്ലാം റവ കൊണ്ടുണ്ടാക്കാം.പാചകം ചെയ്യാനും എളുപ്പമാണ് എന്നതിനാല്‍ ജോലിത്തിരക്കിനിടയില്‍ സമയം ലാഭിക്കാനും സാധിക്കും.

ENGLISH SUMMARY:

Health Benefits of Semolina