നിരവധി ഔഷധഗുണങ്ങളടങ്ങിയ സുഗന്ധ വ്യഞ്ജനമാണ് ഉലുവ. വെള്ളത്തിലിട്ടും കഞ്ഞിവച്ചും പൊടിയാക്കി ഭക്ഷണത്തില്‍ ചേര്‍ത്തുമെല്ലാം ഉലുവ കാലങ്ങളായി ഉപയോഗിച്ച് വരുന്നുണ്ട്. ഉലുവ വെറും 'ഉലുവ'യല്ലെന്നാണ് പഴമക്കാരും പറയുന്നത്. വെറും വയറ്റില്‍ ഉലുവ വെള്ളം കുടിക്കാമോ എന്ന ആശങ്ക പലരും പങ്കുവച്ച് കാണാറുണ്ട്. എന്തൊക്കെയാണ് ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍? ഇത് തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
ഒരു രാത്രി മുഴുവന്‍ ഉലുവ വെള്ളത്തിലിട്ട് വച്ചാണ് ഉലുവ വെള്ളം തയ്യാറാക്കുന്നത്. ഇതിനായി രണ്ട് ടീസ്പൂണ്‍ ഉലുവ അര ലീറ്റര്‍ വെള്ളത്തില്‍ കുറഞ്ഞത് എട്ടുമണിക്കൂര്‍ നേരമെങ്കിലും കുതിര്‍ത്ത് വയ്ക്കണം. രാത്രി കിടക്കുന്നതിന് മുന്‍പ് ഉലുവ വെള്ളത്തിലിടുന്നതാണ് ഉത്തമം. ദീര്‍ഘനേരം വെള്ളത്തില്‍ കിടക്കുന്നതോടെ ഉലുവയിലുള്ള ബയോ ആക്ടീവ് ഘടകങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ഫൈബറുകളും ഫ്ലവനോയിഡുകളും അല്‍ക്കലോയിഡുകളും സപ്പോണിനുകളും വെള്ളത്തിലേക്ക് അലിഞ്ഞു ചേരും. ഇവ ചേര്‍ന്ന വെള്ളം ഉലുവയുടെ ഗുണങ്ങളടങ്ങിയതാവുമെന്ന് സാരം.
തയ്യാറാക്കിയെടുത്ത ഉലുവ വെള്ളം നേരിട്ട് കുടിക്കുകയോ ഔഷധച്ചായ ആക്കി മാറ്റുകയോ സ്മൂതികള്‍ക്കൊപ്പമോ കഴിക്കാവുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
വെയ്റ്റ്ലോസ്: ശരീരഭാരം കുറയ്ക്കുന്നതിന് ഉലുവ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഉലുവ ഉള്ളിലെത്തിക്കഴിഞ്ഞാല്‍ വയറു നിറഞ്ഞ തോന്നലാണ് ഉണ്ടാവുക. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ഉലുവ വെള്ളം ത്വരിതപ്പെടുത്തുകയും അനാവശ്യമായുള്ള കാലറി എരിച്ചു കളയാന്‍ സഹായിക്കുകയും ചെയ്യുന്നു.
ദഹനത്തെ സഹായിക്കുന്നു: ഉലുവയിലടങ്ങിയിരിക്കുന്ന നാരുകള്‍ മലബന്ധത്തെ ഇല്ലാതാക്കുകയും കൃത്യമായ ശോധനയെ സഹായിക്കുകയും ചെയ്യുന്നു. മുലയൂട്ടുന്ന അമ്മമാരില്‍ പാല്‍ വര്‍ധനയ്ക്കും ഉലുവ വെള്ളം സഹായിക്കുന്നു.
രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു: ഉലുവ വെള്ളത്തിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ വയറ്റിലേക്ക് പഞ്ചസാര ആഗീരണം ചെയ്യപ്പെടുന്നത് തടയുന്നു. ഇതുവഴി രക്തസമ്മര്‍ദം ക്രമീകരിക്കപ്പെടുകയും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം: ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ ഉലുവ നല്ലതാണ്. ഇതിനൊപ്പം ട്രൈഗ്ലിസറൈഡ് കൂടി കുറയ്ക്കുന്നതോടെ ഹൃദയാരോഗ്യം മെച്ചപ്പെടുന്നു.
സന്ധികളെ ബലപ്പെടുത്തുന്നു: ശരീരത്തിലെ നീരിനെ വലിച്ചെടുക്കാന്‍ ഉലുവയ്ക്ക് സവിശേഷമായ കഴിവുണ്ട്. സന്ധിവേദനകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമെ ഉലുവയിലടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ത്വക്കിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുണ്ട്. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് വലിയൊരു പരിഹാരം കൂടിയാണ് ഉലുവ. ആര്‍ത്തവചക്രം ക്രമപ്പെടുത്തുന്നതിനും ആര്‍ത്തവ സമയത്തെ വേദന ലഘൂകരിക്കുന്നതിനും ഉലുവ വെള്ളം സഹായിക്കും.
തലമുടി കൊഴിയുന്നുവെന്ന് പരാതിപ്പെടാത്തവരുണ്ടാവില്ല. തലമുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും മികച്ച പ്രതിരോധം കൂടിയാണ് ഉലുവ. മുടിയിഴകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം തലമുടിക്കാവശ്യമായ പ്രോട്ടിന്‍, ഇരുമ്പ് എന്നിവയും ഉലുവ പ്രദാനം ചെയ്യുന്നു. മുടിക്ക് കരുത്ത് നല്‍കുന്നതിനൊപ്പം പൊട്ടിപ്പോകുന്നതും തടയും.