ആരോഗ്യകരമായ ഭക്ഷണരീതി പിന്‍തുടരുക എന്നത് മനുഷ്യന് ആരോഗ്യത്തോടെ ഇരിക്കാന്‍ പരമപ്രധാനമായ കാര്യമാണ് . ആഹാരരീതിയിലുണ്ടാകുന്ന മാറ്റങ്ങളും മോശം പ്രവണതകളും ആരോഗ്യത്തെയും ദൈനംദിന ജീവിതത്തേയും ബാധിക്കുമെന്നതും സംശയമില്ലാത്ത കാര്യമാണ്. ശരീരവും മനസും ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ പ്രത്യേക കരുതല്‍ അനിവാര്യമാണ്. ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെയേ നമ്മുടെ ഹൃദയത്തെയും പൂര്‍ണാരോഗ്യത്തോടെ നിലനിര്‍ത്താനാവുകയുള്ളൂ.

ഹൃദയം ഒന്നു പണിമുടക്കിയാലോ താളം തെറ്റി പ്രവര്‍ത്തിച്ചാലോ ഉണ്ടാകുന്ന പ്രത്യാഘാതം വളരെ വലുതാണ്. അതുകൊണ്ടുതന്നെ കൃത്യമായ ആഹാരരീതി ഹൃദയാരോഗ്യത്തെയും മെച്ചപ്പെടുത്തും. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ പറ്റിയ എട്ട് ഭക്ഷണത്തെക്കുറിച്ച് അറിയാം..

1. പച്ചില വര്‍ഗങ്ങള്‍

വൈറ്റമിന്‍ കെയുടെ കലവറയാണ് ഇലവര്‍ഗങ്ങള്‍. ഹൃദയധമനികളുടെ തനതായ പ്രവര്‍ത്തനത്തിനും രക്തം കട്ടപിടിക്കുന്ന പ്രവര്‍ത്തനത്തിനും അത്യന്താപേക്ഷിതമാണ് ഇവ. ഹൃദയതാളത്തിന് ഊര്‍ജമേകുന്ന ആന്റി ഓക്സിഡന്റ്, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇവ.ചീര, മുരിങ്ങയില, ലെറ്റ്യൂസ് എന്നിവ ഇക്കൂട്ടത്തില്‍ പ്രധാനമാണ്.

2. അവൊക്കാഡോ

നല്ല കൊഴുപ്പടങ്ങിയ അവൊക്കാഡോ സസ്യാഹാരികള്‍ നിര്‍ബന്ധമായും കഴിക്കേണ്ട പഴമാണ്. സാധാരണ രീതിയില്‍ സസ്യാഹാരികള്‍ക്ക് ശരീരത്തിനാവശ്യമായ നല്ല കൊഴുപ്പ് കിട്ടുക ദുഷ്കരമാണ്. ഈ കുറവ് പരിഹരിക്കാന്‍ അവക്കാഡോ അത്യുത്തമമാണ്.

3. തക്കാളി

ഇന്ത്യന്‍ അടുക്കളയില്‍ ഭക്ഷണവിഭവങ്ങളില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തതാണ് തക്കാളി. ഏതാണ്ട് എല്ലാവിധ കറികളിലെയും രുചിക്കൂട്ടുകളില്‍ തക്കാളിക്ക് പ്രധാന റോളുണ്ട്. ഹൃദയാരോഗ്യത്തിനായി തക്കാളി നല്‍കുന്ന പോഷകഗുണങ്ങള്‍ ചെറുതല്ലെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശരീരത്തെ ഡീട്ടോക്സിഫൈ ചെയ്യുന്ന ലൈകോപീന്‍ എന്ന ഘടകം തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാനും അനിവാര്യമാണ്.

4. ബെറി പഴങ്ങള്‍

തക്കാളി പോലെതന്നെ ആന്റി ഓക്സിഡന്റുകളുടെ ശേഖരമാണ് ബെറിപഴങ്ങളിലുള്ളത്. ഇന്‍ഫ്ലമേഷനുകളില്‍ നിന്നും സമ്മര്‍ദങ്ങളില്‍ നിന്നും ഹൃദയത്തെ സംരക്ഷിക്കുന്ന ആന്തോ സയനിന്‍സ് ഉള്‍പ്പെടെയുള്ള ആന്റി ഓക്സിഡന്റുകള്‍ ബെറി പഴങ്ങളില്‍ സുലഭമായുണ്ട്. ഹൃദയസ്തംഭനം, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊറോണറി ആര്‍ട്ടെറി സംബന്ധിച്ച പ്രശ്നങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം ഹൃദയത്തെ സംരക്ഷിക്കാന്‍ ബെറി പഴങ്ങള്‍ക്ക് സാധിക്കും.

5. ഒലിവ് ഓയില്‍

പാചകത്തിന് അനുയോജ്യമായ എണ്ണയാണ് ഒലീവ് ഓയില്‍. ആന്റി ഓക്സിഡന്റ് സമ്പുഷ്ടമായ ഒലീവ് ഓയില്‍ ഹൃദയത്തെ തകര്‍ക്കുന്ന ഗുരുതരമായ രോഗങ്ങളില്‍ നിന്നെല്ലാം സംരക്ഷണമേകും. അവൊക്കാഡോ പോലെ നല്ല കൊഴുപ്പുകളാലും സമ്പന്നമാണ് ഒലീവ് ഓയില്‍. ഹൃദയത്തിന് ഊര്‍ജമേകുന്ന പോഷകങ്ങളുടെ കേന്ദ്രം കൂടിയാണിത്.

6. വാള്‍നട്ട്സ്

സസ്യാഹാരികള്‍ക്ക് ശരീരത്തിനാവശ്യമായ നല്ല കൊഴുപ്പ് പ്രദാനം ചെയ്യുന്നതില്‍ വാള്‍നട്ട്സിന്റെ പങ്ക് വളരെ വലുതാണ്. മൈക്രോ ന്യൂട്രിയന്റ്സ് വിഭാഗത്തില്‍പ്പെടുന്ന മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം, ഫൈബര്‍ സമ്പന്നമാണ് വാള്‍നട്സ്. ഹൃദയതാളം തെറ്റിക്കുന്ന എല്ലാ രോഗങ്ങളെയും ചെറുത്തുനില്‍ക്കാന്‍ പര്യാപ്തമാണ് വാള്‍നട്ടുകള്‍.

7. ആപ്പിള്‍

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതില്‍ ആപ്പിളിനുള്ളത് മുഖ്യറോളാണ്. ആന്റി ഓക്സിഡന്റ് ഫ്ലവനോയിഡുകളായ എപ്പിക്കാറ്റ്ചിന്‍, ക്വേര്‍സെറ്റിന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ആപ്പിള്‍. ഡയറ്റ് നോക്കുന്നവര്‍ക്കും സ്ഥിരമായി ഉപയോഗിക്കാവുന്ന പഴം കൂടിയാണ് ആപ്പിള്‍.

8. ചിയാ സീഡും ഫ്ലാക്സ് സീഡും

ഫൈബറുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും നിറഞ്ഞതാണ് ചിയാ സീഡ്‌സ്, ഫ്ലാക്സ് സീഡ്‌സ് മുതലായവ. അമിതമായ രക്തസമ്മര്‍ദം കുറച്ച് ചീത്ത കൊളസ്‌ട്രോ‌ളിനെ നശിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഇവയുടെ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഹൃദയാരോഗ്യവും നല്ല ഭക്ഷണരീതിയും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ വളരെ കരുതലോടെ തന്നെ ഹൃദയം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പുതിയകാലത്തും കൂടിവരികയാണ്.

Eight healthy vegetable food for better cardiovascular health:

Story about humans heart health. It describes eight vegetable foods for better cardiovascular health.