ദഹനത്തിനും വിസർജ്യങ്ങൾ പുറന്തള്ളാനും തലച്ചോറിന്റെയും ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവർത്തനത്തിനും രക്തചംക്രമണത്തിനും തുടങ്ങി ശരീരത്തിലെ എല്ലാ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും വെള്ളം അത്യന്താപേക്ഷിതമാണ്. ദിവസവും ഏഴ് മുതൽ എട്ട് ലിറ്റർ വെള്ളം വരെ കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വെള്ളം കുടിക്കുന്നതിലൂടെ പല തരത്തിലുള്ള ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്. എന്നാല്‍ ശരിയായ രീതിയില്‍ വെള്ളം കുടിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷവും സംഭവിക്കാം. വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ....
1. ഭക്ഷണ ശേഷം വെള്ളം കുടിക്കുന്നത്
മിക്കയാളുകളും ഭക്ഷണത്തിനിടയില്‍ വെള്ളം കുടിക്കുന്നവരാണ്. പ്രത്യേകിച്ച് കുട്ടികള്‍. എന്നാല്‍ ഇങ്ങനെ വെള്ളം കുടിക്കുന്നത് ദഹനത്തെ ബാധിച്ചേക്കാം. എന്തെങ്കിലും ഭക്ഷണം ദഹിക്കാതിരിക്കുമ്പോൾ ഇത്തരത്തിൽ വെള്ളം കുടിക്കുന്നത് നെഞ്ചെരിച്ചിലും അതുപോലെ മറ്റ് അസിഡിക് പ്രശ്നങ്ങൾക്കും കാരണമാകും. അതുകൊണ്ട് ഭക്ഷണം കഴിക്കുന്നതിനിടയിലോ ഭക്ഷണം കഴിച്ച ഉടനെയോ വെള്ളം കുടിക്കുന്നത് നല്ല ശീലമല്ല. എപ്പോഴും ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുൻപോ അല്ലെങ്കിൽ ഭക്ഷണം കഴിച്ച് 60 മുതൽ 90 മിനിറ്റിന് ശേഷമോ വെള്ളം കുടിക്കുന്നതാണ് ഉത്തമം.
2. ഒറ്റ വായില്‍ വെള്ളം കുടിക്കുന്നത്
മിക്കയാളും വെള്ളം കുടിക്കുമ്പോള്‍ ചെയ്യുന്നൊരു രീതിയാണിത്. ഒറ്റയടിക്ക് ഒരു പാട് വെള്ളം കുടിക്കുകയെന്നത്. കുപ്പിയില്‍ നിന്ന് വെള്ളം കുടിക്കുമ്പോഴാണ് ഇത്തരത്തില്‍ ശ്വാസം വിടാതെ ഒരുപാട് വെള്ളം കുടിക്കുന്നത്. ഇത്തരത്തില്‍ ഒറ്റയടിക്ക് ഒരുപാട് വെള്ളം കുടിക്കുന്നത് വയറിനെ ബാധിച്ചേക്കാം. നമ്മുടെ വായിലുള്ള തുപ്പൽ ആല്‍ക്കലൈനാണ്. വയറിനുള്ളിലെ ആസിഡിറ്റിയെ നിർവീര്യമാക്കുന്നത് ഈ തുപ്പലാണ്. ഒറ്റയടിക്ക് ഒരുപാട് വെള്ളം കുടിക്കുമ്പോൾ അതിന് തുപ്പലുമായി യോജിക്കാനുള്ള സമയം കിട്ടില്ല. എപ്പോഴും സിപ്പ് സിപ്പ് ആയി വെള്ളം കുടിക്കാന്‍ ശ്രമിക്കുക.
3. തണുത്ത വെള്ളം കുടിക്കുന്നത്
ചൂട് കൂടുമ്പോള്‍ മിക്കയാളുകളും നല്ലതുപോലെ തണുത്ത വെള്ളം കുടിക്കാറുണ്ട്. എന്നാല്‍ ആയുർവേദ പ്രകാരം തണുത്ത വെള്ളം കുടിക്കുന്നത് ദഹനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്കും ഇത് കാരണമാകാറുണ്ട്. തണുത്ത വെള്ളം കുടിക്കുമ്പോൾ കൂടുതൽ ഊർജ്ജം ചിലവഴിച്ചാൽ മാത്രമേ ഈ തണുത്ത വെള്ളത്തെ ചൂടാക്കാൻ സാധിക്കൂ. ഇത് മൂലം പിന്നീട് കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാൻ ശരീരത്തിന് കഴിയാറില്ല. എപ്പോഴും മുറിയിലെ താപനിലയിലുള്ള വെള്ളം കുടിക്കാൻ മാത്രം ശ്രദ്ധിക്കുക. ദഹനം മെച്ചപ്പെടുത്താൻ ചെറു ചൂട് വെള്ളം കുടിക്കുന്നതാണ് നല്ലത്. രക്തയോട്ടം മികച്ചതാക്കാനും ഇത് സഹായിക്കും.
4. നടക്കുമ്പോഴോ ഓടുമ്പോളോ വെള്ളം കുടിക്കുന്നത്
ചിലയാളുകള്‍ എങ്കിലും നടക്കുന്നതിനിടയിലും ഓടുന്നതിനിടയിലും വെള്ളം കുടിക്കാറുണ്ട്. ഇത് ശരീരത്തിന് നല്ലതല്ല. ഇത്തരത്തിൽ വെള്ളം കുടിക്കുമ്പോള്‍ വെള്ളം നേരിട്ട് കുടലുകളിലേക്ക് പോകുന്നു. അതുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വെള്ളവും ആഗിരണം ചെയ്യാൻ സാധിക്കില്ല. ഇതുമൂലം വൃക്കയിലും മൂത്രസഞ്ചിയിലും ആവശ്യമില്ലാത്ത മാലിന്യങ്ങൾ അടിഞ്ഞ് കൂടാൻ കാരണമാകും. ശരിയായ രീതിയിൽ ഇരുന്ന് വെള്ളം കുടിക്കുന്നത് വെള്ളത്തെ ശരീരം ആഗിരണം ചെയ്യാൻ സഹായിക്കും. ഇരുന്ന് വെള്ളം കുടിക്കുന്നതാണ് നല്ലത്.