ഒരാഴ്ചക്കിടെ അതിഗുരുതരമായ മുടികൊഴിച്ചിലിനെത്തുടര്‍ന്ന് മൂന്നു ഗ്രാമവാസികള്‍ കഷണ്ടിയായി മാറിയെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലാണ് സംഭവം. ബൊര്‍ഗോണ്‍,കല്‍വാദ്, ഹിങ്ക്ന ഗ്രാമങ്ങളിലെ ജനങ്ങളിലാണ് അപൂര്‍വാവസ്ഥ കണ്ടെത്തിയത്. കീടനാശിനികള്‍ കലര്‍ന്ന് വിഷാംശമായ വെള്ളമാകാം ഈ അപൂര്‍വ മുടികൊഴിച്ചില്‍ അവസ്ഥയ്ക്ക് കാരണമെന്നാണ് ആരോഗ്യമേഖലയുടെ പ്രാഥമിക നിഗമനം.
ആരോഗ്യമേഖലയില്‍ നിന്നുള്ള വിദഗ്ധരെത്തി വെള്ളത്തിന്റെയും ഗ്രാമവാസികളുടെ തലമുടി, ത്വക്ക് സാംപിളുകളും പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേപോലെ മുടികൊഴിഞ്ഞിട്ടുണ്ട്. മുടി കൊഴിച്ചില്‍ ആരംഭിച്ചുകഴിഞ്ഞ് മൂന്നുനാലു ദിവസങ്ങള്‍ക്കുള്ളില്‍ കഷണ്ടിയെന്ന അവസ്ഥയിലേക്കാണ് ഗ്രാമവാസികള്‍ മാറിയിരിക്കുന്നത്.
തലമുടി വേരോടെ ഊര്‍ന്നുപോകുന്ന അവസഥ ഗ്രാമവാസികള്‍ ആരോഗ്യവിദഗ്ധര്‍ക്ക് കാണിച്ചുകൊടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എത്ര ദിവസത്തിനുള്ളിലാണ് മുടികൊഴിഞ്ഞ് കഷണ്ടിയെന്ന അവസ്ഥയിലേക്ക് എത്തിയതെന്നും ഗ്രാമവാസികള്‍ വിശദീകരിക്കുന്നുണ്ട്. ജില്ലയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരെല്ലാം ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു.
50പേരിലാണ് നിലവില്‍ ഈ അപൂര്‍വ മുടികൊഴിച്ചില്‍ അവസ്ഥയും കഷണ്ടിയും കണ്ടെത്തിയതെന്നും ഈ എണ്ണം കൂടാനുള്ള സാധ്യത നിലവിലുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ജലമലിനീകരണത്താല്‍ ത്വക്കിലും മുടിയിലുമുണ്ടായ പ്രത്യേക അവസ്ഥയാവാനാണ് സാധ്യതയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പരിശോധനാ റിപ്പോര്‍ട്ട് വരുന്നതുവരെ ആരോഗ്യകാര്യത്തില്‍ ജാഗ്രത കാണിക്കണമെന്ന് ഗ്രാമവാസികളോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഷെഗോണ്‍ ഹെല്‍ത് ഓഫീസര്‍ ഡോക്ടര്‍ ദീപാലി രഹോകറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.